ലാലു. (Street Light fb group)
ചുംബിക്കാതെ,
നഗ്നരാവാതെ,
കെട്ടിപ്പുണരാതെ,
നമുക്ക് പ്രണയിക്കണമെന്ന്
എന്നെ
മടിയിൽ കിടത്തി
ആദ്യം പറഞ്ഞത്
നീയായിരുന്നു.
എനിക്കതിന്
സമ്മതവുമായിരുന്നു.
അടച്ചിട്ട
ഒരു മുറിയിലിട്ട
രണ്ടു കട്ടിലിൽ
എന്റെയും നിന്റെയും
ഭോഗതൃഷ്ണകൾ
പുറംതിരിഞ്ഞ് കിടന്ന്
കൂർക്കം വലിക്കുന്നത്
അവരിപ്പോൾ കാണുന്നുണ്ട് .
പിറക്കാതെ പോകുന്ന
എന്റെയും നിന്റെയും
കുഞ്ഞുങ്ങൾ നമ്മുടെ
കപട സദാചാര ഉടമ്പടികളെ തെറി
വിളിക്കുന്നതും
ഒരു ചെറു ചിരിയോടെ
അവർ കാണുന്നുണ്ട്.
പക്ഷേ
അവരറിയുന്നില്ല
ഞാനൊരു കാർമേഘമാണെന്നും
നീയൊരു നിത്യഹരിത
മഴക്കാടാണെന്നും
നമുക്ക് പ്രണയിക്കാ-
നാവുമെന്നും.
നഗ്നരായ് ,
കെട്ടിപ്പുണർന്ന്,
വിയർത്തൊലിച്ച് നിർവൃതിയടയുന്ന
പ്രണയം മാത്രമാണ്
പ്രണയമെന്ന്
അവരുടെ ഏത് പ്രണയനിഘണ്ടുവിലാണ്
എഴുതി വെച്ചിട്ടുള്ളത് ?