സജി വർഗീസ്.
“മേരിക്കുട്ടീ…….”
“ജോമോൻ വിളിച്ചിരുന്നോടീ…”,
“എടീ മേരിക്കുട്ടിയേ… നിനക്ക് ചെവി കേൾക്കാൻ മേലേ…..”,
കൊട്ടാരം തറവാടിന്റെ ഉമ്മറത്ത് ചാരുകസേരയിലിരുന്ന് വിളിക്കുകയാണ് മത്തായി ചേട്ടൻ.
“എന്നാ, മനുഷ്യാ,കിടന്നു തൊള്ളതൊറക്കണേ”.
“നിന്റെയപ്പനാടീ..തൊള്ളതൊറക്കണെ…
എന്നേക്കൊണ്ടൊന്നും പറയിക്കേണ്ട.. ങ്ങ്ഹാ….”.
“എന്നാ, മനുഷ്യാ…. ഞാനീ മുറ്റമടിച്ചുവാരുവാരുന്നു”,
“എല്ലാം കാടുകേറികെടക്കുവല്ലേ… മക്കളും മക്കടെ മക്കളുമായി,ആരും ഒരു കൈ സഹായത്തിനില്ലാതായി….”,
“കണ്ണടയ്ക്കുന്നവരെ ഞാൻ നയിച്ച് ജീവിക്കും”.
അമ്പതുവർഷങ്ങൾക്ക് മുമ്പ് മത്തായി ചേട്ടന്റെ കൈയും പിടിച്ച് മലബാറിലേക്ക് കുടിയേറിയതുമുതലുള്ള ജീവിതം പോരാട്ടം തന്നെയായിരുന്നു മേരിക്കുട്ടിയമ്മയ്ക്ക്.ആ അനുഭവത്തിന്റെ കരുത്ത് കണ്ണുകളിൽ കാണുവാൻ കഴിയും.
ന്യൂയോർക്ക്സിറ്റിയിലെ ബോഗൺവില്ല ഫ്ളാറ്റിൽ ആൻ മരിയയുടെ പതിനഞ്ചാം ജന്മദിനാഘോഷമാണ്.ആൻ മരിയയുടെ പപ്പ റോബർട്ട് മാത്യു എല്ലാവരെയും സ്വീകരിച്ചിരുത്തുന്നു.
റോബർട്ട് മാത്യുവിന്റെ ഭാര്യ ആലീസ് ജോലിചെയ്യുന്ന ന്യൂയോർക്ക്സിറ്റി ഹോസ്പിറ്റലിലെ നഴ്സിങ് ജീവനക്കാരെല്ലാവരുമുണ്ട്. റോബർട്ടിന്റെ റയിൽവേയിലെ സഹപ്രവർത്തകരുമുണ്ട്.
ആൻമരിയ തന്റെ സുഹൃത്തുക്കൾക്ക് വീഞ്ഞ് ഒഴിച്ചു നൽകുന്നു. ആഘോഷത്തിന്റെ ദിനം! ജന്മദിനാഘോഷ പരിപാടികൾ പൊടിപൊടിക്കുന്നു. ഉച്ചമുതലാണ് ജന്മദിനാഘോഷ പരിപാടികൾ ആരംഭിച്ചത്.
നാവിൽ കൊതിയൂറുന്ന രുചികരമായ മംഗോളിയൻ ഭക്ഷണമാണ് തയ്യാറാക്കി വച്ചിരിക്കുന്നത്. പലതരത്തിലുള്ള മത്സ്യങ്ങൾ, ചെമ്മീൻ, പച്ചക്കറികൾ ,ബീഫ്, ചിക്കൻ എന്നിവയെല്ലാം ആവോളമുണ്ട്.
താമരപ്പൂ പോലെയുള്ള മനോഹരമായ കേക്ക് ആൻമരിയ മുറിച്ചു.ഹാപ്പി ബർത്ത് ഡേ..ആൻമരിയാ…
ആഫ്രിക്കൻ നൃത്തച്ചുവടുകൾ!
സന്തോഷത്തിൽ പങ്കുചേരുവാൻ റോബർട്ടിന്റെ അനുജൻ ജോമോനും കുടുംബവുമുണ്ട്.
ന്യൂയോർക്ക് വിഭിന്ന സംസ്ക്കാരങ്ങളുടെ സംഗമഭൂമി… മലയാളികൾക്ക് ആഘോഷങ്ങളെല്ലാം ഒത്തുചേരലുകളാണ്.
