ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: കര്‍ഷക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സെക്രട്ടറിയേറ്റ് കെട്ടിടത്തിനു മുകളില്‍ നിന്നും കര്‍ഷകന്റെ ആത്മഹത്യാ ഭീഷണി. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള ധ്യാനേശ്വര്‍ സാല്‍വേ എന്ന കര്‍ഷകന്‍ സെക്രട്ടറിയേറ്റ് കെട്ടിടത്തിനു മുകളില്‍ കയറിയത്.
കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മികച്ച വില ഉറപ്പാക്കുമെന്നുള്ള സര്‍ക്കാര്‍ വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടില്ലെന്ന് ആരോപിച്ചാണ് ആത്മഹത്യ ഭീഷണി മുഴക്കി ഇയാള്‍ കെട്ടിടത്തിനു മുകളില്‍ കയറിയത്. നൂറുകണക്കിന് ആളുകളും ഉദ്യോഗസ്ഥരും നോക്കിനില്‍ക്കെയായിരുന്നു സാല്‍വേയുടെ ഭീഷണി. ഒടുവില്‍ രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് സാല്‍വേയെ താഴെയിറക്കിയത്.
കര്‍ഷകരെ പിന്തുണച്ചു കൊണ്ട് ഉത്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കുന്നതിനുള്ള സ്വാമിനാഥന്‍ കമ്മീഷനിലെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സാല്‍വേ സംസ്ഥാന കൃഷി മന്ത്രി പാണ്ഡുരംഗ് ഫുണ്ട്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്കൊടുവിലാണ് ആത്മഹത്യ ഭീഷണി മുഴക്കി സാല്‍വേ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ കയറിയത്. ഭീഷണിയെ തുടര്‍ന്ന് സാല്‍വേയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് കൃഷി മന്ത്രി ഉറപ്പ് നല്‍കി.
എന്നാല്‍ മന്ത്രിയുടെ ഉറപ്പ് രേഖാമൂലം എഴുതി തരണമെന്നും അല്ലാത്തപക്ഷം താഴെയിറങ്ങാതെ ജീവനെടുക്കുമെന്നുമായിരുന്നു സാല്‍വേയുടെ ഭീഷണി.
ഒടുവില്‍ വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്ഡേയും ആഭ്യന്തര മന്ത്രി രഞ്ജിത്ത് പട്ടീലും മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കുചേര്‍ന്നു. സാല്‍വേയുടെ ആവശ്യങ്ങള്‍ ഉടന്‍തന്നെ അംഗീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതോടെ താഴെയിറങ്ങാമെന്ന് സാല്‍വേ സമ്മതിക്കുകയായിരുന്നു.