ജോണ്‍സണ്‍ ചെറിയാന്‍.
ഷാര്‍ജ: പതിനാറു വര്‍ഷത്തെ കാത്തിരിപ്പും പ്രാര്‍ഥനയും സഫലമായി. വിമാനത്താവളത്തിലെ അധികൃതരും യാത്രക്കാരും സാക്ഷികളായി നില്‍ക്കെ സുഡാനില്‍ നിന്നെത്തിയ മകനും കേരളത്തില്‍ നിന്നെത്തിയ ഉമ്മ നൂര്‍ജഹാനും തമ്മില്‍ കണ്ടുമുട്ടി. സ്നേഹം കൊണ്ട് പരസ്പരം ആശ്ലേഷിച്ച ഉമ്മയുടെയും മകന്‍റെയും സന്തോഷം കണ്ട് കാഴ്ചക്കാരുടെ കണ്ണുകള്‍ നിറഞ്ഞു.
സുഡാനില്‍ നിന്ന് ത്യാഗം സഹിച്ച് ദുബൈയിലെത്തിയ ഹനി, തനിക്ക് ഉമ്മയെ കാണണമെന്ന അതിയായ ആഗ്രഹം പങ്കുവെച്ചിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട പാകിസ്താന്‍ സ്വദേശി ത്വല്‍ഹാ ഷാ ആണ് നൂര്‍ജഹാന് ഷാര്‍ജയിലെത്താനുള്ള വിമാനടിക്കറ്റ് ഒരുക്കിയത്. സുഡാനില്‍ നിന്ന് കോഴിക്കോടെത്തി വിവാഹം കഴിച്ച പിതാവ് 16 വര്‍ഷം മുന്‍പ് കൂട്ടിക്കൊണ്ടു പോയതോടെയാണ് ഉമ്മയില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും ഹനി വേര്‍പെട്ടുപ്പോയത്. എന്നാല്‍, വര്‍ഷങ്ങള്‍ക്കു ശേഷം ഉമ്മയുടെ ഫോേട്ടായും വിവാഹ സര്‍ട്ടിഫിക്കറ്റും മറ്റു വിവരങ്ങളുമെല്ലാം കണ്ടെടുത്ത ഹനി സുഡാന്‍ സന്ദര്‍ശിച്ച ഫാറൂഖിനോട് ഇക്കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. സുഡാനി യുവാവ് കേരളത്തിലുള്ള ഉമ്മയെ തേടുന്നു എന്ന വിവരമറിഞ്ഞ് ബന്ധുക്കളിലൊരാളായ ഷിഹാബ് ബന്ധപ്പെടുകയായിരുന്നു.