“മേരിക്കുട്ടീ…. എന്തു ചെയ്യുവാടീ…. “,
“കഞ്ഞി യെടുക്കുന്നില്ലേടീ….”,
” അത്താഴപ്പട്ടിണി കിടന്ന്മരിക്കണോടീ…”
മത്തായിചേട്ടന്റെ വായിൽനിന്ന് സരസ്വതി മുഴുവൻ മുഴങ്ങുന്നുണ്ട്.
റോബർട്ടും ജോമോനുംറോസിമോളും ഓടിക്കളിച്ചുവളർന്ന തറവാട്വീട്.
മണ്ണിനോടും മലമ്പാമ്പിനോടും വന്യമൃഗങ്ങളോടും മല്ലടിച്ച്നീങ്ങിയ നാളുകൾ മത്തായിചേട്ടൻ ഓർത്തു കിടന്നു.
ആ വൃദ്ധന്റെ കണ്ണുകളിൽനിന്ന് കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ട്.
വിയർപ്പൊഴുക്കി കപ്പയും ചേനയും ചേമ്പും റബ്ബർതൈയുമൊക്കെ നട്ടുപിടിപ്പിച്ച്… ഉപ്പിട്ട കഞ്ഞി വെള്ളം മാത്രം കുടിച്ച് വിശപ്പടക്കിയ നാളുകൾ!
തറവാട് വീടിന്റെ ഒരുഭാഗം മെല്ലെ അടർന്നു വീഴാൻ തുടങ്ങിയിരിക്കുന്നു.
അടുക്കളയുടെ വടക്കുഭാഗത്ത് കരിയിലകൾ വീണുകിടക്കുന്നു. വള്ളിപ്പടർപ്പുകൾ ചുമരുകളിലേക്ക് കയറി തുടങ്ങിയിരിക്കുന്നു. കുളിമുറിയുടെ വാതിലുകൾ പൊട്ടിയടർന്നു തൂങ്ങിയാടുന്നു. കടവാവലുകൾ പറക്കുന്ന കലപിലശബ്ദം…
കാലിയായ ഗ്യാസ്കുറ്റിയും ഗ്യാസടുപ്പും പൊടിപിടിച്ചു കിടക്കുന്നു.
അടുപ്പത്ത് മൺകലത്തിൽ തിളച്ചു കൊണ്ടിരിക്കുന്ന കഞ്ഞിക്കൊപ്പം മേരിക്കുട്ടിയമ്മയുടെ മനസ്സുംതേങ്ങി.
അതേ സമയംന്യൂയോർക്കിലെ ബോഗൺവില്ലഫ്ളാറ്റിൽ മൈക്രോവേവ് ഓവനിൽനിന്നെടുത്ത ചിക്കൻകടിച്ചു വലിച്ച് വീഞ്ഞ്കുടിക്കുന്ന റോബർട്ട്…
അടിപ്പിലൂതി പുകയേറ്റ്കലങ്ങിയ കണ്ണുകൾ… പക്ഷേ ഒരിക്കലും തോൽക്കാത്ത മനോവീര്യം മേരിക്കുട്ടിയമ്മയുടെ മുഖത്തുണ്ടായിരുന്നു.
പുതുമഴയിൽ പെയ്ത മഴത്തുള്ളികൾ മത്തായി ചേട്ടന്റെ മുഖത്തേയ്ക്ക് പൊട്ടിയ ഓടിന്റെ വിടവിലൂടെ ഇറ്റിറ്റുവീണു കൊണ്ടിരുന്നു.
ശക്തമായകാറ്റും ഇടിമിന്നലും.. പഴകിയ മരവാതിലുകൾ അടയുന്നശബ്ദം….
നായയുടെ നീണ്ട ഓരിയിടൽ…
തിരയടങ്ങിയ കടലിന്റെയടിത്തട്ടു പോലെ ശാന്തമായ മനസ്സുമായി മത്തായിചേട്ടൻ മരക്കട്ടിലിൽ കിടന്നു.
“ഇച്ചായാ… അമ്മച്ചിക്ക് നല്ല സുഖമില്ല”.
“അയാം,സോറി റോസീ..പിന്നീട് വിളിക്കാം…, അല്പംതിരക്കിലാണ്”.
റോസിയുടെ കണ്ണുകൾനിറഞ്ഞു.
