ജോളി ജോണ്‍സ്, ഇരിങ്ങാലക്കുട.
വിശുദ്ധിയുടെ പാരമ്യതയിലേയ്ക്ക് ഉയരുവാന്‍ ദൈവം തന്ന സമ്മാനമാണ് ഓരോ ജീവിതാനുഭവങ്ങളും….നിങ്ങള്‍ മനസിലാക്കുക….ഈ ഭൂമിയില്‍ ഇന്നോളം പെയ്ത ഓരോ മഴയും തോരാതിരുന്നിട്ടില്ല….ഒരു രാത്രിയും ഒരവസാനമല്ല….ഒരു രാവും പുലരാതിരുന്നിട്ടില്ല…ഒപ്പം ഒരു നോവും കുറയാതിരുന്നിട്ടുമില്ല…..അതെ സുഹൃത്തുക്കളെ വേദന മാറിപ്പോകും… കണ്ണുനീര്‍ മാറി പോകും…ഇവയെ സ്വീകരിക്കാനുള്ള കരുത്ത് ലഭിക്കുമ്പോള്‍…ആ കരുത്താണ് നമ്മുടെ ദൈവം. ദൈവം നമ്മോട് കൂടെയുള്ളപ്പോള്‍ നമുക്ക് മറികടക്കാന്‍ സാധിക്കാത്ത ഒരു രാത്രിയോ…ഒരു നോവോ… ഒരു പേമാരിയോ ഇല്ല.
ഒരു കൊച്ചു കഥ ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു… ഹിമാലയത്തിലേക്ക് യാത്ര പോയ സന്യാസിയുടെ കഥ… കുത്തനെയുള്ള കയറ്റം ഏറെ പ്രയാസപ്പെട്ട് അദ്ദേഹം കയറിത്തുടങ്ങി. ആകെ വിയര്‍ത്തു, ശ്വാസം തിങ്ങി. മലനിരകളുടെ മുകളിലെത്തിയപ്പോള്‍ ഒരു കാഴ്ച്ച അദ്ദേഹത്തെ വല്ലാതെ പിടിച്ചുലച്ചു. ഒരു കൊച്ചു പെണ്‍കുട്ടി അവളുടെ കുഞ്ഞനുജനെ തോളിലേറ്റി കയറ്റം കയറുന്നു. അവളും നന്നേ ക്ഷണിച്ചിട്ടുണ്ട്. സഹതാപത്തോടെ അവളോട് ചോദിച്ചു: “മോളേ, എന്തൊരു കയറ്റമാണ് ! ഇത്രയും ഭാരം തോളിലേറ്റി നടക്കുമ്പോള്‍ മോള്‍ക്ക് പിന്നെയും ക്ഷീണം കൂടില്ലേ ?”. അവള്‍ സന്യാസിയെ ഒന്ന് നോക്കി… പിന്നെ പറഞ്ഞു…. “ഇത് ഭാരമല്ല, എന്റെ കുഞ്ഞനുജനാണ്.” അതീവ സുന്ദരമായ സ്നേഹ പ്രഖ്യാപനം!.
എവിടെ സ്നേഹം തുടിക്കുന്നുവോ, അവിടെ ഭാരങ്ങളില്ല, ക്ഷീണമില്ല, വെയിലും മഴയും മലയും ഒരു പ്രശ്നമേയല്ല….. ആ സ്നേഹമാണ് ദൈവം. അവിടുന്ന് നമ്മളോട് കാട്ടുന്നതും ഇതുതന്നെ… അത് മനസിലാക്കാന്‍ അവിടുത്തെ മക്കള്‍ക്ക് സാധിച്ചാല്‍ മതി… ഏവര്‍ക്കും പ്രിയങ്കരനായ മുന്‍ രാഷ്ട്രപതി ഏ.പി.ജെ അബ്ദുള്‍ കലാം ഒരിക്കല്‍ പറഞ്ഞു….ഒരു വീടിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ അതിന്റെ വാതില്‍ എത്രയോ ചെറുതാണ്. വാതിലിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ അതിന്റെ ലോക്ക് തീരെ ചെറുതും…എല്ലാത്തിലും ചെറുതായി അതിന്റെ താക്കോലും.
ഒരു താക്കോല്‍ മതി ആ വീട് മുഴുവന്‍ തുറക്കാന്‍. ഒരു ചെറിയ നല്ല തീരുമാനം മതി വലിയ പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍…അതെ സുഹൃത്തുക്കളെ സൗഹൃദങ്ങള്‍ ഭാരമാകാതിരിക്കട്ട… ജീവിതയാത്രകള്‍ തളരാതിരിക്കട്ടെ… അതിന് നമ്മള്‍ ഒന്നേ ചെയ്യേണ്ടൂ…. എല്ലാത്തിലും സ്നേഹസമ്പന്നനും നമ്മുടെ വേദനകള്‍ ഏറ്റെടുക്കുവാന്‍ ശക്തനുമായ ദൈവത്തെ ദര്‍ശിക്കുവാന്‍ സാധിക്കണം… അപ്പോള്‍, ചെറുതാണെങ്കിലും നിങ്ങള്‍ എടുക്കുന്ന ദൈവഹിതത്തിനനുസരിച്ചുള്ള നല്ല തീരുമാനങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമായ ലക്ഷ്യത്തിലെത്തിക്കും….തീര്‍ച്ച….ആശംസകള്‍……