സുധീര്‍ മുഖശ്രീ.
(സിനിമ നിരൂപണം: സുധീര്‍ മുഖശ്രീ (ഫിലിം പ്രൊഡ്യൂസര്‍))
മിന്നാമിനുങ്ങ് ഒരു അവാര്‍ഡിന്റെ പരിവേഷം ഉള്ളതുകൊണ്ടാവാം തീയേറ്ററുകളിലും ആ ഒരു മിന്നലാട്ടം മിന്നാമിനുങ്ങിന്റെ ഇത്തിരിവെട്ടം പോലെ അനുഭവപ്പെട്ടത്. അതുകൊണ്ട് തന്നെ അധികം ആരവവും ബഹളവും ഇല്ലാതെ ഈ സിനിമ നന്നായി ആസ്വദിക്കാന്‍ എനിക്ക് പറ്റി. ഇതൊരു സ്ത്രീപക്ഷ സിനിമയെന്ന് തന്നെ വിശേഷിപ്പിക്കാന്‍ എനിക്കാവില്ല. അതാണ് സത്യവും എന്നാണ് എനിക്ക് തോന്നുന്നത്. അറുപതുകളിലും എഴുപതുകളിലും കുടുംബപ്രേക്ഷകരെ കുടുംബസമേതം തന്നെ സിനിമ കോട്ടയിലേയ്ക്ക് ആകര്‍ഷിച്ച ഒരു വിഷയം ഇന്നത്തെ കാലഘട്ടത്തില്‍ ഒരു തരിപോലും ബോറടിപ്പിക്കാതെ സബ് ജക്ടിന്റെ സൂക്ഷ്മമായ കാതല്‍ ഒട്ടും ചോരാതെ ഇന്നിന്റെ എല്ലാ രൂപഭാവ താളലയത്തോടെയും അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഇതിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. സുരഭിലക്ഷ്മി എന്ന നടിയുടെ അനിതരസാധാരാണമായ അഭിനയവും കൂടിയായപ്പോള്‍ ആ അഭിനന്ദനം പ്രേക്ഷകരുടെ മനസിനെ ഒരു മഴവില്‍ കാഴ്ചയുടെ ഏഴുനിറങ്ങള്‍ക്കും അപ്പുറത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയി എന്ന് പറയാതിരിക്കാനാവില്ല. സിനിമ പ്രധാനമായും ഒരു ദൃശ്യകലയാണ്.
ദൃശ്യങ്ങളുടെ വശ്യസൌന്ദര്യവും അര്‍ത്ഥസമ്പുഷ്ടിയുമാണ് ഈ കലയെ മുന്നോട്ട്
നയിക്കേണ്ടത് എന്നാണ് എന്റെ വിശ്വാസം. അതിനുള്ള ഒരു സപ്പോര്‍ട്ട് മാത്രമേ സംഭാഷണങ്ങള്‍ക്ക് ആകാവൂ. ഈ സംഭാഷണങ്ങള്‍ ഉരുവിടേണ്ടത് നമ്മുടെ അധരങ്ങളും നാവും ഉപയോഗിച്ചല്ല. മറിച്ച്, കഥാപാത്രത്തിന്റെ ആത്മാവിന്റെ ആ അന്തര്‍ധാരയില്‍ നിന്നുമാണ്. സിനിമയുടെ ഈ ബാലപാഠം അതിസമര്‍ത്ഥമായി പ്രയോഗിച്ചിരിക്കുന്നു ഇതിന്റെ തിരക്കഥാകൃത്ത് ശ്രീ. മനോജ് രാംസിങ്. അഭിനന്ദനങ്ങള്‍….മിസ്റ്റര്‍ മനോജ്… പ്രസിദ്ധ സംവിധായകനായ ശ്രീ ഹിച്ച് ഹോക്കിന്റെ വാക്കുകള്‍ ഇവിടെ ഒന്ന് കടമെടുക്കുകയാണ്. അതിസമര്‍ത്ഥമായി ഒന്നും ചെയ്യാതിരിക്കുന്ന ഒരാളാണ് ഏറ്റവും മികച്ച സ്ക്രീന്‍ ആക്ടര്‍. സിനിമയില്‍ പ്രതിഭാശാലിയായ ഒരു നടന്റെ അല്ലെങ്കില്‍ നടിയുടെ ആവശ്യമില്ല. സംവിധായകനും ക്യാമറയും ആവശ്യപ്പെടുന്നത് അനുസരിച്ച് അയാള്‍ പെരുമാറിയാല്‍ മാത്രം മതി. ഇതാണ് ഹിച്ച് ഹോക്കിന്റെ വാക്കുകള്‍.
