ബീന ഇർഷാദ്.
കണ്ണൂർ- ഗെയിൽ വികസനമല്ല, വിനാശമാണ് എന്ന മുദ്രാവാക്യമുയർത്തി വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡന്റ് ജബീന ഇർഷാദ് ഡിസംബർ 9, 10 തീയതികളിൽ നടത്തുന്ന ജനസുരക്ഷാ യാത്രയുടെ പ്രഖ്യാപന സമ്മേളനത്തിന് കണ്ണൂർ കുടുക്കിമൊട്ട ബസാറിൽ അനുവദിച്ച മൈക്ക് പെർമിഷൻ പോലീസ് നിഷേധിക്കുകയും സ്‌റ്റേജും ബാനറും നശിപ്പിക്കുകയും ചെയ്തു. നഗരിയിൽ സ്ഥാപിച്ച സൗണ്ട് സിസ്റ്റം എടുത്തു മാറ്റി പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്ന് വെൽഫെയർ നേതാക്കൾ പറഞ്ഞു.
രാഷ്ട്രീയ പൊതുയോഗത്തിന് അനുമതിയുണ്ടായിരിക്കെ ഗെയിൽ പദ്ധതിയെക്കുറിച്ച് ഒന്നും പറയാൻ പാടില്ല എന്ന് പറഞ്ഞ് പോലീസ് അധികൃതർ നടത്തിയ നടപടികൾ അത്യന്തം ജനാധിപത്യ വിരുദ്ധമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും ഗെയിൽ വിരുദ്ധ സമര നായകനുമായ എം.ഐ. റഷീദ് മാസ്റ്റർ പറഞ്ഞു. അനുമതി നിഷേധിക്കപ്പെട്ട സമ്മേളന നഗരിയിൽ സംഘടിപ്പിച്ച പ്രതിഷേധ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിലേറും മുമ്പ് ഗെയിലിനെതിരെ പ്രക്ഷോഭം നടത്തിയ സി.പി.എം അധികാരത്തിലേറിയ ശേഷം ഗെയിലിന്റെ വക്താക്കളായി മാറുന്നതാണ് കാണുന്നതെന്ന് സി.പി.എമ്മിന്റെ ഗെയിൽ വിരുദ്ധ പോസ്റ്റർ വേദിയിൽ ഉയർത്തിക്കാട്ടി റഷീദ് മാസ്റ്റർ പറഞ്ഞു.
യാത്രാ ലീഡർ ജബീന ഇർഷാദിന് അദ്ദേഹം സമര പതാക കൈമാറി. ജബീന ഇർഷാദ് മുഖ്യ പ്രഭാഷണം നടത്തി.
ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് എം. ഖദീജ, ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ മാടായി, എഫ്.ഐ.ടി.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എ. അഹമ്മദ് കുഞ്ഞി, പുറവൂർ സമര സമിതി ചെയർമാൻ അഹ്മദ് പാറക്കൽ, ഗെയിൽ വിക്ടിംസ് ഫോറം ജില്ലാ ജനറൽ കൺവീനർ യു.കെ. സെയ്ദ്, വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയംഗം സി.കെ. മുനവ്വിർ തുടങ്ങിയവർ സംസാരിച്ചു. അറസ്റ്റ് വരിച്ച പുറവൂർ സമര സമിതി നേതാക്കൾക്ക് സ്വീകരണം നൽകി. കാഞ്ഞിരോട് ബസാറിൽനിന്ന് ആരംഭിച്ച പ്രതിഷേധ റാലിക്ക് വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റുമാരായ സൈനുദ്ദീൻ കരിവെള്ളൂർ, ചന്ദ്രൻ മാസ്റ്റർ, ജില്ലാ സെക്രട്ടറിമാരായ സി. ഇംതിയാസ്, ബെന്നി ഫെർണാണ്ടസ്, ഷാഹിന ലത്തീഫ്, സാജിദ സജീർ, ത്രേസ്യാമ്മ, വി.കെ. റസാഖ്, എം. അബ്ദുല്ല എന്നിവർ നേതൃത്വം നൽകി.