റോബർട്ടിച്ചായന്റെ കാലൊടിഞ്ഞ് പ്ളാസ്റ്റ റിട്ടപ്പോൾ അപ്പച്ചൻ തോളിലിരുത്തി സ്ക്കൂളിലേക്ക്കൊണ്ടുപോയത് റോസിയുടെ മനസ്സിൽനിന്നും മാഞ്ഞിരുന്നില്ല.
മത്തായിചേട്ടൻ ഏകമകളായ റോസിയെ പീറ്റർ എന്ന റബ്ബർ കച്ചവടക്കാരനുമായിട്ടായിരുന്നു വിവാഹം നടത്തിക്കൊടുത്തത്.
“അമ്മച്ചിക്ക് തീരെ വയ്യ.. ഏതെങ്കിലും നല്ല ആശുപത്രിയിലും കാണിക്കണം”.
“നീ മിണ്ടാതെപോയ്ക്കോണം… നാളെ രാവിലെ മൂന്നു നാലു ലോഡ് റബ്ബറ് കയറ്റിയയക്കാനുള്ളതാ..”,
“വേറെ രണ്ടാൺ മക്കളുണ്ടല്ലോ.. ഹോ, വല്യ അമേരിക്കക്കാരല്ലേ..”.
പീറ്റർ റബ്ബർ കണക്ക് പരിശോധിക്കുന്നതിനിടയിൽ പറഞ്ഞു.
മത്തായിചേട്ടൻ കവലയിലെ ചായക്കടയിലിരുന്ന് അത്യാവശ്യം പൊങ്ങച്ചംപറയാറുണ്ട്.
“റോബർട്ടും ജോമോനുംഅമേരിക്കയിലാ… അവരുടെ പെമ്പറോന്നോത്തിമാര് അമേരിക്കയില് നഴ്സാ..”.
പല്ലു പോയ മോണകാട്ടിച്ചിരിച്ചു കൊണ്ടുള്ള
ദേവസ്യയുടെ ചോദ്യം,”ഒബാമയെ കണ്ടിട്ടുണ്ടോ?
“പിന്നെ പറയാനുണ്ടോ… എത്ര വട്ടം അവർ കണ്ടിട്ടുണ്ടെന്നോ… തീവണ്ടിയില് ഒബാമയുടെ കൂടെ നിൽക്കുന്ന ഫോട്ടോ അയച്ചു തന്നിരുന്നു”.
“നീ ഇങ്ങനെ നിന്നാലോ പീറ്ററേ… നിനക്ക് ന്യൂയോർക്കിലേക്ക് പോകാൻ പാസ്പോർട്ടും വിസയുമെല്ലാം ജോമോൻ ശരിയാക്കിത്തന്നതല്ലേ.., ഓ… ക്ലീനിങ്ങ് ജോലി നിനക്കുപറ്റത്തില്ലല്ലോ.. “.
“എനിക്കീ റബ്ബറിന്റെ മണമടിച്ച് സെമിത്തേരീ പോയാൽ മതി.. അമേരിക്കയൊന്നും വേണ്ട… അപ്പച്ചാ..”. പീറ്റർ മത്തായി ചേട്ടനോട് എപ്പോഴും പറയും.
പിശുക്കനാണെങ്കിലും തന്റെ മലഞ്ചരക്ക് കടയുടെ അടുത്തുള്ള കോയമ്പത്തൂർ ആര്യവൈദ്യഫാർമസിയിൽനിന്ന് ധന്വന്തരംകുഴമ്പ് എല്ലാമാസവും മത്തായി ചേട്ടന് പീറ്റർവാങ്ങിനല്കും.
“മോനേ,ജോമോനേ…..വീടിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴാറായി…”.
“എനിക്ക് കേൾക്കേണ്ട… അപ്പച്ചാ.. ഞാൻ അങ്ങോട്ടില്ല.. പൊളിഞ്ഞു വീഴട്ടെ..”,
“എനിക്കാവീട് ആവശ്യമില്ല… മാത്രമല്ല മക്കൾക്കും അവിടുത്തെകൾച്ചർ ഇഷ്ടപ്പെടില്ല…”.
“ഉം… ശരി…”. മത്തായി ചേട്ടൻ തലയാട്ടിക്കൊണ്ട് ഫോൺവച്ചു.
ന്യൂയോർക്ക് സിറ്റി ഹോസ്പിറ്റലിൽ ഫാർമസിസ്റ്റാണ് ജോമോൻ.അതേ ആശുപത്രിയിൽതന്നെയാണ് ഭാര്യ ലീനയും ആലീസിന്റെ കൂടെനഴ്സായി ജോലിചെയ്യുന്നത്.