അതായത്, സിനിമയില്‍ അഭിനയം എന്നൊന്നില്ല. കഥാപാത്രമായി മാറുക, പെരുമാറുക അല്ലെങ്കില്‍ ഒരു പകര്‍ന്നാട്ടം നടത്തുക എന്ന കര്‍ത്തവ്യമാണുള്ളത്. ഈ കര്‍ത്തവ്യം ഈ സിനിമയിലെ മുഖ്യകഥാപാത്രം മുതല്‍ അപ്രധാനം എന്ന് തോന്നുന്ന കഥാപാത്രങ്ങള്‍ വരെ ഏറ്റവും ഭംഗിയായി നിറവേറ്റിയിരിക്കുന്നു എന്നുതന്നെയാണ് ഇതിന്റെ ഏറ്റവും
നല്ല ഒരു പ്രത്യേകത. തീര്‍ച്ചയായും അതിന് നേതൃത്വം നല്‍കുന്നതാകട്ടെ സുരഭിലക്ഷ്മി എന്ന മഹാനടി തന്നെയാണ്. ഒരേ നിമിഷം എത്രയെത്ര ഭാവങ്ങളാണ് ആ അമ്മയുടെ മുഖത്ത് മാറി മാറി മറിഞ്ഞ് മിന്നലാട്ടം നടത്തുന്നത്. എത്ര യാഥാര്‍ത്ഥ്യ ബോധത്തോടെയാണ് അവരുടെ ഓരോ സംഭാഷണ രീതിയും അതനുസരിച്ചുള്ള അവരുടെ ബോഡി ലാംഗേജും. അതിഗംഭീരം, അപാരം, അല്ലെങ്കില്‍ അവിസ്മരണീയം എന്നൊക്കെ പറയുന്നത് ഒരു പോരായ്മ തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്.
അതുകൊണ്ട് തന്നെ അങ്ങനെ ഒരു സാഹസത്തിന് ഞാനിവിടെ മുതിരുന്നില്ല. അതുപോലെ തന്നെയാണ് ശ്രീ.പ്രേം പ്രകാശ്. അനായാസമായ ഒരു പരകായപ്രവേശം കൊണ്ട് എഴുത്തുകാരന്റെ രൂപവും ഭാവവും താളവുമൊക്കെ എളുപ്പത്തില്‍ സ്വന്തമാക്കാന്‍ അദേഹത്തിന് കഴിഞ്ഞു. കൂടാതെ, സഹായിയായി വരുന്ന കൃഷ്ണന്‍ ബാലകൃഷ്ണനും അച്ഛനായി വരുന്ന ബാല നാരായണനും അറുപതുകളിലും എഴുപതുകളിലുമൊക്കെ നമ്മുടെ ചുറ്റുപാടുകളില്‍ നമുക്ക് സുപരിചിതരായിരുന്ന ഈ മുഖങ്ങള്‍ ഇപ്പോഴും ഒരു ഗൃഹാദുരത്വത്തിന്റെ നൊമ്പരപ്പെടുത്തുന്ന നേര്‍ക്കാഴ്ച നമുക്ക് സമ്മാനിക്കും.