സജി വർഗീസ്.
ഭ്രാന്തൻ മനോജിന് ഉറക്കം വരുന്നില്ല. ഇന്നേക്ക് തൊണ്ണൂറു ദിവസമായി ഉറങ്ങിയിട്ട്.
രാത്രിയിൽ ഇറാക്കിൽ.. ഇറാനിൽ.. ഇസ്രയേലിൽ.. സിറിയയിലെ യുദ്ധഭൂമിയിൽ അലമുറയിട്ട് കരയുന്ന പിഞ്ചുകുഞ്ഞുങ്ങൾ… വിധവകളുടെ വിലാപങ്ങൾ ഇവയ്ക്കിടയിലൂടെ യാത്ര തുടരുകയാണ്.
കാശ്മീരിലെ പൂഞ്ച് ജില്ലയിലെ അതിർത്തി ഗ്രാമത്തിലെ അഹമ്മദ്ഷാ തന്റെ കൃത്രിമ കാൽവച്ചുകെട്ടി പാടത്തേക്കിറങ്ങി.
പച്ചപിടിച്ച പാടത്തിന്റെ മധ്യഭാഗത്തേക്ക് നോക്കി അയാൾ നെടുവീർപ്പിട്ടു.പാക് സേനയുടെ കനത്തഷെല്ലാക്രമണത്തിൽ അരയേക്കറോളം നെൽക്കതിരുകൾ നശിച്ചുപോയിരുന്നു.
“അള്ളാ…. “.അഹമ്മദ് ഷിയിൽ നിന്നും നേർത്ത നിലവിളി ഉയർന്നു.
തന്റെ കുടിലിനു മുകളിലേക്ക് വീണ ഷെല്ലിൽനിന്നും തീ ആളിപ്പടരുന്നതും തീഗോളമായ് അലറിക്കരഞ്ഞുകൊണ്ട് പാടത്തേക്കോടുന്ന തന്റെ പുന്നാരമോൾ ഫാത്തിമ…
അയാൾ കുഴഞ്ഞു പാടത്തേക്ക് വീണു .
സിറിയയിലെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട് തീ തുപ്പുന്ന ടാങ്കറുകൾക്കിടയിലൂടെ ഇഴഞ്ഞു നീങ്ങുന്ന ബാലൻ.
ബീഹാറിലെ ജന്മി ഭവൻ ദാസ് ഹൂഡയും സംഘവും മാനഭംഗപ്പെടുത്തിയതിനു ശേഷം മുറിച്ചുമാറ്റിയെറിഞ്ഞ മുലകൾ കരിഞ്ഞുണങ്ങിയ പാടത്ത് കിടന്ന് പിടയ്ക്കുന്നത് കാണാം.
ലാഹോറിലെ സ്ഫോടനങ്ങൾ… തീ തുപ്പുന്ന യന്ത്രത്തോക്കുകൾ…. നിലവിളികൾ… വിലാപങ്ങൾ… ശാപവാക്കുകൾ…..
വാഷിങ്ങ്ടണ്ണിലെ സെക്കൻഡറി വിദ്യാലയത്തിലെ ക്ളാസ് മുറിയിൽ പത്തു വയസ്സ് കാരന്റെ കൈയ്യിലുള്ള പിസ്റ്റളിൽ നിന്നുതിർന്ന വെടിയുണ്ടകളേറ്റ് പിടയുന്ന കുരുന്നുകൾ… സമാധാനത്തിന്റെ അടയാളമായ വെള്ള യൂണീഫോമിൽ ചുവപ്പ് പടർന്നു തുടങ്ങിയിരിക്കുന്നു.
വാഷിങ്ങ്ടൺ പള്ളിയിലെ സെമിത്തേരിയിൽ അലങ്കരിച്ച ശവകുടീരങ്ങൾക്ക് മുകളിലിരുന്ന് മുല്ലമൊട്ടുകൾ പോലുള്ള പല്ലുകൾ കാട്ടി ചിരിക്കുന്ന കുരുന്നുകൾ.
ബാറു തുറന്നതിന്റെ ആഹ്ളാദത്തിൽ കുടിച്ച് മദോന്മത്തനായ് വന്ന മകന്റെ അടിയേറ്റ് പിളർന്ന അമ്മയുടെ തലയോട്ടിയിൽ നിന്ന് രക്തം ചീറ്റിയൊഴുകുന്നുണ്ട്.. മകനു വേണ്ടി വിളമ്പിവച്ച ചോറിൽ രക്ത ശോണിമ പടർന്നു തുടങ്ങിയിരിക്കുന്നു.
