ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: ചികിത്സ ലഭിക്കാതെ മരിച്ച തമിഴ്നാട് സ്വദേശി മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സമയത്ത് വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നതായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് മൊഴി നല്‍കി.
മുരുകനെ എത്തിച്ചപ്പോള്‍ 15 വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ നടക്കാനുള്ള 111 ശസ്ത്രക്രിയകള്‍ക്കായി നീക്കി വച്ചിരുന്നതായിരുന്നു ഇവ. ഇതു കൂടാതെ അഞ്ച് വെന്റിലേറ്ററുകള്‍ കൂടി ഉണ്ടായിരുന്നു. അപകടം ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങള്‍ പരിഗണിക്കാനായിരുന്നു ഇവ നീക്കിവച്ചിരുന്നത്.
ആശുപത്രിയിലെ 55 വെന്റിലേറ്ററുകളില്‍ രോഗികളുണ്ടായിരുന്നു. 19 വെന്റിലേറ്ററുകള്‍ ആ സമയം പ്രവര്‍ത്തനയോഗ്യമായിരുന്നില്ലെന്നും സൂപ്രണ്ട് പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.
വെന്റിലേറ്റര്‍ ഒഴിവില്ലാത്തതിനാലാണ് മുരുകന് മെഡിക്കല്‍ കോളേജില്‍ ചികിത്സ നല്‍കാത്തതെന്നായിരുന്നു വിശദീകരണം. യഥാസമയം ചികിത്സ ലഭിക്കാത്തതു മൂലമായിരുന്നു മുരുകന്റെ മരണം.തിരുവനന്തപുരത്തെയും കൊല്ലത്തെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും മുരുകന് ചികിത്സ നിഷേധിക്കപ്പെടുകയായിരുന്നു.