Sunday, December 1, 2024
HomeLiteratureഓണo സ്പെഷ്യൽ. (അനുഭവ കഥ)

ഓണo സ്പെഷ്യൽ. (അനുഭവ കഥ)

ഓണo സ്പെഷ്യൽ. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
എന്റെ വീടിന്റെ രണ്ട്‌ വീടിനു വടക്കതിലെ വീട്ടിൽ ശ്രീമാൻ ചെല്ലപ്പൻ മേശിരി എന്ന ഒരാൾ ഉണ്ടായിരുന്നു. എന്റെ വളരെ പൊടിയിലെ ഇദ്ദേഹം വീടിന്റെയൊക്കേ തത്വ ശാസ്ത്രക്കാരനാ. അപ്പോൾ തന്നെ ഒരുപാട്‌ പ്രായവും ഉണ്ട്‌. ഇദ്ദേഹത്തിനു ആറുമക്കളാണു. നാലാണും രണ്ടു പെണ്ണും. അതിൽ ഒരാൾ ടെലഫോൺ എക്സ്ചേഞ്ചിൽ ജോലി ഹരി അണ്ണൻ. ബാക്കി മൂന്ന് ആണ്മക്കളിൽ രണ്ടുപേർ ട്യൂട്ടോറിയൽ അദ്ധ്യാപകർ. മോഹനൻ സാറും പൊടിസാറും. മൂന്നാമത്തേ ആൾ ബാബു അണ്ണൻ ഗൾഫിൽ പോയി പിന്നെ മതം മാറി അറബിയോക്കേ പഠിച്ചതിനു ശേഷം അറബ്‌ പഠിപ്പിച്ചു. ഇവരുടെ വീട്ടിൽ അന്ന് ഒരു ട്യൂട്ടോറിയൽ ഉണ്ടായിരുന്നു. പ്രതിഭ ട്യുട്ടോറിയൽ മയ്യനാട്‌. പഞ്ചായത്ത്‌ റോഡ്‌ വഴി വന്നു ഒരു ചെറിയ ഇടവഴിയിലൂടെ ചെല്ലുന്നതാണു പ്രതിഭ. ഈ ചെറിയ വഴിയിൽ എത്രയോ പ്രേമം പൊട്ടി വിരിഞ്ഞു.
ഈ പ്രതിഭ ട്യൂട്ടോറിയൽ നിൽക്കുന്നിടത്ത്‌ എപ്പോഴും വലിയ ടാങ്ക്‌ കെട്ടിയിട്ടിട്ടുണ്ട്‌ അതിൽ എപ്പോഴും വലിയ വലിയ മീനുകൾ കാണുമായിരുന്നു. അല്ലെങ്കിൽ വളർത്തുമായിരുന്നു. അതുപോലെ ആമ. ചെറിയ ഇനം പക്ഷികൾ എല്ലാം ഉണ്ട്‌. ട്യൂട്ടോറിയൽ എന്ന് പറഞ്ഞാൽ ഇഞ്ചിനിയറിങ്ങിനു പടിക്കുന്ന കുട്ടികൾ വരെ അവിടെ പഠിക്കുന്നുണ്ടായിരുന്നു. ക്ലാസ്‌ എടുക്കുന്നത്‌ പി ഹരിഹരൻ ബി എസി ബി എസി ഇഞ്ചിനിയർ.
അവിടെ ഞാനും എന്റെ പെങ്ങളും പഠിക്കുന്നത്‌ കൊണ്ട്‌ ഒരാളിനു പൈസ കൊടുത്താൽ മതിയായിരുന്നു. ഞങ്ങളുടെ ബുദ്ധിമുട്ടോക്കേ അവർക്ക്‌ അറിയാമായിരുന്നു. ഞാൻ നല്ലവണ്ണം പഠിക്കുന്ന കുട്ടി ആയത്‌ കൊണ്ട്‌ എനിക്കാണു ഫീസ്‌ കൊടുക്കണ്ടത്‌.
എനിക്ക്‌ ഒർമ്മവരുന്ന ഒരു തമാശ. ഒരു ദിവസം പൊടിസാർ പഠിപ്പിച്ച്‌ കൊണ്ട്‌ നിൽക്കുമ്പോൾ പിരിച്ചു പറയുന്നതിനെ കുറിച്ച്‌ പറഞ്ഞു. അപ്പോൾ ഒരു കുട്ടി എഴുനേറ്റിട്ടു പറഞ്ഞു സാർ കപൂർ ഒന്ന് പിരിച്ചു പറയാൻ. അപ്പോൾ സാർ പറഞ്ഞു നീ ക്ലാസ്‌ കഴിയുമ്പോൾ അങ്ങ്‌ റൂമിലോട്ട്‌ വാ ഞാൻ പറഞ്ഞു തരാമെന്ന്.