തീര്‍ച്ച…. മകളായി വരുന്ന റെബേക്കാ സന്തോഷും കൂട്ടുകാരും പിന്നെ അമ്മയുടെ സഹായത്തിനെത്തുന്ന ആ കുട്ടിയും എന്തിന് പറയുന്നു ഗൌരവക്കാരനായ ആ ഓഫീസര്‍ പോലും നമ്മുടെയൊക്കെ മനസില്‍ മായാതെ മങ്ങാതെ നില്‍ക്കുന്നു എന്ന് പറയുമ്പോള്‍ അവര്‍ എത്രമാത്രം നമ്മില്‍ സ്വാധീനം ചെലുത്തിയിരിക്കുന്നു എന്ന് ഊഹിക്കാമല്ലോ. ഒരു സിനിമ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നമുക്ക് അനുഭവഭേദ്യമാകുന്നത് അതിന്റെ പശ്ചാത്തലസംഗീതത്തിലും എഡിറ്റിംഗിലും കൂടിയാണ്. കഥാസന്ദര്‍ഭങ്ങള്‍ക്ക് അനുസരണമായ പാശ്ചാത്തലസംഗീതവും, ഒഴുക്ക് നഷ്ടപ്പെടാത്ത എഡിറ്റിഗും ഇതിന്റെ ഒരു പ്രത്യേകത തന്നെയാണ്. അഭിനന്ദനങ്ങള്‍… അതുപോലെ തന്നെ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ വസ്ത്രാലങ്കാരവും മേയ്ക്കപ്പും നൂറില്‍ നൂറ് മാര്‍ക്ക് ഞാനിവിടെ നല്‍കുന്നു.
കലാസംവിധാനവും മികച്ചത് തന്നെ എന്ന് പറയട്ടെ. എനിക്ക് അനുഭവപ്പെട്ട ഒന്ന് രണ്ട് ചെറിയ ന്യൂനതകളും ഞാനിവിടെ പറയാന്‍ ആഗ്രഹിക്കുന്നു. തുടക്കത്തില്‍ സുരഭി പശുവിനെ കറക്കുന്ന ആ സീന്‍ , മറിയക്കുട്ടി എന്നാണെന്ന് തോന്നുന്നു ആ പശുവിന്റെ വിളിപ്പേര്. പശുവുമായി ആ അമ്മയ്ക്ക് നല്ല അടുപ്പമാണെന്ന് അവരുടെ സംഭാഷണങ്ങളില്‍ നിന്ന് നമുക്ക് വളരെ വ്യക്തമാണ്. പക്ഷേ, പാല്‍ കറക്കുന്ന ആ ഷോട്ടില്‍ അവര്‍ ഇരിക്കുന്നത് പശുവില്‍ നിന്ന് സ്വല്പം അകലം പാലിച്ചു തന്നെയാണ്. എന്തോ ഒരു പേടിപോലെ. ഒരു അപാകത എനിക്കിവിടെ ഫീല്‍
ചെയ്യുന്നു. അതുപോലെ അച്ഛന്‍ കോഴികളെ തുറന്ന് വിടുന്ന ആ രംഗം. കോഴികളുമായും അയാള്‍ക്ക് നല്ല പരിചയമാണ്. എന്നിട്ടും രാവിലെ കൂട് തുറന്ന് ഓരോ കോഴികളെയും അയാള്‍ സ്വയം പുറത്തേയ്ക്ക് എടുക്കുകയാണ്. സംവിധായകന്റെ ഒരു ചെറിയ സൂക്ഷ്മത കുറവ് ഇവിടെ എനിക്ക് അനുഭവപ്പെടുന്നു എന്ന് പറയാതിരിക്കാനാവില്ല. ഇനി ഇതിന്റെ സിനിമാട്ടോഗ്രാഫി. സത്യത്തിന്റെ നേര്‍ക്കാഴ്ചയാണ് ഫോട്ടോഗ്രാഫി. അത് അങ്ങനെതന്നെ ആവുകയും വേണം.
