Monday, November 25, 2024
HomeLiteratureനല്ലതും കേട്ടതും.. (അനുഭവ കഥ)

നല്ലതും കേട്ടതും.. (അനുഭവ കഥ)

നല്ലതും കേട്ടതും.. (അനുഭവ കഥ)

മിലല്‍ കൊല്ലം.
ഒരു ഇരുപത്തിരണ്ട്‌ വർഷം മുൻപ്‌ നടന്ന കഥകൾ ആണു. പലരും മരിച്ചു പോയിട്ടുണ്ടാകും. ജീവിച്ചിരിപ്പുണ്ടാകും. അവർ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഞാൻ ഉത്തരവാതിയല്ല.
ഞാൻ കൊല്ലം ചിന്നക്കട വഴി ബസിൽ കണ്ടക്റ്റർ ആയി ഓടുമ്പോഴേല്ലാം ചിന്നക്കട ട്രാഫിക്കിൽ നിൽക്കുന്ന ഒരു പോലീസുകാരനു ഭയങ്കര അസുഖം ആയിരുന്നു. ഞങ്ങടെ ബസ്‌ എപ്പോൾ ബ്രിഡ്ജ്‌ ഇറങ്ങി വരുന്നോ അപ്പോൾ അദ്ദേഹം സ്റ്റോപ്പ്‌ കാണിക്കും. എന്നിട്ട്‌ മറ്റ്‌ വശങ്ങളിൽ നിന്ന് വരുന്ന വണ്ടികളെ വിടും. നമ്മളുടെ സമയം എങ്ങനെ കളയാം. അതാണു അദ്ദേഹത്തിന്റെ നോട്ടം. അതുപോലെ ബസ്‌ പോയി തിരിച്ചു വരുമ്പോഴും.
കാരണം എനിക്ക്‌ അറിയില്ല. പക്ഷേ ഒന്ന് എനിക്ക്‌ അറിയാം. ഞങ്ങളുടെ ഡ്രൈവർ പല്ല് മുൻപോട്ടിരിക്കുന്ന ഒരാൾ ആയിരുന്നു. അതുകൊണ്ട്‌ എപ്പോൾ നോക്കിയാലും ചിരിക്കുന്നത്‌ പോലെ തോന്നും. ഈ പോലീസുകാരനാണെങ്കിൽ നല്ല കറുപ്പും. ഇനി ഈ പോലീസുകാരനെ കണ്ട്‌ കളിയാക്കി ചിരിക്കുകയാണോ എന്ന് വിചാരിച്ച്‌ ആണോ ഞങ്ങളുടെ ബസ്‌ വരുമ്പോൾ തടയുന്നത്‌. എന്നും അറിയില്ല.
എന്നാൽ ചോദിക്കും ഈ ഡ്രൈവർ മാറി വേറേ ഡ്രൈവർ കയറില്ലെ എന്ന്. ഇല്ല. ഇദ്ദേഹവും ഞാനുമൊക്കേ കയറിയാൽ പിന്നെ മാസങ്ങൾ കഴിഞ്ഞാണു ഇറങ്ങുന്നത്‌. ഈ ഡ്രൈവർ ബസിൽ കയറിയാൽ ഇറങ്ങാത്ത കാരണം കൊണ്ട്‌. ഇദ്ദേഹത്തിന്റെ പെങ്ങളുടെ കല്ല്യാണക്കാര്യം സംസാരിക്കാനായിട്ട്‌ അഛനും അമ്മയും മറ്റും ബസ്‌ ഇട്ടിട്ട്‌ വിശ്രമിക്കുന്ന സ്ഥലത്ത്‌ വരെണ്ടി വന്നു. ഇതുപോലെ പല്ലു മുൻപോട്ടിരിക്കുന്ന ഒരാൾ കൊട്ടിയത്തുണ്ടായിരുന്നു. ആട്ടോ ഡ്രൈവർ ആയിരുന്നു. കൊട്ടിയത്ത്‌ ഏറ്റവും കൂടുതൽ ഓട്ടം കിട്ടുന്നത്‌ ഇദ്ദേഹത്തിനായിരുന്നു. ആരു എവിടെ നിന്ന് നോക്കിയാലും കാണുന്നത്‌ ഇദ്ദേഹത്തിനെയാണു ചിരിച്ചു കൊണ്ട്‌ നിൽക്കുന്നു. പിന്നെ ഒന്നും നോക്കില്ല. അപ്പോഴേ വിളിക്കും. ശ്രീ പരബ്രഹ്മം എന്നോ മറ്റുമായിരുന്നു ആട്ടോയുടെ പേർ.
