ജോണ്‍സണ്‍ ചെറിയാന്‍.
ദുരൂഹ സാഹചര്യത്തില്‍ മരിച്ച അമ്മയുടെ മരണകാരണം തേടി കൈക്കൂലിയുമായി അഞ്ചുവയസ്സുകാരി പോലീസ് സ്റ്റേഷനിലെത്തി. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിനിയായ മന്‍വിയാണ് തന്റെ അമ്മയുടെ മരണ കാരണം അറിയാനായി മുത്തച്ഛനോടൊപ്പം പോലീസ് സ്റ്റേഷനില്‍ എത്തിയത്.
കൈക്കൂലി നല്‍കിയാലേ പോലീസ് നടപടിയെടുക്കൂ എന്നറിഞ്ഞ മന്‍വി തന്റെ നിക്ഷേപകുടുക്കയിലെ ചില്ലറ തുട്ടുകളുമായാണ് ഐ ജി ഓഫീസില്‍ എത്തിയത്. 2017 ഏപ്രിലിലാണ് മന്‍വിയുടെ അമ്മ സീമ കൗഷിക് ആത്മഹത്യ ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും കുടുംബാംഗങ്ങളും സീമയെ ഉപദ്രവിച്ചിരുന്നുവെന്ന് പിതാവ് പറയുന്നു. സീമയ്ക്കെതിരെ കുടുംബാംഗങ്ങള്‍ രണ്ട് വ്യാജ പരാതികളും പോലീസില്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ കേസുകള്‍ പിന്നീട് കോടതി റദ്ദാക്കി.
നാലു വര്‍ഷം മുമ്ബ് സീമയും ഭര്‍ത്താവും വേര്‍പിരിഞ്ഞതാണെങ്കിലും ഭര്‍ത്താവിന്റെ കുടുംബം സീമയെ ഉപദ്രവിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ ശല്യം സഹിക്കാതെ വന്നപ്പോഴാണ് സീമ ജീവനൊടുക്കിയതെന്നു മാതാപിതാക്കള്‍ പറയുന്നു. സംഭവത്തെ തുടര്‍ന്നു സീമയുടെ ഭര്‍ത്താവിനെ അറസ്റ്റു ചെയ്തുവെങ്കിലും കേസില്‍ തുടര്‍ നടപടി സ്വീകരിക്കാനും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനും കൈക്കൂലി നല്‍കണമെന്ന് പോലീസ് ആവശ്യപ്പെട്ടതായി പിതാവ് പറയുന്നു. മന്‍വിയുടെ പരാതിയില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ഉറപ്പ് നല്‍കിയ ഐ.ജി അവളെ സമാധാനിപ്പിച്ച് മടക്കിയയച്ചു.