ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: തമിഴ്നാട്ടുകാരനായ ജെ.സി.ബി ഡ്രൈവറോട് പതിനഞ്ചുകാരിക്ക് കടുത്ത ആരാധന. ജോലി നിര്‍ത്തി നാട്ടിലേയ്ക്കു മടങ്ങിയ കാമുകനെ തേടി പെണ്‍കുട്ടി തമിഴ്നാട്ടിലേയ്ക്കു വണ്ടി കയറി. വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് കാമുകന്റെ വീട്ടിലെത്തും മുമ്ബ് പെണ്‍കുട്ടിയെ പിടികൂടി നാട്ടിലെത്തിച്ചു.
അയര്‍ക്കുന്നം സ്വദേശിയായ പെണ്‍കുട്ടിയെ പിന്നീട് അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആറു മാസം മുമ്ബാണ് ജെ.സി.ബി ഡ്രൈവറായ യുവാവ് പത്താംക്ലാസുകാരിയായ പെണ്‍കുട്ടിയുടെ വീടിനു സമീപം വാടകയ്ക്ക് താമസിക്കാനെത്തിയത്. ഫെയ്സ്ബുക്കിലൂടെയും, വാട്സ്‌അപ്പിലൂടെയും ഇരുവരും അടുപ്പത്തിലായി. ഇതിനിടെ ജോലി നഷ്ടപ്പെട്ട യുവാവ് തമിഴ്നാട്ടിലേയ്ക്കു മടങ്ങി. പെണ്‍കുട്ടിയുമായുള്ള യുവാവിന്റെ ബന്ധവും ഇതോടെ താല്‍കാലികമായി അവസാനിച്ചു.
യുവാവിനെപ്പറ്റി വിവരമൊന്നും ലഭിക്കാതെ വന്നതോടെ ഇയാളെ തിരക്കി തമിഴ്നാട്ടിലേയ്ക്ക് പോകാന്‍ പെണ്‍കുട്ടി തീരുമാനിച്ചു. തുടര്‍ന്നു കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ എത്തി ബസില്‍ കയറി തമിഴ്നാട്ടിലേയ്ക്കു പോകുകയായിരുന്നു. ഇതിനിടെ വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തന്നെ തിരക്കേണ്ടെന്നും താന്‍ തമിഴ്നാട്ടിലേയ്ക്കു പോകുകയാണെന്നും തറപ്പിച്ച് പറഞ്ഞു. ഭയന്നു പോയ വീട്ടുകാര്‍ ഈസ്റ്റ് സി.ഐ സാജു വര്‍ഗീസിനെ വിവരം അറിയിച്ചു.
തുടര്‍ന്നു സി.ഐയുടെ നിര്‍ദേശപ്രകാരം അയര്‍ക്കുന്നം എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട്ടിലേയ്ക്കു തിരിച്ചു. മൊബൈല്‍ ടവര്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി തമിഴ്നാട്ടിലെ വെള്ളൂര്‍ ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുന്നതായി കണ്ടെത്തി. കാമുകന്റെ വീട്ടിലേയ്ക്കു പോകാന്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. പോലീസ് കുട്ടിയെ കസ്റ്റഡിയില്‍ എടുത്തു. കുട്ടിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.