കട്ടൻ ചായയും കുടിച്ച് ഒഴിഞ്ഞ വയറുമായ് മാനന്തവാടിയിലെ സർക്കാർ സ്ക്കൂളിലേക്ക് വേച്ച് വേച്ച് നടന്നു പോകുന്ന ആദിവാസി പെൺകുട്ടി…
എം ബി ബി എസ് പ്രവേശനം കിട്ടിയ മക്കൾക്ക് വിദ്യാഭ്യാസ ലോൺ കിട്ടാത്തതിനാൽ ആത്മഹത്യ ചെയ്ത അച്ഛന്റെ മരവിച്ച ശരീരം മോർച്ചറിയിലെ ശീതീകരിച്ച മുറിയിൽ ക്കിടക്കുന്നു…
മരിച്ചവന് സർക്കാർ നൽകുന്ന സമ്മാനമായ എ.സി. സൗകര്യം.
സിനിമ കാണുന്നതുപോലെ ഭ്രാന്തൻ മനോജ് കാഴ്ചകൾ കണ്ടുകൊണ്ടിരിക്കുകയാണ്..
പ്രപഞ്ചം വലിയൊരുസ്ക്രീൻ അയാൾക്ക് മുൻപിൽ നിവർത്തിവച്ചിരിക്കുകയാണ്…
കൺസ്ട്രക്ഷൻ കമ്പനിയിലെ സൂപ്പർവൈസറാണ് ഭ്രാന്തൻ മനോജ്.
ഒരു ദിവസം രാവിലെ ചാരുകസേരയിൽ ഇരുന്ന് ആകാശത്തെ നോക്കി ചിരിക്കുന്ന ഭർത്താവിനെയാണ് ഭാര്യ ലളിത കാണുന്നത്.
“മനോജേട്ടാ എന്തായിത്… ഇന്ന് ജോലിക്ക് പോകേണ്ടേ….”.
“കാഴ്ചകൾ കാണുവാനെന്തു രസം…. കാഴ്ചകൾ… കാഴ്ചകൾ……”. അയാൾ പുലമ്പിക്കൊണ്ടിരുന്നു.
“അമ്മേ… “.
“എന്താ മോളേ… “.
ജാനമ്മ ഓടി വന്നു.
“ഇതു കണ്ടോമ്മേ.. മനോജേട്ടനെന്താ പറ്റിയത് “.
“എടാ മനോജേ.. എന്താടാ… നീ മാനത്ത് നോക്കി ചിരിക്കണത്..”
“യുദ്ധം നടക്കുന്നുണ്ട്…. അധികാര യുദ്ധം…. കസേര കിട്ടാൻ… ഫോൺ കെണിയൊരുക്കുന്നു… കിടപ്പറ വരികൾ ചുളിയുന്നു… “.അയാൾ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.
“മക്കളേ വാ… കാഴ്ചകൾ കാണാലോ..
അച്ഛന്റെ മോളുവാ… ഓടി വാ…”.
അയാൾ ആരാധ്യ മോളെ.. മടിയിൽ പിടിച്ചിരുത്തി.
“അപ്പുക്കുട്ടനും വാ.. അച്ഛൻ… സിനിമ കാണുകയാ… “.
അപ്പുക്കുട്ടൻ അന്തം വിട്ടിരിക്കുകയാണ്.
ചാരുകസേരയിലിരുന്നാടുന്ന മനോജിനെ കുട്ടികൾ “ഭ്രാന്താ… ഭ്രാന്താ…”, എന്ന് കൂക്കി വിളിച്ചു.
ഒന്നാം ക്ളാസിൽ പഠിക്കുന്ന അപ്പുക്കുട്ടന് സങ്കടമായി.
“അമ്മേ എല്ലാരും… ” അച്ഛന് ഭ്രാന്താണെന്ന് പറയുന്നു “.
ലളിത അപ്പുക്കുട്ടനെ കെട്ടിപ്പിടിച്ചു കരഞ്ഞു.
ഒന്നാം ക്ളാസിൽ പഠിക്കുന്ന അപ്പുക്കുട്ടനും എൽകെജിയിൽ പഠിക്കുന്ന ആരാധ്യമോൾക്കും ഫീസ് അടയ്ക്കാനുണ്ട്.
“അമ്മേ.. നാളെ ഫീസടച്ചില്ലെങ്കിൽ, അച്ഛനോട് സ്ക്കൂളിൽ വരാൻ മിസ്സ് പറഞ്ഞിട്ടുണ്ട് “.
ഉണ്ണിയപ്പം വിറ്റ് കിട്ടുന്ന കാശുകൊണ്ട് കുടുംബചിലവ് നടത്തുവാൻ ജാനമ്മ ബുദ്ധിമുട്ടി.
