ജോണ്‍സണ്‍ ചെറിയാന്‍.
ഇടുക്കി: പെരുമഴയത്ത് കായികമേള നടത്തിയ സംഘാടകര്‍ക്ക് മന്ത്രി എം.എം മണിയുടെ വക ശകാരവര്‍ഷം. പെരുമഴയത്ത് ഇടുക്കി റവന്യു ജില്ലാ കായികമേള നടത്താനുള്ള അധികൃതരുടെ നീക്കമാണ് ഉദ്ഘാടകനായ മന്ത്രിയുടെ കടുത്ത വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്.
മറ്റു രാജ്യങ്ങള്‍ കായികമേളകളില്‍ സ്വര്‍ണം വാരിക്കൂട്ടുമ്ബോള്‍ ഇന്ത്യ പുറകിലായിപ്പോകുന്നത് ഇതുകൊണ്ടാണെന്നും, മഴ പെയ്തു പഴച്ചാറു പോലെയായ ഗ്രൗണ്ടില്‍ കുട്ടികള്‍ എങ്ങനെ ഓടാനാണെന്ന് മന്ത്രി ചോദിച്ചു. ‘ക്യൂബയും ആഫ്രിക്കന്‍ രാജ്യങ്ങളും കായികമേളകളില്‍ സ്വര്‍ണം വാരിക്കൂട്ടുമ്ബോള്‍ ഇന്ത്യ വളരെ പുറകിലാണ്. ആകെ കിട്ടുന്നതെന്നാ, വല്ലപ്പോഴും ഒരു വെങ്കലം.
ഇരുമ്ബ് ഇല്ലാത്തതുകൊണ്ട് ഇരുമ്ബ് കിട്ടുന്നില്ല. ഇന്ത്യന്‍ കായികമേഖലയില്‍ മുഴുവന്‍ നിക്ഷിപ്ത താല്‍പര്യക്കാരാണ്. ക്രിക്കറ്റില്‍ നമുക്ക് ഒരു പയ്യന്‍ ഉണ്ടായിരുന്നു, അവന്‍ കുറച്ച് അഹങ്കാരിയാണെങ്കിലും കോടതി പറഞ്ഞിട്ടും മാന്യമായ സ്ഥാനം കൊടുത്തില്ല. നിക്ഷിപ്ത താല്‍പര്യക്കാരുടെ ഇടപെടല്‍ മൂലം പിന്തള്ളപ്പെട്ടു – എം.എം. മണി പറഞ്ഞു.
നോട്ടീസില്‍ പേരുണ്ടായിട്ടും വേദിയില്‍ കാണാത്തവര്‍ക്കും കിട്ടി മന്ത്രിയുടെ വിമര്‍ശനം. ‘നോട്ടിസിലുള്ള ആളുകളുടെയെല്ലാം പേര് വായിച്ച് നാക്ക് ഉളുക്കിപ്പോയി. എന്നിട്ട് അവരെയാരെയും ഇവിടെ കാണുന്നുമില്ല. വരുമെന്ന് ഉറപ്പുള്ള ആളുകളുടെ പേര് വച്ചാല്‍പ്പോരെ, രാഷ്ട്രീയക്കാരെല്ലാം വെറും വായ്നോക്കികളാണെന്നാണ് ചില ഉദ്യോഗസ്ഥരുടെ വിചാരം’-മന്ത്രി പറഞ്ഞു.