പക്ഷേ, സിനിമാട്ടോഗ്രാഫിയ്ക്ക് മറ്റൊരു തലമുണ്ട്. അല്പം അലങ്കാരപ്പണികള്‍ കൂടി അല്ലെങ്കില്‍ ചിത്രപ്പണികള്‍ കൂടി ചേര്‍ത്തുവെച്ചാലെ അത് ഒരു മഴവില്‍ കാഴ്ചയായി പ്രേക്ഷകമനസ്സില്‍ അനുഭവപ്പെടു. അതിന് ഛായാഗ്രാകന്‍ വെറും ഫോട്ടോഗ്രാഫറായാല്‍ മാത്രം പോരാ അല്പം കലാബോധവും കൂടി വേണം. ഈ സിനിമയില്‍ പ്രേക്ഷക മനസിന്റെ നെഞ്ചോരം ചേര്‍ത്ത് വെയ്ക്കാന്‍ പറ്റിയ ഫ്രേയിമുകള്‍ ദുര്‍ല്ലഭമാണ് എന്നൊരു തോന്നല്‍ എനിക്കുണ്ട്. അത് എന്റെ ഒരു വെറും തോന്നലാവട്ടെ എന്ന് ഞാനാഗ്രഹിക്കുന്നു. ഇതിന്റെ ഡി.ഒ.പി അതില്‍ അല്പം കൂടി ശ്രദ്ധിക്കണമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. ചുരുക്കത്തില്‍ വളരെ കുറച്ച് കൊച്ച് കൊച്ച് പോരായ്മകള്‍ ഉണ്ടെങ്കില്‍ കൂടി നട്ടെല്ലുള്ള തിരക്കഥയും സംഭാഷണങ്ങളും അംഗചലനങ്ങളും ഭാവചലനങ്ങളും ഒക്കെ അതിസൂക്ഷ്മവും അതിമനോഹരവുമാക്കി
കോര്‍ത്തിണക്കി ആ പോരായ്മകളെയൊക്കെ നിഷ് പ്രഭമാക്കിയിരിക്കുന്നു ഇവിടെ ശ്രീ അനില്‍ തോമസും കൂട്ടരും. ഒപ്പം സുരഭിലക്ഷ്മി എന്ന മഹാപ്രതിഭയും കൂടി ചേര്‍ന്നപ്പോള്‍ ആ കെമിസ്ട്രി പൂര്‍ണ്ണമായി. ഒരിക്കല്‍ കൂടി അനിലിനും കൂട്ടര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..ധൈര്യമായി മുന്നോട്ട് പോവുക. മനം നിറഞ്ഞ സന്തോഷത്തോടെ 10 – ല്‍ – 7 മാര്‍ക്ക് ഞാന്‍ ഈ സിനിമയ്ക്ക് നല്‍കുന്നു… നന്ദി … നമസ്ക്കാരം.
(ശ്രീ സുധീര്‍ മുഖശ്രിയെക്കുറിച്ച് ഒരു വാക്ക് : 14 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം 1989 – നാട്ടില്‍ തിരിച്ചെത്തി. 90 – കളില്‍ ടെലിഫിലിം, സീരിയല്‍ നിര്‍മ്മാണം, സംവിധാനം ഇതൊക്കെയായി മിനിസ്ക്രീനില്‍ അരങ്ങേറ്റം. തുടര്‍ന്ന് ബിഗ് സ്ക്രീനിലേയ്ക്ക്… ആദ്യം ഫൈനാന്‍സര്‍…പിന്നീട് അസി.ഡയറക്ടര്‍, തുടര്‍ന്ന് നിര്‍മ്മാതാവായും ഒരുപിടി സിനിമകള്‍. കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പറായിരുന്നു. മാക്ട മെമ്പര്‍ കൂടിയാണ്. സംഗീതത്തിനും നൃത്തത്തിനും ഒരു വ്യത്യസ്ത പുനരാവിഷ്ക്കരണം നല്‍കിക്കൊണ്ടുള്ള ഒരു തിരക്കഥയുടെ പണിപ്പുരയിലാണ് ഇപ്പോള്‍ ശ്രീ സുധീര്‍ മുഖശ്രീ . താമസം എറണാകുളം ജില്ലയില്‍ പാലാരിവട്ടം എന്ന സ്ഥലത്ത് )