സിബി നേടുംചിറ.
‘മായക്കുട്ടിയെ കുട്ടികളുമായി അധികം നേരം പുഴക്കടവില്‍ നില്‍ക്കണ്ട ട്ടോ’
‘പായല്‍ മൂടിക്കിടക്കുന്നതുകൊണ്ട് നിറയെ കൊതുകാണ്’
‘ഒഴുക്കില്ലാത്തതുകൊണ്ട് വെള്ളവും മോശമായിരിക്കുന്നു’
‘സായിപ്പിന്‍റെ നാട്ടില്‍ വളര്‍ന്ന കുട്ടികളല്ലേ’
‘നാടൊക്കെ പിടിച്ചുവരാന്‍ സമയം പിടിക്കും’
‘വന്നിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ അതിനിടക്ക് നിന്‍റെ കുട്ടികളുടെ ശരീരം കൊതുക് കടിച്ചു പൊട്ടിയിരിക്കുന്നു’
‘മാത്രമല്ല നാട് മൊത്തം ഡെങ്കിപ്പനിയും പടര്‍ന്നു പിടിച്ചിരിക്കുന്നു’
‘രോഗം ബാധിച്ച് കുറേ പേര്‍ മരിച്ചത്രേ….’
‘ആ കടത്തുകാരന്‍ രാഘവന്‍ നിന്‍റെ വിശേഷങ്ങള്‍ എപ്പോഴും ചോദിക്കും,’
‘തീര്‍ത്തും വയ്യ അയാള്‍ക്ക്’
‘എന്നാലും അടങ്ങിയിരിക്കൂല’
‘തന്നാലാകും വിധം എന്തങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കും,’
‘ഒരു ചെക്കനുള്ളത് ഏതോ രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി കൊടിയും പിടിച്ചു നടക്കുകയാ’
‘വല്ലപ്പോഴും വീട്ടില്‍ വന്നെങ്കിലായി’
, ‘ചിലപ്പോഴൊക്കെ ഇവിടെ വരും’
‘പഴയ കാര്യങ്ങളൊക്കെ അയവിറക്കും’
‘എന്തെങ്കിലും സഹായിക്കാമെന്നുവെച്ചാല്‍ ഒന്നും മേടിക്കൂല,,,,’
ചിലപ്പോള്‍ നീ കൊടുത്തയച്ചതാണന്നു പറഞ്ഞു കുറച്ച് പണം കൊടുക്കും വല്യ സന്തോഷമാണ്…..
‘ഒത്തിരി സഹായിച്ച ആളല്ലേ അങ്ങനെ മറക്കാന്‍ പറ്റുമോ…?’
‘നീയൊന്നു അവിടം വരെ പോയി രാഘവനെ കാണണം,’
‘നടക്കുമ്പോള്‍ കാലിന്‍റെ ഉപ്പുറ്റിക്ക് വേദനയാ അല്ലെങ്കില്‍ ഞാനും വരുമായിരുന്നു….’
‘ഈ അമ്മയ്ക്ക് ഞങ്ങളോടൊപ്പം പോന്നുകൂടെ’
‘ഞാനും അജയേട്ടനും എത്ര നാളായിട്ടു പറയുന്നതാ’
‘അങ്ങോട്ട് പോരുകയേ എന്താ കഥ ‘
‘ഈ പുഴക്കടവിലിരുന്ന് നാലുപേരെ കണ്ട് പഴയ കാര്യങ്ങളൊക്കെ അയവിറക്കുന്ന സുഖം കിട്ടുമോ നിന്‍റെ സായിപ്പിന്‍റെ നാട്ടില്‍ വന്നാല്‍…..’
‘അപ്പുറത്തെ ഉണ്ണിയോടു പറഞ്ഞാല്‍ കാറുമായിട്ട് വരും
‘പഴയ ഇടവഴിയല്ല, പുതിയ റോഡ് വെട്ടിയിരിക്കുന്നു’
‘വേണ്ടമ്മേ അവിടെയും കാറിലല്ലേ യാത്ര മുഴുവനും’
‘രാഘവമാമയുടെ വീട്ടിലേക്ക് ഞാന്‍ നടന്നു പൊയ്ക്കോളാം…’
തന്‍റെ ബാല്യകാല സ്മരണകളുറങ്ങുന്ന ആ വഴിയിലൂടെ നടക്കവേ ആ പഴയ കടത്തുവള്ളവും അതു തുഴയുന്ന കറുത്ത് മെലിഞ്ഞ ഒരു മനുഷ്യനും മനസ്സില്‍ തെളിഞ്ഞു വന്നു….