നഗരത്തിലെ പ്ലൈവുഡ്കമ്പനിയിൽ താൽക്കാലികമായ് ജോലിക്ക്പോകുവാൻ ലളിത തീരുമാനിച്ചു.
അയാൾ ഭക്ഷണം കഴിക്കുന്നത് ഒരു നേരം മാത്രമാണ്.ജാനമ്മയും ലളിതയും നിർബന്ധിച്ചാൽ മാത്രമേ കഴിക്കുകയുള്ളൂ.
അടക്കിവച്ച രതിയിൽനിന്നുത്ഭവിച്ച ഊർജ്ജം ആവാഹിച്ചെടുത്ത് പണത്തിനു വേണ്ടി കടിപിടി കൂടുന്നവർ… എം എൽ എ, മന്ത്രിമാർ, തുടങ്ങിയവരാകാൻ അഗ്രഹിക്കുന്നവരുടെ തിക്കിതിരക്കുകൾ അയാൾ കണ്ടു.
രതിയുടെ രഹസ്യലോകത്തെ കാഴ്ചകൾക്കായ് അയാൾസഞ്ചരിച്ചു തുടങ്ങി.
മാംസക്കച്ചവടത്തിന്റെ പിന്നാമ്പുറങ്ങൾ… നിസ്സഹായയായ പെൺ മനസ്സിന്റെ പിടച്ചിൽ.. എല്ലാം ഭ്രാന്തൻ മനോജ് കേൾക്കുകയും കാണുകയും ചെയ്തു.
അഴിമതികൾ, വാണിഭങ്ങൾ, ഒറ്റുകൊടുക്കൽ, രഹസ്യ ചർച്ചകൾ, അധികാര വടംവലികൾ തുടങ്ങിയവയുടെ ദൃശ്യങ്ങൾ അയാൾക്ക് ദൃശ്യമായി.
“മായക്കാഴ്ചകൾ…മായക്കാഴ്ചകൾ…”. അയാൾ പിറുപിറുത്തു കൊണ്ടിരുന്നു.
ഭൂമിയിലെ ഉത്തുംഗതലങ്ങളിലൂടെ അയാൾ സഞ്ചരിച്ചുകൊണ്ടിരുന്നു.
ആകാശമണ്ഡലത്തിനപ്പുറത്ത് നക്ഷത്ര ശോഭയിൽ തിളങ്ങുന്ന സിംഹാസനത്തിൽ നിന്നും ശബ്ദം മുഴങ്ങി കേൾക്കുന്നു. വലതു ഭാഗത്ത് സുഗന്ധ പുഷ്പങ്ങൾക്കിടയിൽ അനിർവ്വചീനമായ അനുഭൂതിയിൽ സകല സുഖങ്ങളുമനുഭവിച്ച് നിൽക്കുന്ന ജനത. ഭൂമിയിൽ വിശപ്പറിഞ്ഞവർ, കിടപ്പാടമില്ലാത്തവർ, ദുരിതമനുഭവിച്ചവർ, പീഢനമേറ്റവർ തുടങ്ങിയവരെല്ലാം വലതുഭാഗത്തുണ്ട്. ഇടതു വശത്തുള്ളവർ വലതുവശത്തേക്കു പോകുവാൻ യാചിക്കുന്നു. ഭൂമിയിൽ സകല സുഖങ്ങളും അനുഭവിച്ചവരും മനുഷ്യത്വം നഷ്ടപ്പെട്ടവരുമായ് ജീവിച്ചവരാണ് ഇടതു വശത്ത്. സിംഹാസനത്തിൽ നിന്നും തിളങ്ങുന്ന വാൾ മൂർച്ച കൂട്ടി ഉയർന്നു വന്നു. വിധിതീർപ്പിന് സമയമായ്..ഇടതു വശത്തുള്ളവർ വിലപിച്ചു കൊണ്ടേ യിരിക്കുന്നു.
“മായക്കാഴ്ചകൾ.. മായക്കാഴ്ചകൾ…” ഭ്രാന്തൻ മനോജ് പിറുപിറുത്തു.
അധികാരത്തിന്റെ അകത്തളങ്ങിലെ സംഭവങ്ങൾ ക്യാമറയിൽ ഒപ്പിയെടുത്തതുപോലെ ഭ്രാന്തൻമനോജ് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
അധികാരകേന്ദ്രങ്ങൾ വിളറിപിടിച്ചു.
ഭ്രാന്തൻ മനോജിനെ എങ്ങനെ ഇല്ലാതാക്കണമെന്ന് ചർച്ചചെയ്തു.
രാഷ്ട്രീയക്കാർ.. മന്ത്രിമാർ… ഭൂമാഫിയക്കാർ… എല്ലാവരും ഭയന്നു.