ഞാൻ കൊല്ലം പകൽക്കുറി ബസിൽ ഓടുന്നു. (കൊല്ലം ചാത്തന്നൂർ എസ്‌ എൻ കോളേജ്‌ വഴി കല്ലുവാതുക്കൽ വട്ടക്കുഴി വേളമാന്നൂർ പകൽക്കുറി) അതുവഴി അധികം ബസുകൾ ഇല്ലായിരുന്നു. ഞാൻ ഓടുന്ന ബസും പിന്നെ ഒരു വിജയൻ ട്രാവൽസും. ഒരു ദിവസം വട്ടക്കുഴിക്കൽ കഴിഞ്ഞ്‌ ഗുരുമന്ദിരത്തിന്റെ അടുത്തു ചെന്നതും ബസിന്റെ ഇഞ്ചിൻ തകരാറായി. ബസ്‌ മുന്നോട്ടും പിന്നോട്ടും പോകില്ല. വൈകുന്നേരം നാലരമണി സമയം.
ഞാൻ മുതലാളിയേ വിവരം അറിയിച്ചു. മേശിരി വന്ന് വണ്ടി ശരിയാക്കണം. അപ്പോൾ അന്ന് വീട്ടിൽ പോക്ക്‌ നടക്കില്ല. ഞാൻ നോക്കിയപ്പോൾ റോഡിനു വടക്കു വശം ഒരു വീട്ടിൽ ഫോൺ ഉണ്ട്‌. അവരുടെ വീടിന്റെ കതകിൽ കൊത്തി വച്ചിരിക്കുന്നത്‌ ശ്രീനാരായണ ഗുരുദേവന്റെ പടവും. ധൈര്യമായി കയറി ചെന്നിട്ട്‌ പറഞ്ഞു എനിക്ക്‌ ഒന്ന് ഫോൺ ചെയ്യണം. എന്റെ വീട്ടിലേയ്ക്ക്‌ ആണു. ഇന്ന് വൈകും എന്ന് പറയാനാണു എന്ന്. അവർ പറഞ്ഞു വിളിച്ചു കൊള്ളാൻ. ഞാൻ വിളിച്ചു. വീട്ടിൽ ഫോൺ ഇല്ലാത്തത്‌ കൊണ്ട്‌ തെക്കതിൽ മാമന്റെ വീട്ടിൽ ആണു വിളിച്ചത്‌. അവർ എന്റെ ഭാര്യയേ വിളിച്ച്‌ തന്നു. ഞാൻ കാര്യം പറയുന്നതിനു മുൻപ്‌ ഭാര്യ പറഞ്ഞു. എസ്‌ എൻ ഡി പിയിൽ തയ്യൽ പഠിപ്പിച്ചു കൊണ്ടിരുന്ന റ്റീച്ചർ മരിച്ചു. ഞാൻ ഒന്നു രണ്ടു തവണ എസ്‌ എൻ ഡി പി എന്നും മയ്യനാട്‌ എന്നും മരണം എന്നുമൊക്കേ പറയുന്നത്‌ ആ വീട്ടുകാർ കേട്ടു. ഞാൻ ഫോൺ ചെയ്ത്‌ തീർന്ന് നന്ദിയും പറഞ്ഞു പോന്നു. രാത്രി ഒരു എട്ട്‌ മണിയായപ്പോൾ റോഡിന്റെ തെക്കു വശത്തുള്ള ഒരു വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാൻ വിളിക്കുന്നു. ഞാൻ പറഞ്ഞു വേണ്ട ഞങ്ങൾ അങ്ങ്‌ പോകുകയാണു.
