ജോണ്‍സണ്‍ ചെറിയാന്‍.
ചായക്കടക്കാരനില്‍ നിന്നും ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിലേക്കുള്ള നരേന്ദ്രമോദിയുടെ വളര്‍ച്ച പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ഇടം നേടാനൊരുങ്ങുകയാണ് മോദിയുടെ ഈ ചായക്കട. കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. ‘വഡ്നഗറിലെ റെയില്‍വേ സ്റ്റേഷനില്‍ ഒരു ചെറിയ ചായക്കടയുണ്ട്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ യാത്ര ആരംഭിച്ചത് അവിടെ നിന്നുമാണ്. ഈ പ്രദേശത്തെ ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തുകയാണ് നമ്മുടെ ലക്ഷ്യം’, തീരുമാനം അറിയിച്ചു കൊണ്ട് മഹേഷ് ശര്‍മ്മ പറഞ്ഞു.
ഗുജറാത്തിലെ മെഹ്സാന ജില്ലയിലുള്ള വഡ്നഗര്‍ റെയില്‍വേ സ്റ്റേഷനിലാണ് കുട്ടിയായിരുന്നപ്പോള്‍ മോദി ചായവില്‍പന നടത്തിയിരുന്ന ചെറുകട സ്ഥിതി ചെയ്യുന്നത്. എന്നാല്‍ പഴയ രീതിയിലല്ല, ചായക്കടയുടെ രൂപം അതേപടി നിലനിര്‍ത്തിക്കൊണ്ട് ചില മാറ്റങ്ങള്‍ വരുത്തിയായിരിക്കും പദ്ധതി നടപ്പിലാക്കുക.
പുരാവസ്തു വകുപ്പിലെയും കേന്ദ്ര സാംസ്കാരിക, വിനോദ സഞ്ചാര വകുപ്പിലെയും അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. ഷര്‍മിഷ്ട തടാകം പോലെയുള്ള സ്ഥലങ്ങള്‍ സ്ഥിതി ചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ് മോദിയുടെ ജന്‍മദേശമായ വഡ്നഗര്‍. റെയില്‍വേ മന്ത്രാലയവുമായി ചേര്‍ന്നായിരിക്കും പദ്ധതി നടപ്പിലാക്കുക.