തന്നെക്കുറിച്ചുള്ള ചർച്ചകൾ അയാൾ അറിയുകയും വിളിച്ചു പറയുകയും ചെയ്തു.
മാധ്യമ പ്രവർത്തകർ അയാളുടെ വീട്ടിലേക്ക് വന്നുകൊണ്ടിരുന്നു.
മുറ്റത്തെ ചാരുകസേരയിലിരുന്ന് കാഴ്ചകൾ കണ്ടുകൊണ്ടിരുന്ന ഭ്രാന്തൻ മനോജിനെ വകവരുത്തുവാനായി രണ്ടു പേർ വന്നു.
പെട്ടന്ന് മേഘം ഇരുണ്ടു.. ആകാശത്ത് വെള്ളിടിവാൾ മിന്നി.. അതിലൊന്ന് മിന്നൽവേഗത്തിൽ വന്ന് അക്രമികളുടെ തലതെറിപ്പിച്ചു.
‘ഇത് തന്നെ അവസരം.’ഭ്രാന്തൻ മനോജിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
അയാളുടെ കൈകളിൽ വിലങ്ങ് വച്ച് സെൻട്രൽ ജയിലിലേക്കയച്ചു.
അന്ന് രാത്രി നഗരത്തിലെ വ്യവസായ പ്രമുഖൻ ഭ്രാന്തൻ മനോജിന്റെ വീടിന്റെ വാതിലിൽ മുട്ടി.ലളിതയുടെ കരിവീട്ടികടഞ്ഞെടുത്തതുപോലെയുള്ള ശരീരത്തിൽ അയാൾ നോട്ടമിട്ടിട്ട് കുറച്ചു കാലമായ്.
ആകാശമിരുണ്ടു.. ശക്തിയായ് കാറ്റു വീശി.. ശക്തിയായ കൊടുങ്കാറ്റിൽ അയാൾ വരാന്തയിൽ നിന്നും തെറിച്ച് മുറ്റത്തേക്ക് വീണു.തെക്കുഭാഗത്തുള്ള കൂറ്റൻമാവ കടപുഴകി അയാളുടെ ശരീരത്തിലേക്ക് പതിച്ചു.
രാവിലെ ആളുകൾ തടിച്ചുകൂടി… എല്ലാവരും പലതും അടക്കം പറഞ്ഞു.
“സ്ഥിരം പറ്റുകാരനായിരിക്കും… “.
“ഭ്രാന്തൻ മനോജേ കാഴ്ചകൾ കണ്ടിരുന്നോ… നിന്റെ ഓളുടെ…”.
അയാൾക്ക് മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല.. ശക്തിയായ മിന്നൽപ്പിണർ ഭ്രാന്തൻ മനോജിന്റെ കണ്ണുകളിൽ നിന്നും അയാളുടെ കണ്ണുകളിലേക്ക് പ്രവഹിച്ചു. ജയിലഴികൾ തകർന്നുവീണു.ഒരു കൊടുങ്കാറ്റുപോലെ ഭ്രാന്തൻ മനോജിറങ്ങിയോടി.
ലളിതയുടെ മടിയിൽ തലചായ്ച്ചയാൾ കിടന്നു. ജാനമ്മയേയും മക്കളേയും അടുത്തേക്ക് വിളിച്ചു.എല്ലാവരെയും അയാൾ കെട്ടിപ്പിടിച്ച് കരഞ്ഞു.
ശക്തിയായ കാറ്റു വീശി… വെള്ള വസ്ത്രങ്ങൾ ധരിച്ച വെള്ളച്ചിറകുള്ള പന്ത്രണ്ടു മാലാഖമാർ അയാളെയും കൊണ്ട് വിഹായസിന്റെ അനന്തതയിലേക്ക് പോയി.
ഞാൻ ഞെട്ടിയുണർന്നു. സമയം രാത്രി രണ്ടുമണി.. ശക്തിയായ് കാറ്റു വീശി… പുറത്ത് മഴയുടെ ശബ്ദം ഭയാനകമായ് തോന്നി. ദുഷിച്ച അധികാര കേന്ദ്രങ്ങളെന്നെ വരിഞ്ഞുമുറുക്കുവാൻ തയ്യാറാകുന്നതു പോലെ തോന്നി. ഭ്രാന്തൻ മനോജ് വരും… വരാതിരിക്കില്ല… തിന്മയുടെ ശക്തികളുടെ ഉറക്കം കെടുത്തുവാൻ… ഞാൻ പ്രതീക്ഷയോടെ വീണ്ടും ഉറങ്ങുവാൻ കിടന്നു.