മയ്യനാട്ട്‌ കാർക്ക്‌ ആന എന്ന് പറഞ്ഞാൽ വലിയ വിലയില്ല. കാരണം എന്റെ കൊച്ചിലെ തന്നെ സ്കൂളിന്റെ തെക്കതിൽ ശ്രീ ചെല്ലപ്പൻ ചെട്ടിയാർക്ക്‌ ആനയുണ്ടായിരുന്നു. അതുകൊണ്ട്‌ മിയ്ക്കവാറും കാണാമായിരുന്നു. അതുപോലെ എന്റെ സ്വന്തത്തിൽ പെട്ട രണ്ടുപേരേ ആനയെന്നാണു അറിയപ്പെട്ടിരുന്നത്‌.
ഒരിക്കൽ കുടുംബ ക്ഷേത്രത്തിൽ പ്രശനം വയ്ക്കാൻ വടക്കൻ പറവൂർ ശ്രീധരൻ തന്ത്രിയും ഒരു ഭക്ഷി ശാസ്ത്രജ്ജ്നും കൂടി വന്നു. പ്രശ്ന മധ്യ ശ്രീധരൻ തന്ത്രി ചോദിച്ചു. ഇവിടെ നെറ്റിപ്പട്ടം കെട്ടിയ ആനയേ എഴുന്നൊള്ളിച്ച്‌ ഉത്സവങ്ങൾ വല്ലതും നടത്താറുണ്ടോ? അപ്പോൾ ചിലരൊക്കേ ഇല്ലാ എന്ന് പറഞ്ഞെങ്കിലും. പ്രശ്നം ശ്രവിക്കാൻ വേണ്ടി പുറത്ത്‌ നിന്നും ആളുകൾ ഉണ്ടായിരുന്നു. അപ്പോൾ ശ്രീ ഉമയനല്ലൂർ കുഞ്ഞ്‌ കൃഷ്ണപിള്ള അദ്ദേഹം എഴുന്നേറ്റിട്ടു പറഞ്ഞു നെറ്റിപ്പട്ടം കെട്ടി അല്ലെങ്കിലും ദിവസവും ആന വന്ന് വലം വച്ച്‌ പോകാറുണ്ട്‌ എന്ന്. ഇത്‌ അവിടെ വലിയ ഒരു ചിരിക്ക്‌ ആധാരം ആയി.
അങ്ങനെ ഇരിക്കുമ്പോൾ ആണു മയ്യനാട്‌ എം ഡി വിജയണ്ണന്റെ വീട്ടിൽ ആന വരുന്നത്‌. ആന എം ഡി വിജയണ്ണന്റെ അല്ല. അദ്ദേഹത്തിന്റെ അനുജന്റെതാണു എങ്കിലും ആരോട്‌ ചോദിച്ചാലും പ്രായമുള്ളവരാണെങ്കിൽ പറയും അത്‌ എം ഡി വിജയന്റെ ആന. പ്രായം കുറഞ്ഞവരാണെങ്കിൽ പറയും എം ഡി വിജയണ്ണന്റെ അത്‌ അങ്ങനെ ആണു. ഈ എം ഡി വിജയൻ എന്ന് പറഞ്ഞാൽ അറിയാത്തവരും കാണും. ഐ എസ്‌ ആറോ ചാരവൃത്തിക്കേസ്സ്‌ എന്ന കള്ളക്കേസ്സിൽ പെട്ടുപോയ ശാസ്ത്രജ്ജ്ന്മാരിൽ ഒരാളായ ശ്രീ എം ഡി ശശികുമാറിന്റെ മൂത്ത ചേട്ടനാണു ശ്രീ എം ഡി വിജയൻ. ഇവർക്ക്‌ ഒരുപാട്‌ ആനയുണ്ടായിരുന്നു. ഈ ആനകളെ കെട്ടുന്നത്‌ എന്റെ വീടിന്റെ വടക്കതിൽ ദിവാൻ പേഷ്ക്കാരുടെ പുരയിടത്തിലാണു. ഇങ്ങനെ വിശാലമായി കിടക്കുകയാണു പുരയിടം. അവിടെ രണ്ടാനയെ വടക്കു ഭഗത്തായി കേട്ടും. ഒന്നിനെ വീടിനു കിഴക്കു വശമുള്ള അമ്പഴയ്ങ്ങാ പിടിക്കുന്ന മരത്തിൽ കേട്ടും. ഒന്നിനെ വീടിനു പടിഞ്ഞാറു വശമുള്ള അമ്മച്ചി പ്ലാവിൽ കേട്ടും.
