പി.പി. ചെറിയന്‍.
ഫ്ളോറിഡാ: 1825.20 ഡോളര്‍ വിലമതിക്കുന്ന ഇലക്ട്രോണിക്ക്സ് സാധനങ്ങള്‍ 3.70 ഡോളറിന് വാങ്ങാന്‍ ശ്രമിച്ച ആംബര്‍ വെസ്റ്റ് എന്ന 25 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.
കംപ്യൂട്ടര്‍ ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ തിരഞ്ഞെടുത്തതിന് ശേഷം ക്ലിയറിംഗ് വില്‍പനയ്ക്ക് വെച്ചിരുന്ന സാധനങ്ങളുടെ സ്റ്റിക്കര്‍ പറിച്ചെടുത്ത് വിലകൂടിയ സാധനങ്ങളുടെ സ്റ്റിക്കറിന് മുകളില്‍ പതിച്ചാണ് യുവതി തട്ടിപ്പിന് ശ്രമിച്ചത.് ഫ്ളോറിഡാ ലോക്കല്‍ വാള്‍മാര്‍ട്ടില്‍ വാരാന്ത്യമായിരുന്നു സംഭവം. സെല്‍ഫ് ചെക്കൗട്ടില്‍ എത്തി സാധനങ്ങള്‍ സ്കാന്‍ ചെയ്ത് ബാഗില്‍ വെക്കുന്നതിനിടെ സംശയം തോന്നിയാണ് ഇവരെ പിടികൂടിയത്.
മകന് ഗിഫ്റ്റ് നല്‍കുന്നതിന് ആവശ്യമായ പണം ഇല്ലാത്തതിനാലാണ് ഇതിന് ശ്രമിച്ചതെന്നും, കംപ്യൂട്ടര്‍ ഭര്‍ത്താവിന് വേണ്ടിയായിരുന്നുവെന്നും ഇവര്‍ പോലീസിനോട് കുറ്റസമ്മതം നടത്തി. ഷോപ്പില്‍ നിന്നും സാധനങ്ങള്‍ കടത്തി കൊണ്ടുപോകാന്‍ ശ്രമിച്ചതിനും കളവ് നടത്തിയതിനും ഇവര്‍ക്കെതിരെ കേസ്സെടുത്തതായി റിവര്‍ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. തുടര്‍ന്ന് ജയിലിലടച്ച ഇവരെ 3000 ഡോളര്‍ ജാമ്യത്തില്‍ വിട്ടു.കേസ്സ് ഡിസംബര്‍ 13 ന് വാദം കേള്‍ക്കുന്നതിനായി മാറ്റി വച്ചു.