അപ്പോൾ ആ വീട്ടിൽ ഒരു പോലീസുകാരൻ ഉണ്ട്‌. അദ്ദേഹം എന്നോട്‌ ചോദിച്ചു മയ്യനാട്‌ ആണല്ലെ സ്ഥലം. ഞാൻ പറഞ്ഞു അതെ. എങ്ങനെ അറിയാം? അപ്പുറത്തേ വീട്ടിൽ നിന്ന് ഫോൺ ചെയ്തപ്പോൾ പറയുന്നത്‌ അവർ കേട്ടു. എന്റെ ചേട്ടനും കുടുംബവും ആണു അവിടെ. എന്നിട്ട്‌ എന്നോട്‌ ചോദിച്ചു മയ്യനാട്‌ എവിടെയാ? ഞാൻ പറഞ്ഞു. കൊ ഒപ്പറേറ്റിവ്‌ ബാങ്കിൽ ജോലി ചെയ്യുന്ന അർജുനൻ എന്ന ആളിനെ അറിയുമോ? അദ്ദേഹത്തിന്റെ മരുമകനാ. അപ്പോൾ അദ്ദേഹം കൊള്ളാം അർജുനൻ സാറിനെ അറിയുമോ എന്നാ അദ്ദേഹം ബാങ്കിൽ നിന്ന് ലോൺ എടുത്തിരിക്കുന്നവരുടെ വീട്‌ ജപ്തി ചെയ്യാൻ പറവൂർ വരും. അപ്പോൾ കൂടെ പോകുന്ന പോലീസുകാരൻ ഞാനാ. അങ്ങനെ ഞങ്ങൾ നാലുപേർക്കും നല്ല അടിപൊളി ഭക്ഷണം പോലീസുകാരന്റെ വീട്ടിൽ നിന്ന്.
പകൽക്കുറിയിൽ അമ്മയുടെ അഛന്റെ അനുജന്റെ മകൻ താമസിപ്പുണ്ട്‌ എന്ന് അമ്മ പറയും. ആൾ അദ്ധ്യാപകൻ ഒരു നല്ല കൃക്ഷിക്കാരൻ. പിന്നെ പേപ്പട്ടി കടിച്ചാൽ അതിനുള്ള മരുന്ന് കൊടുക്കാമായിരുന്നു. എനിക്കാണെങ്കിൽ ആളിനെ കണ്ടാൽ അറിയില്ല. എല്ലാ ദിവസവും ഏതെങ്കിലും ഒരു പ്രാവശ്യം പ്രായമുള്ള നല്ല ചുറുചുറുക്കുള്ള ഒരാൾ ബസിൽ കാണും. അങ്ങനെ ഇദ്ദേഹത്തോട്‌ ഞാൻ സഹദേവൻ സാറിനെ കുറിച്ച്‌ ചോദിച്ചു. അപ്പോൾ ഇദ്ദേഹം പറഞ്ഞു. ഞാനാണു. ഇയാൾ സരസ്സമ്മ അക്കന്റെ മോനാണല്ലെ? ഞാൻ അങ്ങൊട്ടോന്നും വരാറില്ല. എന്തെങ്കിലും വിശേഷം ഉണ്ടെങ്കിലെ കാണാറുള്ളു എന്ന് പറഞ്ഞു.
പകൽക്കുറി ബസിൽ ഭയങ്കര ആളാണു. ദിവസവും കയറുന്ന കുറേ പെൺപിള്ളാരുണ്ട്‌ പകൽക്കുറി കൊല്ലം. കൊല്ലം പകൽക്കുറി. അങ്ങനെ ഇതിലെ ചില പെൺപിള്ളേരോട്‌ തമാശകൾ പറഞ്ഞ്‌ പഞ്ചാര അടിച്ചു കൊണ്ട്‌ നിൽക്കുമ്പോൾ ഒരു പെണ്ണു എന്നോട്‌ പെട്ടന്ന് ഒരു ചോദ്യം. മയ്യനാട്‌ ആണല്ലെ വീട്‌? ഞാൻ പറഞ്ഞു അതെ. അപ്പോൾ അത്‌ അച്ചൻ പറഞ്ഞു എന്റെ ഒരു പെങ്ങളുടെ മകനാണു ഈ ബസിലെ കണ്ടക്റ്റർ എന്ന്. അതൊടെ എന്റെ വോൾട്ടേജും പോയി.
