മധു വി മാടായി.
കൊത്തങ്കല്ലാടിയ ബാല്യ കുതൂഹലം
മാഞ്ചോട്ടിലിന്ന് ഊഞ്ഞാലിലാടുമ്പോൾ
ഒരു കുയിൽ മൊഴി കേട്ടെൻ മാനസനിളയിൽ
ഓളങ്ങളിളകുന്നുവല്ലൊ !
ഓടി നടന്നൊരാ വയൽ വരമ്പും
പൂ തേടിപ്പോയൊരാ മമ്പാലക്കുന്നും
മുങ്ങി നീരാടിയ ജൂതക്കുളവും
ഓർമ്മയിൽ പുളകമായ് പൂത്തു നില്പു !
വെയിൽ ചാഞ്ഞ വേളയിൽ കൂട്ടുകാരോടൊത്ത്
കാൽപന്തു തട്ടിക്കളിച്ചൊരാക്കാലം
തെയ്യങ്ങൾ തിറയാടും കാവു മുറ്റത്തെ
ഉറക്കമില്ലാത്തൊരാ രാത്രികളും
ഇന്നും കണിമലർ കൊന്നകളായെന്റെ
മനസ്സിൽ കണിയായ് നിറഞ്ഞു നില്പു !
കൊയ്ത്തു കഴിഞ്ഞൊരാ കണ്ടങ്ങളിൽ
നട്ടുനനച്ചൊരാ വെള്ളരിവള്ളികൾ
പൂത്തു കായ്ച്ചതും കണി വെള്ളരിയായ്
കണ്ണന്റെ തിരുമുമ്പിൽ നിരന്നു നില്പു !