ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: പയ്യപ്പാടി സ്വദേശിയായ സന്തോഷിനെ കൊന്ന് യന്ത്രവാള്‍ കൊണ്ട് കഷണങ്ങളാക്കി മാങ്ങാനത്തെ റോഡരികില്‍ തള്ളിയ കേസില്‍ കുപ്രസിദ്ധ ഗുണ്ട കമ്മല്‍വിനോദും ഭാര്യയും പൊലീസ് കസ്റ്റഡിയില്‍. കൊല്ലപ്പെട്ട സന്തോഷിന്റെ തല മാങ്ങാനം മക്രോണി പാലത്തിനു സമീപം തോട്ടില്‍ നിന്നാണ് കണ്ടെത്തിയത്. സന്തോഷിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം യന്ത്രവാള്‍ ഉപയോഗിച്ച് അറത്തുമുറിക്കുകയായിരുന്നുവെന്ന് പ്രതി പൊലീസിനോടു സമ്മതിച്ചു.
ഇന്നലെ രാവിലെ പത്തുമണിയോടെ കോട്ടയം – കറുകച്ചാല്‍ റോഡില്‍ മാങ്ങാനം കലുങ്കിനു സമീപമായിരുന്നു മൂന്ന് കഷണങ്ങളാക്കി മൂന്നു ചാക്കുകളിലാക്കി തലയില്ലാത്ത മൃതദേഹം കണ്ടത്. അതിരൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നു അയല്‍വാസിയാണ് ചാക്കില്‍ക്കെട്ടിയ നിലയില്‍ മൃതദേഹത്തിന്റെ കാലുകള്‍ കണ്ടത്. തുടര്‍ന്നു വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
മൃതദേഹം തിരിച്ചറിയാതിരുന്നതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാണാതായവരെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്. ഇതോടെയാണ് മുമ്ബ് നിരവധി പോക്കറ്റടി കേസുകളില്‍ പ്രതിയായ സന്തോഷിനെ ദിവസങ്ങളായി കാണാനില്ലെന്ന് പൊലീസ് കണ്ടെത്തിയത്. ഇയാളുടെ മൊബൈല്‍ നമ്ബര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പൊലീസ് സന്തോഷിന്റെ നമ്ബരില്‍ ഏറ്റവും അവസാനമായി വിളിച്ചിരുന്നത് കമ്മല്‍ വിനോദിന്റെ ഭാര്യ കുഞ്ഞുമോളെയാണെന്നു പൊലീസ് കണ്ടെത്തി. തുടര്‍ന്നു വിനോദിനെയും ഭാര്യയെയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അര്‍ധരാത്രി വരെ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
വിനോദും കുഞ്ഞുമോളും മുട്ടമ്ബലം നഗരസഭ കോളനിയിലാണ് താമസിച്ചിരുന്നത്. വീടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ 2017 ഫെബ്രുവരിയില്‍ വിനോദ് അച്ഛനെ ചവിട്ടി കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ വിനോദ് ജയിലില്‍ കഴിഞ്ഞിരുന്നപ്പോള്‍ കുഞ്ഞുമോളുമായി സന്തോഷ് അടുപ്പത്തിലായി. തുടര്‍ന്നു ഇരുവരും മാസങ്ങളോളം ഒന്നിച്ചാണ് താമസിച്ചിരുന്നത്. ഇതേച്ചൊല്ലി നേരത്തെ വിനോദും സന്തോഷും കോടതി വരാന്തയില്‍വച്ച് തര്‍ക്കമുണ്ടായി, വിനോദ് ജാമ്യത്തിലിറങ്ങിയ ശേഷം സന്തോഷിനെ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സന്തോഷിനെ കൊലപ്പെടുത്താന്‍ വിനോദ് ആസൂത്രണം നടത്തിയതെന്നാണ് സൂചന.