ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: നടന്‍ ഷാജുവിന്റെ അഭ്യര്‍ത്ഥന ജനങ്ങള്‍ ഏറ്റെടുത്തു. ഗോപികയ്ക്കും അച്ഛനും സഹായവുമായി സുമനസ്സുകള്‍ എത്തിത്തുടങ്ങി. ഗോപിക എന്ന പത്താം ക്ലാസുകാരിയുടെയും പ്രമേഹം ബാധിച്ച് കാലുകള്‍ രണ്ടും തകരാറിലായ അവളുടെ അച്ഛന്റെയും കഥ തന്റെ ഫേസ്ബുക്ക് പേജിലൂടെ നടന്‍ ഷാജുശ്രീധര്‍ പങ്കുവച്ചിരുന്നു. പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ ഗോപികയുടെ വീടിന്റെ മേല്‍ക്കൂര കൂടെ തകര്‍ന്നപ്പോള്‍ ആശ്രയമില്ലാതെ വീടിനോട് ചേര്‍ന്നു കഴിഞ്ഞ അവരുടെ വിഡിയോയും വാര്‍ത്തയും കണ്ട് നിരവധി പേരാണ് തങ്ങളുടെ ചെറു സഹായങ്ങളുമായി എത്തിയത്. കഴിഞ്ഞ ബുധനാഴ്ചവരെ 2.41 ലക്ഷം രൂപയാണ് ഫെഡറല്‍ ബാങ്കില്‍ ഗോപികയുടെ പേരില്‍ തുടങ്ങിയ അക്കൗണ്ടിലേക്ക് എത്തിയത്.
ഈ തുക ഗോപിക പഠിക്കുന്ന സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഷാജു ഗോപികയ്ക്കും അനുജന്‍ ഗോകുലിനും കൈമാറി. ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ സിന്ധു ആര്‍ എസ് നായര്‍, ലാന്റ് ലിങ്ക്‌സ് മാനേജിങ്ങ് ഡയറക്ടര്‍ സേതുമാധവന്‍,പഞ്ചായത്തംഗം വിആര്‍ രാജേഷ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ദേവയാനി, പിടിഎ പ്രസിഡന്റ് കാജാ മൊയ്തീന്‍,മസ്‌കറ്റിലെ പാലക്കാട് ഫ്രണ്ട്‌സ് കൂട്ടായ്മ പ്രതിനിധി പി ശ്രീകുമാര്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. തന്റെ എളിയ അഭ്യര്‍ത്ഥന കണ്ട് സഹായിച്ചവര്‍ക്ക് ഷാജു നന്ദിയും അറിയിച്ചു.
മഴയില്‍ വീടിന്റെ മേല്‍ക്കൂരയിലെ ഓട് പൊട്ടിവീണ് പരിക്കേറ്റ പതിനഞ്ചുകാരിക്കുവേണ്ടി സോഷ്യല്‍മീഡിയയില്‍ സഹായാഭ്യര്‍ത്ഥനയുമായി നടന്‍ ഷാജു ശ്രീധര്‍ എത്തയിത് കഴിഞ്ഞ ആഴ്ചയിലായിരുന്നു. ഗോപികയുടെ അച്ഛന്‍ പ്രമേഹരോഗിയായി തളര്‍ന്നുകിടക്കുകയാണ്. 15 വയസ്സുകാരിയായ ഗോപികയാണ് അച്ഛന്റെ എല്ലാ കാര്യവും നോക്കുന്നത്. ഓടുമേഞ്ഞ ഒരു കൊച്ചുവീടാണ് ഇവര്‍ക്കുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ശക്തമായ മഴയിലും കാറ്റിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്നു ഗോപികയുടെ തലയ്ക്ക് പരുക്ക് പറ്റിരുന്നു. ഇതോടെ തല ചായ്ക്കാന്‍ ഇടമില്ലാതായി. സ്‌കൂളിലെ ഉച്ച സമയത്തെ ഇടവേളയില്‍ വീട്ടില്‍ എത്തിയാണ് ഗോപിക അച്ഛന് ഭക്ഷണവും മരുന്നും കൊടുക്കുക. ചില ദിവസങ്ങളില്‍ ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയുണ്ടാവാറില്ലെന്നും ഷാജു ശ്രീധര്‍ പറഞ്ഞിരുന്നു.