പകൽക്കുറിയിൽ ഒരു അമ്പലവും കല്ല്യാണ മണ്ഡപവും എല്ലാം ഉണ്ട്‌. അവിടുത്തേ പ്രധാനി ഒരു വയസായ ഒരാളായിരുന്നു. കല്ല്യാണം ഉള്ള ദിവസം കൊല്ലത്ത്‌ നിന്ന് സാധനങ്ങൾ കൊണ്ടുവരുന്നത്‌ ഞങ്ങളുടെ വണ്ടിയിൽ ആണു. അതുകൊണ്ട്‌ കല്ല്യാണം ഉള്ളതിന്റെ തലേന്നേ ഞങ്ങളൊട്‌ പറയും നാളെ ആരും ഭക്ഷണം കൊണ്ടുവരണ്ടാ എന്ന്. കല്ല്യാണം കഴിഞ്ഞോ കഴിഞ്ഞില്ലയോ പന്ത്രണ്ടരമണിയ്ക്ക്‌ ഞങ്ങൾക്ക്‌ ഭക്ഷണം റെഡി.
ഒരു ദിവസം കൊല്ലം ചിന്നക്കടയിൽ നിന്ന് ബസ്‌ പുറപ്പെട്ടു. പതുക്കേ പതുക്കേ ഇഴഞ്ഞ്‌ ഇഴഞ്ഞ്‌ ഓരോ ആളിനെയും നുള്ളിപ്പറക്കി മുന്നോട്ട്‌ പോകുകയാണു. അപ്പോൾ കാണാം ഒരു കുടുംബം ഓടി വരുന്നു ബസ്‌ ഒന്ന് നിറുത്തി കൊടുത്തു. ആണും പെണ്ണും എല്ലാരും കയറി. ബസ്‌ മുന്നോട്ട്‌ എടുത്തതും ചിന്നാക്കട ട്രാഫിക്കിൽ നിന്ന എസ്‌ ഐ പറഞ്ഞു ബസ്‌ ഒരു വശത്തേയ്ക്ക്‌ ഒതുക്കിയിടാൻ. എന്നിട്ട്‌ എന്നെ അങ്ങ്‌ ചെല്ലാൻ പറഞ്ഞു. അങ്ങനെ ഞാൻ വളരെ ബഹുമാനത്തോടെ ചെന്നു.
അപ്പോൾ എന്നോട്‌- നിന്നോടൊക്കേ പറഞ്ഞിട്ടില്ലെടാ ചിന്നക്കടയിൽ നിന്ന് ഇറങ്ങിയാൽ പിന്നെ എങ്ങും നിറുത്തരുത്‌ എന്ന്.
അപ്പോൾ ഞാൻ -പറഞ്ഞിട്ടുണ്ട്‌ സാർ. ഇത്‌ കുറച്ച്‌ പകൽക്കുറിക്കുള്ള ആൾ ആയതുകൊണ്ടാണു.
അപ്പോൾ അദ്ദേഹം – എടാ ഏത്‌ പറിയായാൽ എനിക്ക്‌ എന്ത്‌,
ഞാൻ- സാർ ഇനിമേലാൽ ആവർത്തിക്കില്ല.
എടാ ഇനിയുമാവർത്തിക്കണം. നിനക്കെങ്ങാണം അറിയണോ ഞങ്ങളുടെ വിഷമം. വൈകുന്നേരം മേലുദ്യോഗസ്ഥന്റെ അടുത്ത്‌ ചെന്ന് നിൽക്കുമ്പോൾ കാൽ അടുപ്പിച്ച്‌ നിന്നാൽ കുറ്റം കാൽ അകർത്തിനിന്നാൽ കുറ്റം. അതൊന്നും നിനക്കൊന്നും അറിയണ്ടല്ലോ?
ഞാൻ പറഞ്ഞു സാർ ഇനി മേലാൽ ആവർത്തിക്കില്ല.
എടാ ഇനിയും ആവർത്തിക്കണം. ഇനിയും ആവർത്തിയ്ക്കുമെങ്കിൽ പൊയ്ക്കോ. അപ്പോഴേക്കും സമയം അരമണിക്കൂർ കഴിഞ്ഞു. ഞങ്ങടെ പിറകു വണ്ടി മുഴുവൻ കയറി പോയി. അങ്ങനെ ആ നല്ലവനായ പോലീസുകാരൻ വിചാരിച്ചത്‌ കൊണ്ട്‌ ഞങ്ങളുടെ ആ ഒരു ട്രിപ്പ്‌ പൊട്ടിച്ചു കയ്യിൽ തന്നു.
RELATED ARTICLES

Most Popular

Recent Comments