രസം എന്ന് പറയുന്നത്‌ അതല്ല. ഈ ട്യൂട്ടോറിയലിൽ പഠിക്കുന്ന എല്ലാ പിള്ളാരും ഇവിടെ ആനയേ കാണാൻ വരും. ഒരു ദിവസം ഞാനും എന്റെ കൂടെ പഠിക്കുന്ന പിള്ളാരുമായി വയലുവഴി വന്നു ആനയേ കാണാൻ. അപ്പോഴല്ലേ ആന കിടക്കുന്ന സ്ഥലത്തേ സ്തിരം കിടത്തക്കാർ ആയ പാമ്പുകളെല്ലാം വയലിൽ ഇറങ്ങി കിടക്കുകയായിരുന്നു. ഞങ്ങൾ വന്ന് ചവുട്ടിയത്‌ ഒരു അണലി. ഓ ഭാഗ്യത്തിനു രക്ഷപ്പെട്ടു. അതുകഴിഞ്ഞ്‌ അങ്ങോട്ട്‌ നോക്കിയപ്പോൾ അവിടെയും പാമ്പ്‌. ഓട്ടമോട്‌ ഓട്ടം.
അപ്പോൾ പെങ്ങളുടെ കൂട്ടുകാരികൾ ട്യുട്ടോറിയലിൽ രാവിലെ വരുന്നവർ നേരേ വീട്ടിൽ വരും. എന്നിട്ട്‌ പെങ്ങളുമായി ട്യൂട്ടോറിയലിൽ പോകും. പെങ്ങളുമായി പോകുന്ന അത്രയും സമയം വീട്ടിൽ തിണ്ണയിൽ ഇരിക്കും. ഈ സമയം ഇവർ തിണ്ണയിൽ ഇരിക്കുന്നു എന്ന് കരുതി എനിക്ക്‌ കുളിക്കാതിരിക്കാൻ പറ്റുമോ? കുളിപുരയിൽ കൊണ്ടുവച്ച്‌ കുളിക്കാം എന്ന് വച്ചാൽ അമ്മ ശരിയാക്കും. കാരണം വേറേ ഒന്നുമല്ല. ഉണക്ക്‌ സമയം ആണെങ്കിൽ കിണറ്റിൽ നിന്ന് ഓരോ തൊട്ടി വെള്ളം കോരി ഓരോ തെങ്ങിന്റെയും അടയ്ക്കാമരത്തിന്റെയും ചുവട്ടിൽ പോയി നിന്ന് കുളിക്കണം. ഇനി മഴക്കാലമായാലോ അപ്പോൾ ഓല കുതിർക്കാൻ ഇട്ടിരിക്കും അതിന്റെ മുകളിൽ കയറി നിന്ന് കുളിക്കണം.
എന്തായാലും പെങ്ങളുടെ കൂട്ടുകാരികൾ ഇരിക്കുന്നു എന്നൊന്നും നോക്കി സമയം കളയാതെ ഒരു തോർത്തും ഉടുത്തു കൊണ്ട്‌ ഇറങ്ങി ഒരു കുളി അങ്ങ്‌ പാസാക്കും. അങ്ങനെ എന്റെ കുളിസീൻ കണ്ട ഒരുപാട്‌ പെൺപിള്ളേർ ഉണ്ടായിരുന്നു.
ഞാൻ ഒൻപതിൽ ആയപ്പോൾ പ്രതിഭ ട്യൂട്ടോറിയൽ അവിടുന്നു മാറ്റി. മയ്യനാട്‌ ഹൈസ്കൂൾ ഗ്രൗണ്ടിനു തെക്കുവശം മുൻപ്‌ മയ്യനാട്‌ ജവഹർ സിനിമാ തീയറ്റർ കിടന്ന സ്ഥലത്തേക്ക്‌ മാറി.
