ഉഷാചന്ദ്രന്‍. (Street Light fb group)
ഉള്ളിലെരിഞ്ഞടങ്ങുന്ന കനല്‍ക്കട്ടകളെ
അരിച്ചരിച്ചു പൊതിയുന്നുണ്ട്, ചാമ്പല്‍ തരികള്‍ –
നീറുറുമ്പുകള്‍ പോല്‍
വകഞ്ഞു മാറ്റാന്‍ ഓടിയടുക്കുന്ന
ഈറന്‍ കാറ്റിന്‍റെ
ഉഷ്ണിച്ച വിയര്‍പ്പു കണികകള്‍ വീണ്
അവ ശീല്‍ക്കാരം പൊഴിക്കുമ്പോള്‍,
സമാധിയടയുന്ന കരിക്കട്ടകള്‍ അഗ്നിച്ചിറകുകളറ്റ്
നോവിന്‍റെ പഴംകഥ വിസ്മരിച്ച്
മറ്റൊരു ഭാഷ്യം രചിക്കുന്നു
വാല്മീകത്തിലൊളിച്ച ആശാഭിലാഷങ്ങള്‍
ചിതല്‍പ്പുറ്റുകളെ കരണ്ടു തിന്നുന്നു,
തകര്‍ന്നുവീഴുവാന്‍ പര്യാപ്തമായി..
ഉരുകിയൊലിച്ചുറഞ്ഞ കാക്കപ്പൊന്ന്
മണ്‍ഭിത്തിക്കുള്ളില്‍ ഘനീഭവിച്ചു കിടപ്പുണ്ട്
പൊട്ടിത്തെറിക്കാന്‍ നിമിഷങ്ങളും കാത്ത്
അകമേയുണ്ട്, പുകയുന്നൊരഗ്നിപര്‍വ്വതം.
സുഷുപ്തിയിലാണ്ട പ്യൂപ്പകള്‍
സമാധി വെടിഞ്ഞ്
നിര്‍വൃതിയുടെ അനന്തവിഹായസ്സിലേക്ക്
പറന്നുയരാന്‍ വെമ്പുന്നു,. മാനദണ്ഡങ്ങളില്ലാതെ
വീണ്ടെടുക്കാനുണ്ട് അമൂല്യമൊരു നിധി
അതിശീഘ്രം പറന്നടുക്കണം അമാന്തിക്കാതെ,
ഉപാധികളില്ലാത്ത മനസ്സുകൊണ്ടെങ്കിലും
തിരിഞ്ഞു നോക്കാതെ.. നോക്കാതെ….