ജോണ്‍സണ്‍ ചെറിയാന്‍.
തൃശൂര്‍: നാടിനെ ഭീതിയിലാഴ്ത്തി കാട്ടാനക്കൂട്ടം വീണ്ടും നാട്ടിലിറങ്ങി. പാലക്കാട് -തൃശൂര്‍ അതിര്‍ത്തി പ്രദേശത്താണ് ഒരു കൊമ്പനും പിടിയും കുട്ടിയാനയും എത്തിയിരിക്കുന്നത്. അതിനിടെ, ജനത്തെ പിരിച്ചു വിടാനായി ആനയിറങ്ങിയ കുത്താമ്ബുള്ളി മേഖലയില്‍ 144 പ്രഖ്യാപിച്ചു.
ആനകളെ പടക്കം പൊട്ടിച്ച് ഓടിക്കുക മാത്രമാണു വഴിയെന്നാണ് വനം വകുപ്പിന്റെ നിലപാട്. മൂന്ന് ആനകള്‍ ഉള്ളതിനാലും ഭയന്ന് അക്രമാസക്തമാകാന്‍ സാധ്യതയുള്ളതിനാലും മയക്കുവെടി വയ്ക്കാനാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
നീണ്ട പരിശ്രമത്തിനൊടുവില്‍ പെരിങ്ങോട്ടുകുറിശ്ശിയിലെ ജനവാസപ്രദേശത്തുനിന്നു മാറിയ മൂന്ന് ആനകളും ഭാരതപ്പുഴ പാലപ്പുറത്തിനും കുത്താമ്ബുള്ളിക്കും ഇടയിലുളള ഭാഗത്ത് എത്തി.
ജനങ്ങള്‍ കൂടി നില്‍ക്കുന്നതിനാല്‍ ആനകള്‍ പുഴയുടെ മധ്യഭാഗത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. നേരത്തെ നാട്ടിലിറങ്ങിയ ആനകളെ കാട്ടിലേക്ക് ഓടിച്ചതായി അറിയിച്ചിരുന്നെങ്കിലും തിങ്കളാഴ്ച ഇവ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങുകയായിരുന്നു.