കടത്തുകാരന്‍ രാഘവന്‍, ഞങ്ങള്‍ കുട്ടികള്‍ക്കെന്നും രാഘവമാമയായിരുന്നു, ഇടക്കിടക്ക് ചുണ്ടില്‍ എരിയുന്ന മുറി ബീഡിയൊഴിച്ചാല്‍ മറ്റു ദുശ്ശീലങ്ങളൊന്നും അയാള്‍ക്കുണ്ടായിരുന്നില്ല
അന്ന് പുഴക്ക് കുറുകെയുള്ള ഈ പാലമുണ്ടായിരുന്നില്ല, അതിനു പകരം ഗ്രാമവാസികള്‍ ആശ്രയിച്ചിരുന്നത് രാഘവമാമയുടെ കടത്തുവള്ളമായിരുന്നു, അതില്‍ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു അയാള്‍ ഉപജീവനത്തിനു വഴി കണ്ടെത്തിയിരുന്നത്….
വള്ളകൂലി ഇല്ലാത്തതിന്‍റെ പേരില്‍ ആരും രാഘവമാമയുടെ മുന്നില്‍ നിരാശരായി മടങ്ങേണ്ടിവന്നിട്ടില്ല, ഗ്രാമവാസികളുടെ ആവശ്യമനുസരിച്ച് ഏതു പെരുമഴയത്തും വള്ളമിറക്കുന്ന കടത്തുകാരന്‍ അതായിരുന്ന രാഘവമാമ….
തങ്ങള്‍ സ്കൂള്‍ കുട്ടികളെല്ലാം ആ കടത്തുവള്ളത്തിലായിരുന്നു സ്കൂളില്‍ പോയിരുന്നത് മറ്റുകുട്ടികള്‍ കടത്തുകൂലിയായി നാണയത്തുട്ടുകള്‍ രാഘവമാമയുടെ കൈവെള്ളയില്‍ വെച്ചുകൊടുക്കുമ്പോള്‍ കടത്തു കൂലിയില്ലാതെ മടിച്ചു മടിച്ചു നില്‍ക്കുന്ന തന്നെ നോക്കി രാഘവമാമ പറയുമായിരുന്നു,
‘ഒന്നു വേഗമാകട്ടെ ന്‍റെ മായക്കുട്ടിയേ സമയം വല്ലാതെ വൈകുന്നു..’
.അങ്ങനെ എത്രയോ പ്രാവശ്യം വള്ളക്കൂലിയില്ലാതെ ആ കടത്തുവള്ളത്തില്‍ താന്‍ സ്കൂളില്‍ പോയിരിക്കുന്നു….
ഒരു താഴ്ന്ന ജാതിക്കാരനെ സ്നേഹിച്ചു വിവാഹം കഴിച്ചതിന്‍റെ പേരില്‍ സ്വന്തം ഇല്ലത്തുനിന്നും പടിയടച്ചു പിന്ധം വെയ്ക്കപ്പെട്ട അമ്മ…
പിന്നീട് തൊഴിലാളി ലഹളയില്‍ പെട്ട് അച്ഛന്‍ മരിക്കുമ്പോള്‍ താന്‍ വെറുമൊരു കൈകുഞ്ഞുമാത്രമായിരുന്നു…
.
ചോര്‍ന്നൊലിക്കുന്ന ഒരു ചെറ്റക്കുടിലും, അതിനു ചുറ്റുമുള്ള രണ്ട് സെന്‍റെ സ്ഥലവുമായിരുന്നു സ്വന്തമായി ഉണ്ടായിരുന്നത്, തങ്ങളുടെ അവസ്ഥ ശരിക്കും മനസ്സിലാക്കിയിരിക്കുന്ന രാഘവമാമ ഒരിക്കലും കടത്തു കൂലി ചോദിച്ചിരുന്നില്ല….
എവിടുന്നെങ്കിലും പയിസ ഒത്തുവന്നാല്‍ നാളിതുവരെ കൊടുക്കുവാനുള്ള വള്ള കൂലിയുമായി രാഘവമാമയുടെ സമീപത്തേക്ക് അമ്മ തന്നെ അയക്കുമായിരുന്നു എന്നാല്‍ പണം വാങ്ങിക്കാതെ തന്നെ മടക്കി അയച്ചുകൊണ്ടു രാഘവമാമ പറയുമായിരുന്നു,
‘ന്‍റെ മായക്കുട്ടി പഠിച്ച് വല്യ ആളായി കഴിയുമ്പോള്‍ തിരിച്ചു തന്നാല്‍ മതിയെന്നു…’
തന്നില്‍ തുടിക്കുന്ന ഈ ജീവനും രാഘവമാമയുടെ അവസരോചിതമായ ഇടപെടല്‍ കൊണ്ടാണന്നു പറയുന്നതായിരിക്കും ശരി… സാധാരണ സ്കൂള്‍ കഴിഞ്ഞുള്ള വൈകുന്നേരങ്ങളില്‍ വള്ളം കടവത്തണഞ്ഞാല്‍ ഞങ്ങള്‍ കുട്ടികളെല്ലാവരും ആള്‍പ്പാര്‍പ്പില്ലാത്ത ആ പുരയിടത്തിലുളള നാട്ടുമാവില്‍ ചുവട്ടിലേക്ക് ഒരോട്ടമായിരുന്നു കാറ്റത്തു വീണുകിടക്കുന്ന മാമ്പഴം പെറുക്കുവാന്‍….
