Wednesday, November 27, 2024
HomePoems"എന്റെ ആകാശം". (കവിത)

“എന്റെ ആകാശം”. (കവിത)

"എന്റെ ആകാശം". (കവിത)

ദീപ അജയ്. (Street Light fb group)
എനിക്കുമുണ്ടൊരാകാശം.
വിലക്കുകളുടെ സീമകളില്ലാത്ത,
മാരിവില്ലിൻ ശോഭയാർന്നത്.
നിശയുടെ താഴ്‌ വാരത്ത്, സ്വയം
മറന്നു നീ മയക്കമാകുമ്പോൾ
ഞാനെന്റെ ചിതറിയതൂവലുകൾ
മെല്ലെ പരതി,പ്പെറുക്കിക്കൂട്ടും.
നീയരിഞ്ഞൊരെൻ ചിറകുകളപ്പോൾ,
വീണ്ടും മുളയ്ക്കാൻ തുടങ്ങും.
അനന്തരം ഞാനെൻകിനാവിൻ,
തേരിലേറിയമ്പരം ചുംബിക്കും.
നക്ഷത്രങ്ങളോട് കിന്നാരം ചൊല്ലി,
ചന്ദ്രിക തൂകും നിലാവതിൽ,
ഞാനിങ്ങനെ പാറിപ്പറക്കും.
എന്നെപ്പൊതിയുന്ന മഴത്തുള്ളികൾ
മിഴികളിലെ കണ്ണുനീരൊപ്പും.
നിന്റെ ദന്തക്ഷതത്താൽ നിണം പൊടിഞ്ഞൊരെൻ ചുണ്ടുകളിൽ
മഞ്ഞുതുള്ളികൾ ഉമ്മവയ്ക്കും.
തെന്നലെന്നെ തഴുകി തലോടും.
സ്വാതന്ത്ര്യത്തിന്നവസാനവാതിലുമടച്ച്
എന്റെനിർവ്വികാരതയിൽനീയലിയവേ
കടലോളം കള്ളമൊളിപ്പിച്ചു ഞാൻ
കാതു കൂർപ്പിച്ചുറക്കം നടിക്കും
ചുംബനത്തിന്റെ ശ്വാസംമുട്ടലുകളിൽ
പ്രാപ്പിടിയന്റെ നഖങ്ങൾക്കിടയിൽ,
ഉള്ളിലൊരു വെള്ളരിപ്രാവുകുറുകുന്നു.
കേഴും കിനാപ്പക്ഷി പറക്കാൻവെമ്പുന്നു.
എന്റെ വാനമിരുൾക്കാറു നിറഞ്ഞത്
മിഴിചിമ്മും താരകൾ മാടിവിളിക്കിലും,
തിരികെ മടങ്ങാതിരിക്കാനാവില്ലെനിക്ക്
വീണ്ടുമാ ശരപഞ്ചരപ്പക്ഷിയാകുവാൻ.
RELATED ARTICLES

Most Popular

Recent Comments