രണ്ടു കുട്ടികളാണവർക്കുള്ളത്. മൂത്ത മകൻ ജസ്വിൻ ഏഴാംക്ളാസിലും ഇളയ മകൻ ജെറോം നാലാംക്ളാസിലുമാണ് പഠിക്കുന്നത്.
“ഇല്ലമ്മച്ചീ,ലീവില്ല.. മാത്രമല്ല ഇവരുടെ പഠിത്തോം നോക്കണ്ടേ..”.
“കൊച്ചു മക്കളെ കാണാനൊരാഗ്രഹം…”.
“അമ്മച്ചീ,പിന്നീട് വിളിക്കാം, ആശുപത്രിയിൽ തിരക്കാ.. “.ഇതാണ് ലീനയുടെ സ്ഥിരം മറുപടി.
‘മക്കളും കൊച്ചു മക്കൾക്കും ആപത്തൊന്നും വരുത്തരുതേ..’ മേരിക്കുട്ടിയമ്മ മാതാവിന്റെ രൂപത്തിനു മുൻപിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കും.
“എടീ… മേരിക്കുട്ടീ..കഞ്ഞിയില്ലേടീ… ഈ എരണംകെട്ടവൾ.. വിളിച്ചാലും കേൾക്കില്ലേ… “.മത്തായി ചേട്ടൻ തോളത്തുള്ള തോർത്തുമുണ്ടുകൊണ്ട് മുഖംതുടച്ച് അടുക്കളയിലേക്ക് നടന്നു നീങ്ങി.
“മേരിക്കുട്ടീ… എന്നാ,പറ്റിയെടീ…. “.ആ ഹൃദയംപൊട്ടുമാറുച്ചത്തിൽ മത്തായി ചേട്ടൻ അലറിവിളിച്ചു കരഞ്ഞു.
“എന്റെ മാതാവേ… ഒന്നും വരുത്തല്ലേ…”
അടുക്കളയിൽ വീണു കിടക്കുന്ന മേരിക്കുട്ടിയമ്മ..
ആ കണ്ണുകൾ അപ്പോഴും ന്യൂയോർക്കിലുള്ള കൊച്ചു മക്കളെ തിരയുകയാണെന്ന് തോന്നി….. രാത്രിയിൽ വിദൂരതയിൽ നിന്നേതോ ഭ്രാന്തൻ നായയുടെ വിലാപം മുഴങ്ങി കേൾക്കുന്നുണ്ട്.
ന്യൂയോർക്കിൽ ഉച്ചയ്ക്കുള്ള പാർട്ടിയും കഴിഞ്ഞ് ആൻമരിയയുടെ ജന്മദിനത്തിനു വന്നയാളുകൾ മടങ്ങിത്തുടങ്ങിയിരുന്നു.
കൊച്ചു മക്കളെ കാണുവാനുള്ള ആഗ്രഹം ബാക്കിയാക്കി ഭൂമിയാം അമ്മയുടെ മാറിൽ തലചായ്ച്ചു കിടക്കുന്ന മേരിക്കുട്ടിയമ്മയുടെ നിശ്ചല ശരീരത്തിനടുത്തിരുന്ന് മത്തായി ചേട്ടൻ വിലപിച്ചു.” എടീ.. മേരിക്കുട്ടീ എണീക്കെടീ… കഞ്ഞിയെടുത്തുതാടീ…. നിന്റെ മത്തായിച്ചനു വിശക്കുന്നെടീ…”.
മൺകലത്തിലെകഞ്ഞി തിളച്ചുമറിഞ്ഞ് അടുപ്പിലെ തീ കെട്ടുപോയിരുന്നു.
വീണ്ടും ഭ്രാന്തൻനായയുടെ നീണ്ട ഓരിയിടൽ….
കനത്തകാറ്റിൽ തറവാടിന്റെ വലതുഭാഗം ഇടിഞ്ഞു വീണു.
മത്തായി ചേട്ടന്റെ വലതുകരവും തളർന്നു…
കാടുപിടിച്ച മുറ്റത്തെ കാട്ടുചെടിക്കുള്ളിൽ ഞെരിഞ്ഞമർന്നുനിന്ന നിശാഗന്ധി പൂക്കൾവിടരുന്ന സുഗന്ധം.