അവിടെ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ദിവസം ഞാൻ എന്റെ വീട്ടിൽ നിന്ന് രണ്ട്‌ കോഴിമുട്ടയെടുത്ത്‌ കൊണ്ട്‌ പോയി മഞ്ഞമുതലാളിയുടെ കടയിൽ കൊടുത്ത്‌ അറുപത്‌ പൈസ വാങ്ങി സിനിമക്ക്‌ പോയി. ഇത്‌ അമ്മ പൊടി സാറിനോട്‌ പറഞ്ഞു. പൊടി സാർ അടുത്ത ദിവസം രാവിലെ എന്നെ ക്ലാസിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി ഒരു ചൂരൽ എടുത്ത്‌ ഒരു മൂന്ന് നാലു അടി അടിച്ചു. അന്ന് കൈ പൊട്ടി. ഇപ്പോഴും പൊട്ടിയ അടയാളം എന്റെ കയ്യിൽ ഉണ്ട്‌. പക്ഷേ അതിനു ശേഷം ഞാൻ മുട്ടയെടുത്തിട്ടില്ല. എന്നാൽ വേറോരു സത്യം അമ്മ ഒരിക്കലും മുട്ടവിൽക്കാൻ വേണ്ടി മാത്രം ആയിരുന്നില്ല കോഴിയേ വളർത്തുന്നത്‌. അമ്മ ഞങ്ങൾക്ക്‌ പുഴുങ്ങി തന്നതിന്റെ ബാക്കിയേ കൊടുത്ത്‌ കാശ്‌ വാങ്ങാറുള്ളായിരുന്നു.
ഈ അടുത്ത കാലത്ത്‌ നാട്ടിൽ പോയപ്പോൾ. ഞാൻ വീട്ടിൽ കുളിക്കുമ്പോൾ അവിടെ ഇരുന്നിരുന്ന ഒരു പെൺകുട്ടിയേ കാണാൻ കഴിഞ്ഞു. അത്‌ കണ്ടപാടെ പറഞ്ഞു മില്ലിയുടെ അണ്ണൻ. അങ്ങനെ ഞാൻ സുഖ വിവരമെല്ലാം അന്വക്ഷിച്ച്‌. മക്കളുടെ കാര്യം ചോദിച്ചു. അതിനു ഒരു കൊച്ചു കുട്ടിയാണെന്ന് പറഞ്ഞു. ആൾ ഡോക്റ്റർ ആണു. ഇതുപോലെ പഴയ സുഹൃത്തുക്കളെ എത്രയോ പേരേ കാണാനുണ്ട്‌. ഒരിക്കൽ നാട്ടിൽ മയ്യനാട്‌ ചന്തമുക്കിൽ നിൽക്കുമ്പോൾ ഒരു പെണ്ണു നടന്നു വന്നു. അടുത്ത്‌ വന്നപ്പോൾ ചിരിച്ചു ഞാനും ചിരിച്ചു. എന്നിട്ട്‌ ഞാൻ ചോദിച്ചു അറിയുമോ? അപ്പോൾ പറഞ്ഞു അറിയും മില്ലാൽ അല്ലെ? ഞാൻ പറഞ്ഞു അതെ. അങ്ങനെ കുറേ കാര്യങ്ങൾ പറഞ്ഞു. അപ്പോൾ പറഞ്ഞു ചിലരൊന്നും കണ്ടാൽ കൂടെ പഠിച്ച പരിചയം പോലും കാണിക്കാതെ പോകും. അതുകൊണ്ട്‌ ആരുമായും ഒന്നും സംസാരിക്കാറില്ല.
ഈ സമയം എനിക്ക്‌ ഓർമ്മ വന്നത്‌ പത്താംക്ലാസ്‌ പഠിച്ചിറങ്ങുമ്പോൾ സാമുവൽ സാർ പറഞ്ഞ വാക്കാണു.
നിങ്ങൾക്ക്‌ വിദ്യാഭ്യാസകാലത്ത്‌ കിട്ടിയത്‌ ഒന്നും ഇനി എങ്ങു നിന്നും കിട്ടുമെന്ന് തോന്നുന്നില്ല. അതുകൊണ്ട്‌ ഇവിടുന്ന് പോയി കഴിഞ്ഞാലും നിങ്ങൾ എവിടെയെങ്കിലും നേരിൽ കണ്ടാൽ വേറേ ഒന്നും വേണ്ട ഒരു പുഞ്ചിരി. അതു മറക്കരുത്‌.
RELATED ARTICLES

Most Popular

Recent Comments