ജോണ്‍സണ്‍ ചെറിയാന്‍.
ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ മോഷണം പോയ കാര്‍ ഗാസിയാബാദില്‍ നിന്നും കണ്ടെത്തി. ദില്ലി സെക്രട്ടറിയേറ്റിന് പുറത്ത് നിര്‍ത്തിയിട്ടിരിക്കവെയാണ് കെജ്രിവാളിന്റെ പ്രശസ്തമായ ബ്ലൂ മാരുതി വാഗണര്‍ കാര്‍ കാണാതായത്.
കാര്‍ നഷ്ടമായ സാഹചര്യത്തില്‍ ദില്ലി ഗവര്‍ണര്‍ അനില്‍ ബൈജാലിന് ദില്ലിയിലെ ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കെജരിവാള്‍ കത്തയച്ചിരുന്നു. ‘എന്റെ കാര്‍ കാണാതായത് അത്ര വലിയ വിഷയമൊന്നുമല്ല. എന്നാല്‍ സെക്രട്ടറിയേറ്റിന്റെ മുന്നില്‍ നിന്നും കാര്‍ മോഷണം പോയി എന്നു പറഞ്ഞാല്‍ അത് ദില്ലിയിലെ ക്രമസമാധാന പ്രശ്നങ്ങളാണ് ചൂണ്ടിക്കാട്ടുന്നതെന്ന്’ കെജ്രിവാള്‍ പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു കാര്‍ മോഷണം പോയത്. മോഷണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും അതില്‍ വ്യക്തത കുറവായിരുന്നു. പൊലീസിന്റെയും ആംആദ്മി പ്രവര്‍ത്തകരുടെയും അന്വേഷണത്തിനൊടുവിലാണ് കാര്‍ കണ്ടെത്തിയത്.
കെജരിവാളിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒപ്പമുണ്ടായിരുന്ന കാറായിരുന്നു ബ്ലൂ വാഗണര്‍. മുഖ്യമന്ത്രിയായതിനുശേഷം ആഡംബരം ഒഴിവാക്കുന്നതിനായി കെജ്രിവാള്‍ ഉപയോഗിച്ചിരുന്നത് ഈ കാറായിരുന്നു. അതേസമയം, മോഷണം പോയ കാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ആം ആദ്മി പാര്‍ട്ടിയുടെ യുവജന നേതാവും മാധ്യമ കോര്‍ഡിനേറ്ററുമായ വന്ദന സിംഗാണ്.
ദില്ലിയില്‍ അടുത്തിടെയായി വാഹന മോഷണങ്ങളില്‍ വന്‍വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ശരാശരി 112 വാഹനങ്ങളാണ് ദില്ലിയില്‍ ഒരു ദിവസം മോഷണം പോകുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ 30000 വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ഇത്തരത്തില്‍ നഷ്ടപ്പെട്ടതില്‍ പത്ത് ശതമാനത്തില്‍ താഴെ മാത്രം വാഹനങ്ങളാണ് കണ്ടെത്താന്‍ സാധിച്ചത് എന്നതും മറ്റൊരു വസ്തുതയാണ്.