Friday, November 22, 2024
HomeAmericaഅവയവദാനത്തിലൂടെ ബോണി അബ്രഹാം അമര്‍ത്യതയിലേക്ക്.

അവയവദാനത്തിലൂടെ ബോണി അബ്രഹാം അമര്‍ത്യതയിലേക്ക്.

അവയവദാനത്തിലൂടെ ബോണി അബ്രഹാം അമര്‍ത്യതയിലേക്ക്.

പി.പി. ചെറിയാന്‍.
ഡാളസ്സ്: ആയുസ്സിന്റെ പാതിവഴിയില്‍ ജീവിതം ഉപേക്ഷിക്കേണ്ടിവന്നെങ്കിലും ഏതു നിമിഷവും മരണം പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന ഏഴ് പേര്‍ക്ക് ജീവന്റെ പുത്തന്‍ തുടിപ്പുകള്‍ സമ്മാനിച്ചുകൊണ്ടാണ് ബോണി അബ്രഹാം നിത്യതയിലേക്ക് പ്രവേശിച്ചതെന്ന് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് (ഫാര്‍മേഴ്സ് ബ്രാഞ്ച്) വികാരി റവ. സജി പി സി അച്ചന്‍ അനുസ്മരിച്ചു.
രണ്ട് മാസങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ നിന്നാണ് മാതാപിതാക്കളോടൊപ്പം ബോണി ഡാളസ്സില്‍ ഇമ്മിഗ്രന്റ് വിസയില്‍ എത്തിയത്. ബിരുദധാരിയായ ബോണി അടുത്ത വര്‍ഷം മാസ്റ്റര്‍ ബിരുദത്തിനുള്ള പ്രവേശനം പ്രതീക്ഷിച്ചു കഴിയുന്നതിനിടയിലാണ് എല്ലാവരേയും കണ്ണീരിലാഴ്ത്തി അപ്രതീക്ഷിതമായി താല്‍ക്കാലിക ജീവിതത്തോട് വിട പറഞ്ഞത്.ഡാളസ്സില്‍ പിതാവിന്റെ സഹോദരി കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ബോണി ഹൂസ്റ്റണിലുള്ള മാതൃ സഹോദരിയെ സന്ദര്‍ശിച്ചു നടങ്ങി വരുന്നതിനിടെ വഴിയില്‍ വെച്ച് പെട്ടന്നുണ്ടായ അസുഖത്തെ തുടര്‍ന്ന അടിയന്തിരമായി പാര്‍ക്ക് ലാന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇതിനിടയില്‍ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
ഓമനിച്ച് വളര്‍ത്തി വലുതാക്കിയ ഏക മകന്റെ മരണത്തില്‍ സമചിത്തത വിടാതെ ചുറ്റും കൂടിയിരുന്നവരുമായി ചര്‍ച്ച ചെയ്ത ശേഷം ബോണിയുടെ പിതാവ് ഇപ്രകാരമാണ് പ്രതികരിച്ചത്.’ഇരുപത്തിയാറ് വര്‍ഷം മാത്രമാണ് എന്റെ മകന് ജീവിക്കുവാനായി ദൈവം അവസരം നല്‍കിയത്. എനിക്കതില്‍ പരിഭവമോ, പരാതിയോ ഇല്ല. എന്നാല്‍ മരണശേഷവും ഞങ്ങളുടെ മകന്‍ ജീവിക്കണം. ബോണിയുടെ അവയവ ദാന സമ്മത പത്രത്തില്‍ തികഞ്ഞ സംത്ൃപ്തിയോടും നിശ്ചയ ദാര്‍ഡ്യത്തോടും ഞങ്ങള്‍ ഒപ്പിട്ടു നല്‍കുകയാണ്’.
പിതാവിന്റെ അപ്രതീക്ഷിതമായ വാക്കുകള്‍ ഡോക്ടര്‍മാരെ പോലും അത്ഭുതപ്പെടുത്തി. ബോണിയുടെ ശരീരത്തില്‍ നിന്നും വേര്‍പ്പെടുത്തിയെടുത്ത ഏഴ് പ്രധാന അവയവ ഭാഗങ്ങള്‍ പ്രതീക്ഷകള്‍ക്ക് ഭംഗം സംഭവിച്ചു മരണത്തെ മുഖാമുഖമായി കണ്ടുകൊണ്ടിരുന്ന ഏഴ് മനുഷ്യ ജീവിതങ്ങളെയാണ് വീണ്ടും പ്രതീക്ഷകുടെ ചിറകിലേറാന്‍ സഹായിച്ചത്.
നവംബര്‍ 7 ചൊവ്വ ഡാളസ് മാര്‍ത്തോമാ ചര്‍ച്ചില്‍ നടന്ന ആദ്യ ഭാഗ സംസ്ക്കാര ശുശ്രൂഷക്ക് നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനാധിപന്‍ റൈറ്റ് റവ ഡോ ഐസക്ക് മാര്‍ ഫിലക്സിനിയോസ് മുഖ്യ കാര്‍മ്മികത്വവും, ഡാളസ്സിലെ വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് എത്തിയിരുന്ന വൈദികസഹകാര്‍മ്മികത്വവും വഹിച്ചു.ശുശ്രൂഷകള്‍ക്ക് ശേഷം ബോംബെയില്‍ ആയിരുന്നപ്പോള്‍ ബോണിയുടെ മാതാപിതാക്കളും, കുടുംബാംഗങ്ങളുമായി അഭിവന്ദ്യ തിരുമേനിക്കുണ്ടായ ഹൃദ്യമായ സ്നേഹ ബന്ധത്തിന്റെ സ്മരണകള്‍ ഹൃദയാന്തര്‍ ഭാഗത്തു നിന്നും തേങ്ങലുകളായി ഉയര്‍ന്നത് കൂടിയിരുന്നവരുടെ കണ്ണുകളെ ജലാശയങ്ങളാക്കി മാറ്റി.
ടെക്സസിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്തിമോപചാരം അര്‍പ്പിക്കുന്നതിന് എത്തിച്ര്#ന്നവര്‍ ബോണിയുടെ മൃതദേഹത്തിന് മുമ്പിലൂടെ കടന്നു പോയത് ഈ നിറഞ്ഞ നയനങ്ങളോടെയാണ്.പൂര്‍ണ്ണമായും വിടരും മുമ്പെ അറുത്തെടുക്കപ്പെട്ട ബോണിയുടെ ജീവന്റെ തുടിപ്പുകള്‍ അനശ്വരമാക്കി നിലനില്‍ക്കുന്ന മാതാപിതാക്കള്‍ പ്രകടിപ്പിച്ച താല്‍പര്യം അനുകരണീയവും അഭിനന്ദനാര്‍ഹവുമാണ്.ഒരു പുരുഷായുസ്സില്‍ പോലും അപ്രാപ്യമായ പുണ്യ പ്രവര്‍ത്തി ഇരുരത്തിയാറ് ലര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് കേരളത്തിന്റെ മണ്ണില്‍ അലിഞ്ഞ് ചേര്‍ന്ന ബോണിയുടെ നന്മ നിറഞ്ഞ ജീവിതത്തിന് മുമ്പില്‍ ശിരസ്സ് നമിക്കുന്നു.23
RELATED ARTICLES

Most Popular

Recent Comments