ജോണ്‍സണ്‍ ചെറിയാന്‍.
ദുബായ്: ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടവുകളില്ലാതെ വഞ്ചിച്ചെന്ന കേസില്‍ യുഎഇയില്‍ തടവില്‍ കഴിഞ്ഞിരുന്ന പ്രമുഖ മലയാളി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായെന്ന് റിപ്പോര്‍ട്ട്. യുഎഇ സ്വദേശിയായ പ്രമുഖനായ ഒരു വ്യവസായി ബാങ്കുകളുമായും സര്‍ക്കാരുമായും നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് രാമചന്ദ്രന്റെ ജയില്‍ മോചനം സാധ്യമായതെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎഇയിലെ ബര്‍ദുബായിലെ തന്റെ വസതിയിലുള്ള അദ്ദേഹം തന്റെ ചില ആസ്തികള്‍ വിറ്റ് കടബാധ്യതകള്‍ തീര്‍ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഈ വാര്‍ത്തകള്‍ അറ്റ്‌ലസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നില്ല.
2015 ഓഗസ്റ്റ് 23 നാണ് അന്ന് 74 വയസുണ്ടായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ അറസ്റ്റിലായത്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്തതിനെത്തുടര്‍ന്ന് ബാങ്കുകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു തൃശൂര്‍ സ്വദേശിയായ അദ്ദേഹത്തെ ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തത്. 15 ബാങ്കുകളുടെയും അധികൃതര്‍ യോഗം ചേര്‍ന്ന്, യുഎഇ സെന്‍ട്രല്‍ ബാങ്കിനെ സമീപിക്കുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു നടപടി. 2015 ഡിസംബര്‍ 11ന് ദുബായ് കോടതി രാമചന്ദ്രന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.