അന്നും വള്ളത്തില്‍ നിന്നിറങ്ങിയശേഷം ഞങ്ങള്‍ നേരെ പോയതു ആ മാവിന്‍ ചുവട്ടിലേക്കായിരുന്നു….
മൂത്തു പഴുത്ത ഒരു മാമ്പഴം ചോട്ടില്‍ വീണുകിടക്കുന്നത് ദൂരെവെച്ചു തന്നെ കണ്ടിരുന്നു പിന്നെ കൂട്ടുകാരെ പിറകിലാക്കികൊണ്ട് ഒരോട്ടമായിരുന്നു,,,,,
മാമ്പഴം കൈക്കലാക്കിശേഷം തിരിച്ചു നടക്കാന്‍ ഭാവിച്ച തന്‍റെ നേരെ വിഷം ചീറ്റിനില്‍ക്കുന്ന ഒരു പാമ്പ്….
ഭയന്നു വിറച്ചു നിന്ന തന്‍റെ വലതു കാല്‍പ്പാദത്തിനു മുകളിലൂടെ അതിന്‍റെ വിഷ പല്ലുകള്‍ ആഴ്ന്നിറങ്ങി…
ഇതിനോടകം തങ്ങളുടെ കരച്ചില്‍ കേട്ട് കടവത്ത് വള്ളം അടുപ്പിച്ചു കൊണ്ടിരുന്ന രാഘവമാമ ഓടിയെത്തി, കാലില്‍ ചോരയൊലിക്കുന്ന തന്നെയും, കുറച്ചകലെയാ വളഞ്ഞു പുളഞ്ഞു കിടക്കുന്ന പാമ്പിനെയും മാറി മാറി നോക്കി…
പിന്നെ ഉടുത്തിരുന്ന മുണ്ടിന്‍റെ ഒരറ്റം വലച്ചുകീറിയശേഷം മുറിവിന് മുകളിലായി വലിഞ്ഞു കെട്ടി,,,,അതിനുശേഷം തന്നെയും വള്ളത്തിലിരുത്തിക്കൊണ്ട് ആഞ്ഞുത്തുഴഞ്ഞു…
അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയി ലക്ഷ്യമാക്കി.
ആശുപത്രിയില്‍ എത്തിയതേ തന്നെയും എടുത്തുകൊണ്ട് ഒരോട്ടമായിരുന്നു, ഡോക്ടറുടെ മുറിയിലേക്ക് പാമ്പിന്‍റെ ഇനം വേര്‍തിരിച്ചറിഞ്ഞതിനാല്‍, ചികിത്സയും വളരെ പെട്ടന്നായിരുന്നു….
.’ ആ രാഘവന്‍ ഉണ്ടായിരുന്നതു. കൊണ്ടാ നീയിപ്പോഴും ജീവിച്ചിരിക്കുന്നത് അമ്മ പലപ്പോഴായി പറഞ്ഞ വാക്കുകള്‍…’
പിന്നീട് പനി പിടിച്ചു കിടന്ന ഒരു വെള്ളിയാഴ്ച തുടര്‍ച്ചയായി രണ്ടാം ദിവസവും മറ്റു കുട്ടികളോടൊപ്പം തന്നെ കാണാഞ്ഞിട്ട് അന്വേഷിച്ചെത്തിയ രാഘവമാമ കാണുന്നത് വീട്ടില്‍ പനിച്ചു വിറച്ചു കിടക്കുന്ന തന്നെയും, സ്വന്തം മകളെ ചികിത്സിക്കുവാന്‍ പണമില്ലാതെ വിഷമിച്ചിരുന്ന അമ്മയെയുമായിരുന്നു…..
