കവിത മേനോൻ. (Street Light fb group)
ഇനിയുമൊരു പകലിനെ നേരിടുവതെങ്ങിനെ
ഇരുളിനെ ഞാൻ നെഞ്ചിലേറ്റിയതല്ലേ.
എന്തിനിനി ഉണരണം, ഉഷസ്സിനെപ്പുണരണം?
ഏകാന്തമാം നറുനിലാവെനിക്കില്ലേ.
ഓളങ്ങളിൽപ്പെട്ട് ഉഴലുവതെന്തിന്,
ഓർമ്മതൻ തീരത്തൊരു വിളക്കുമാടമില്ലേ.
കൺകോണിൽ കരിമഷി പടരുവതെന്തിന്,
കൈവിരലിൽ കവിതകൾ വിരിഞ്ഞതില്ലേ.
മനസ്സിൻചെപ്പിൽ, അർത്ഥങ്ങൾ തേടുന്നുവോ,
മയിൽപ്പീലികൾ പെറ്റുപെരുകിയല്ലോ.
ചന്ദ്രികതെളിയും രാവിന്റെ മറയിൽ,
ചിരിക്കും താരകൾ വഴികാട്ടിയില്ലേ.
താളമയമായ് മുളങ്കാടുകൾ പാടുന്നത്,
തളരാത്ത കാലത്തിൻ ഉണർത്തുപാട്ടല്ലേ.
പതിവായ് വരും കാറ്റേ, നീ കേട്ടുവോ,
പതിരില്ലാ മനമെന്റെ കണ്ടീല്ലയോ.
യവനിക നീക്കി, ഉദിച്ചൊന്നുയരുവാൻ,
യാതനകൾ പലതും നേരിട്ടതല്ലേ.
ഇനിയുമൊരു പകലിനെ മറക്കുവതെങ്ങിനെ,
ഇനിയുള്ള നാളുകൾ എനിക്കുള്ളതല്ലേ.
*********