ജോണ്‍സണ്‍ ചെറിയാന്‍.
വാഷിംഗ്ടണ്‍: എതിര്‍പ്പുകളെ അവഗണിച്ച് മിസൈല്‍ പരീക്ഷണം നടത്തുന്ന ഉത്തരകൊറിയയ്ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ചൈനയോട് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതിന്‍റെ തൊട്ടുപിന്നാലെയാണ് ട്രംപ് ആഞ്ഞടിച്ചത്. ഉത്തരകൊറിയയുടെ നിരുത്തരവാദപരമായ നടപടി ബെയ്ജിംഗ് അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ഇയാള്‍ക്ക് ഇതിനേക്കാള്‍ എന്തെങ്കിലും നല്ല കാര്യം ജീവിതത്തില്‍ ചെയ്യാന്‍ കഴിയുമോയെന്ന് ഉത്തരകൊറിയന്‍ പ്രസിഡന്‍റ് കിംഗ് ജോംഗ് ഉന്നിനെ പരിഹസിച്ച് ട്രംപ് ചോദിച്ചു. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി ദക്ഷിണകൊറിയന്‍ സൈന്യം സ്ഥിരീകരിച്ചതിനുശേഷമാണ് ട്രംപിന്‍റെ പ്രതികരണം. ഉത്തരകൊറിയ്ക്ക് മറുപടി നല്‍കാന്‍ ദക്ഷിണകൊറിയയും ജപ്പാനും ഇനിയും കാത്തിരിക്കുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
വടക്കന്‍ പ്യോംഗാംഗിലെ ബാങ്കിയൂണില്‍നിന്നു പ്രാദേശിക സമയം രാവിലെ 9.40ന് വിക്ഷേപിച്ച ബാലസ്റ്റിക് മിസൈല്‍ 930 കിലോമീറ്റര്‍ താണ്ടി ജപ്പാന്‍റെ സാന്പത്തിക മേഖലയില്‍(ഇഇഇസെഡ്) പതിച്ചെന്നു ജപ്പാന്‍ പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു.ഭൂഖണ്ഡാന്തര മിസൈലാണു ഉത്തരകൊറിയ വിക്ഷേപിച്ചതെന്നു ദക്ഷിണ കൊറിയയുടെ സൈന്യവും അറിയിച്ചു.
ഉത്തര കൊറിയ ഈ വര്‍ഷം നടത്തുന്ന 11-ാം ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണിത്. ഇതുവരെ വിക്ഷേപിച്ചതില്‍ നിന്നു വ്യത്യസ്തമായി പ്രതിരോധ മിസൈലുകളായിരുന്നു പരീക്ഷിച്ചത്. കഴിഞ്ഞ മെയില്‍ രണ്ടു മിസൈല്‍ പരീക്ഷണങ്ങള്‍ ഉത്തരകൊറിയ നടത്തിയിരുന്നു.