എത്രയും പെട്ടന്നു കുട്ടിയെ ഡോക്ടറെ കാണിക്കുവാന്‍ പറഞ്ഞുകൊണ്ട് മടിശീലയിലുണ്ടായിരുന്ന മുഴുവന്‍ കടത്തുകൂലിയും അയാള്‍ അമ്മയെ ഏല്‍പ്പിച്ചു… അങ്ങനെ എത്രയെത്ര സംഭവങ്ങള്‍…
ദരിദ്രരായ ആ ഗ്രാമീണര്‍ക്കിടയിലെ നിറസാനിദ്ധ്യമായിരുന്നു രാഘവമാമയും അയാളുടെ കടത്തുവള്ളവും അതുകൊണ്ട് അയാള്‍ക്ക് ശത്രുക്കള്‍ ഉള്ളതായും അറിവില്ല….
‘മായക്കുട്ടിയെ നീ വന്നെന്നു ഞാനറിഞ്ഞു’
‘അങ്ങോട്ടിറങ്ങുവാന്‍ തുടങ്ങുകയായിരുന്നു’
ശബ്ദം കേട്ട ഭാഗത്തേക്കവള്‍ തിരിഞ്ഞു നോക്കി അവിടവിടെയായി ചിതറികിടക്കുന്ന കിടക്കുന്ന പായലുകള്‍ തുഴകൊണ്ടു തോണ്ടി വള്ളത്തിലേക്കടുപ്പിക്കുന്ന രാഘവമാമ..
‘ഈ രാഘവമാമയുടെ ഒരു കാര്യം’
‘ഈ വയ്യാത്ത ശരരീവും വെച്ചുകൊണ്ടാ പുഴയില്‍ ഇറങ്ങിയിരിക്കുന്നത്’
‘ഇനിയെങ്കിലും ഒന്നു വിശ്രമിച്ചു കൂടെ രാഘവമാമക്ക്’…?
‘നീ കണ്ടില്ലേ മായക്കുട്ടിയേ ഈ പുഴയുടെ അവസ്ഥ’
‘ നിറയെ പായലാണ്’
‘കുറച്ച് പായല്‍ മാറ്റിയാല്‍ അത്രയും കൊതുക് കുറയില്ലേ’
വള്ളം കരക്ക് അടുപ്പിച്ചശേഷം കടവിലിറങ്ങി കൈയും മുഖവും കഴുകിയശേഷം അയാള്‍ വീടിനകത്തേക്ക് കയറി,
പുറകെ അവളും,
അയാള്‍ എടുത്തുകൊണ്ടുവന്ന ആ പഴയ ബഞ്ചില്‍ അവളിരുന്നു
‘ഈയിടെ പഞ്ചായത്തില്‍ നിന്നും വെച്ചുതന്ന വീടാണ്,’
‘മഴ പെയ്താല്‍ നനയില്ല അത്രയും ആശ്വാസം….’
‘ മായക്കുട്ടിയെ നീയോര്‍ക്കുന്നുണ്ടോ ഈ ചാമ്പ മരത്തില്‍ നിന്നും നീയും ചങ്ങാതിമാരും ചാമ്പങ്ങ പറിച്ചുതിന്നിരുന്നത്’
‘അതിന്‍റെ പേരില്‍ ന്‍റെ മോന്‍ പ്രഭയുമായി വഴക്കുണ്ടാക്കിയത്….’
അവന്‍റെ കാര്യം ഓര്‍ക്കുമ്പഴാ….
..ആ മുഖത്തേക്കവള്‍ ഉറ്റുനോക്കി പ്രായവും രോഗവും അയാളെ തീര്‍ത്തും അവശനാക്കിയിരിക്കുന്നു…തിരിച്ചു പോരുവാന്‍ നേരം തന്‍റെ കൈവശമുണ്ടായിരുന്ന ബാഗ് തുറന്നശേഷം ഒരു കുത്ത് നോട്ടെടുത്തു രാഘവമാമയുടെ കൈവെള്ളയിലേക്കു വെച്ചുകൊടുക്കവേ, ആ കണ്ണുകള്‍ നിറഞ്ഞു…
പിന്നെ ആ പണം നെഞ്ചോടു ചേര്‍ത്തുവെച്ചുകൊണ്ട് മന്ത്രിച്ചു എന്‍റെ മായക്കുട്ടി നല്‍കിയ ഈ പണം എനിക്കു വേണം….
. താന്‍ നടന്നുനീങ്ങുന്നത് നിറകണ്ണുകളോടെ നോക്കിനില്‍ക്കുന്ന രാഘവമാമയെ കണ്ടപ്പോള്‍ അവളുടെ മിഴികളും നിറഞ്ഞു തുളുമ്പി….അപ്പോള്‍ കടവിനോട് ചേര്‍ന്നുള്ള ആഞ്ഞിലിമരത്തില്‍ നിന്നും ഒരു മുണ്ടി ഇരതേടിയെന്നവണ്ണം താഴോട്ട് പറന്നിറങ്ങി……
……………………………………………………………………………………………………………………………