ജോണ്‍സണ്‍ ചെറിയാന്‍.
രാമേശ്വരം: മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്‍റെ സ്മരണാർഥം രാമേശ്വരത്തെ പേയ് കരുന്പിൽ നിർമിച്ച സ്മാരകം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. അബ്ദുള്‍ കലാമിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായുള്ള പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സ്മാരകത്തിൽ ലൈബ്രറി, മ്യൂസിയം, കോണ്‍ഫറൻസ് ഹാൾ എന്നിവയ്ക്കു പുറമേ കലാമിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.
മന്ദിരം സന്ദര്‍ശിച്ച പ്രധാനമന്ത്രി, അബ്ദുല്‍ കലാമിന്റെ ബന്ധുക്കളോട് സുഖാന്വേഷണം നടത്തി. ശേഷം കലാമിന്റെ പ്രതിമ അനാശ്ചാദനം ചെയ്തു. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനാണ് 15 കോടി ചെലവില്‍ സ്മാരകം പണിതിരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതവും സന്ദേശങ്ങളും അടങ്ങുന്ന തരത്തിലാണ് സ്മാരകത്തിന്റെ രൂപകല്പന.കലാമിന്റെ വീക്ഷണങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിനായുള്ള കലാം സന്ദേശവാഹിനിയെന്ന പ്രദര്‍ശന വാഹനത്തിന്റെ ഭാരത പര്യടനവും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.
വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ഒക്ടോബര്‍ 15 കലാമിന്റെ ജന്മദിനത്തില്‍ രാഷ്ട്രപതി ഭവനില്‍ എത്തിച്ചേരുന്ന തരത്തിലാണ് പര്യടനം ഏർപ്പാടാക്കിയിരിക്കുന്നത്. കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും അബ്ദുള്‍ കലാമിന്റെ ബന്ധുക്കളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തു.