ജോണ്‍സണ്‍ ചെറിയാന്‍.
തലശ്ശേരി: മകന്റെ വിവാഹം കൂടാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി തലശ്ശേരിയില്‍ എത്തി. മഅ്ദനിക്ക് കനത്ത സുരക്ഷ ഒരുക്കി കര്‍ണാടക പോലീസും കേരളാ പോലീസും ഒപ്പമുണ്ട്.
വിവാഹ വേദിയായ ടൗണ്‍ഹാളിലും മഅ്ദനി വിശ്രമിക്കുന്ന ലോഗന്‍സ് റോഡിലെ പാരീസ് പ്രസിഡന്‍സി ലോഡ്ജിലും പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ 7.30 മണിയോടെ തിരുവനന്തപുരം – മംഗളൂരു എക്സ്പ്രസ് ട്രെയിനിലാണ് മഅ്ദനി തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. അദ്ദേഹത്തെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ ഉള്‍പ്പെടെ പിഡിപി പ്രവര്‍ത്തകരുടെ ഒരു വലിയ നിരതന്നെ എത്തിയിരുന്നു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ തന്നെ മഫ്തിയില്‍ പോലീസുകാര്‍ നിരീക്ഷണം നടത്തുന്നുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയ മഅ്ദനി നേരെ ലോഡ്ജില്‍ എത്തും. 11 മണിയോടെ നിക്കാഹിനായി ടൗണ്‍ഹാളിലേക്കു പുറപ്പെടും. വിവാഹത്തിനു ശേഷം ലോഡ്ജില്‍ എത്തി വിശ്രമിച്ച് വൈകിട്ട് നാലുമണിയോടെ വധുവിന്റെ അഴിയൂരിലെ വീട്ടില്‍ സത്ക്കാരത്തിനായി പുറപ്പെടും. അവിടെ നിന്നു റോഡ് മാര്‍ഗം കോഴിക്കോട്ടേക്കു പോകും. അവിടെ കാലിക്കറ്റ് ടവറിലാണ് തങ്ങുക. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ നാട്ടിലേക്ക് മടങ്ങും. മഅ്ദനി പോകുന്നത് വരെ നഗരം പോലീസ് നിയന്ത്രണത്തിലും നിരീക്ഷണത്തിലുമായിരിക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ വിവാഹത്തിനായി എത്തും. 2,500 പേര്‍ക്കുള്ള ഭക്ഷണമാണ് ഒരുക്കുന്നത്. നഗരത്തില്‍ ഗതാഗത കുരുക്കിനുള്ള സാധ്യതയും പോലീസ് മുന്നില്‍ കാണുന്നുണ്ട്. ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സന്നാഹങ്ങള്‍. മൂന്നു സി.ഐമാരുടെ നേതൃത്വത്തില്‍ നൂറിലേറെ പോലീസുകാരെ ടൗണ്‍ഹാളിലും മഅ്ദനി താമസിക്കുന്ന ഹോട്ടലിലും നഗരത്തിലുമായി വിന്യസിച്ചിട്ടുണ്ട്.