ഗോവിന്ദന്‍ നമ്പൂതിരി.
തിരുവനന്തപുരം: പ്രമുഖ പ്രവാസി വ്യവസായിയും യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ചെയർമാനും സിഇഓയുമായ സോഹൻ റോയിയെ സിസിസിഐയുടെ (കോസ്‌മോപൊളിറ്റൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ്) അന്താരാഷ്ട്ര ഉപദേശക ബോർഡ് അംഗമായി തിരഞ്ഞെടുത്തു. ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിൽ ഇന്നലെ നടന്ന ചടങ്ങിലാണ് സിസിസിഐ ഭാരവാഹികൾ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.
15 രാജ്യങ്ങളിലായി 45 അന്താരാഷ്ട്ര കമ്പനികൾ ഉള്ള ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗൾഫ് മേഖലയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പുകളിലൊന്നാണ്.
ഫോർബ്സ് മിഡിൽ ഈസ്റ്റ് പുറത്തിറക്കിയ മിഡിൽ ഈസ്റ്റ് 2017 പട്ടികയിൽ ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരിൽ ഇടംപിടിച്ച പ്രമുഖ വ്യവസായിയുമാണ് സോഹൻ റോയ്.
സോഹൻ റോയ് സംവിധാനം ചെയ്ത് ഹോളിവുഡ് ചലച്ചിത്രമായ ‘ഡാം999’ നിരവധി ദേശീയ പുരസ്‌കാരങ്ങളും അഞ്ച് ഓസ്‌കാർ നാമനിർദേശങ്ങളും നേടിയിരുന്നു. ഓസ്‌കാർ ലൈബ്രറിയുടെ പ്രധാനശേഖരത്തിലേക്ക് ‘ഡാം999’ തിരക്കഥ തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. കുറഞ്ഞ സ്ഥലത്ത് ഡ്യുവൽ 4കെ മൾട്ടിപ്ളെക്സുകളും 4 കെ അറ്റ്മോസ് ഹോം സിനിമകളും നിർമ്മിക്കാം എന്ന ആശയത്തിന് തുടക്കം കുറിച്ച വ്യക്തിയുമാണ് സോഹൻ റോയ്.
ഇന്ത്യയിലെ ഏക ഡ്യൂവൽ 4 കെ പ്രൊജക്ഷൻ തീയേറ്ററായ ഏരീസ് പ്ലസ്, ഏരീസ് വിസ്മയ മാക്സ് സ്റ്റുഡിയോ എന്നിവ തിരുവനന്തപുരത്ത് ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. ആഗോളതലത്തിൽ 1400 ജീവനക്കാരുള്ള ഏരീസ് ഗ്രൂപ്പിന് ഇന്ത്യയിൽ മാത്രം 400 ഓളം പേരുണ്ട്.
ഇന്ത്യൻ സിനിമ വ്യവസായത്തെ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ആഗോള നിലവാരത്തിലേക്ക് എത്തിക്കുന്നതിനുള്ള സംരംഭമായ ഇൻഡിവുഡിന് നേതൃത്വം കൊടുക്കുന്നത് സോഹൻ റോയിയാണ്. 10000 4കെ മൾട്ടിപ്ളക്സുകൾ, ഒരു ലക്ഷം 4കെ/2കെ അറ്റ്മോസ് ഹോംതിയേറ്ററുകൾ, ഫിലിം സ്റ്റുഡിയോകൾ തുടങ്ങിയ പദ്ധതികളാണ് ഇൻഡിവുഡ് വിഭാവനം ചെയ്യുന്നത്. സിനിമ കേന്ദ്രീകൃതമായ ഇൻഡിവുഡ് ടിവി ചാനലാണ് റോയിയുടെ മറ്റൊരു സംരംഭം.
അടുത്തയിടെ ന്യൂയോർക്ക് ആസ്ഥാനമായ ഇന്റർനാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ, ആർട്സ് ആൻഡ് സയൻസസ് (ഐ.എ.ടി.എ.എസ്) അംഗമായി സോഹൻ റോയ് തിരഞ്ഞെടുക്കപെട്ടിരുന്നു. മറൈൻ, മെഡിക്കൽ, സിനിമ മേഖലകളിലെ സോഹൻ റോയിയുടെ നിസ്‌തുല്യമായ സംഭാവനകൾ പരിഗണിച്ചാണ് ഐ.എ.ടി.എ.എസ് അംഗത്വം നൽകിയത്.
ലോകത്തിലെ ആദ്യ അന്താരാഷ്ട്ര ചേംബർ ആയ സിസിസിഐ 30 രാജ്യങ്ങളിലാണ് പ്രവർത്തനം ആരംഭിക്കുക. ന്യൂയോർക്ക്, ലണ്ടൻ, ദുബായ്, കുലാലമ്പൂർ, ന്യൂ ഡൽഹി, കൊച്ചി എന്നിവിടങ്ങളിലും സിസിസിഐ ഓഫീസ് തുറക്കും
പത്രസമ്മേളനത്തിൽ സിസിസിഐ സെക്രട്ടറി ജനറൽ സുജിൽ ചന്ദ്ര ബോസ്, ഏരീസ് ഗ്രൂപ്പ് മീഡിയ ഹെഡ് മുകേഷ് എം നായർ തുടങ്ങിയവർ പങ്കെടുത്തു.