എഴുതി തീർത്തൊരു കഥയിലെ
അന്ത്യരംഗത്തിനായിനിയുമീ
കണ്ണീരെണ്ണയിലെഴുതിരിയിട്ട
ആട്ടവിളക്ക് തെളിക്കട്ടെ ഞാൻ?
കഴുത്തിനു മേൽ ശൂന്യതയാളുന്ന
ഉടൽ പുതച്ചിട്ടൊരാ കച്ചയിൽ
നിണമോ നിറമോ ചിത്രം വരഞ്ഞു?
വേറിട്ട ശിരസിലെ നേത്രങ്ങളിനിയും
നൂപുരധ്വനി തേടിയുഴറുന്നുവോ
ചിരിക്കുന്നുവോ നീയും ചിലമ്പേ?
നീതിവിധിക്കാത്ത രാജസഭയിലേ-
ക്കിനിയാണെന്റെ രംഗ പ്രവേശം
കണ്ണുകെട്ടിയ ന്യായാസനങ്ങളിലേ-
ക്കിനിയാണെന്റെ പടയോട്ടം
അഴിയും മുടിയിലുമാളും കണ്ണിലും
അവഗണനയ്ക്കുമേലാത്മരോഷം
ചിരിക്കുന്നുവോ നീയും ചിലമ്പേ?
സ്നേഹത്തിന്നുറവ കീറാത്ത
മനസ്സെന്ന ശിലകളിലീ ചിലയ്ക്കും
ചിലമ്പിനെ എറിഞ്ഞുടയ്ക്കണം
ചിതറുന്ന നോവിന്റെ രത്നങ്ങളെ
സീമന്തസിന്ദൂരമലിഞ്ഞ സ്വേദത്തെ
നേരു ചികയാത്ത രാജശാസനത്തെ
ഇനി മറവിയിലെറിയണം
സ്വപ്നങ്ങളെരിയുന്ന ചിതയിൽ നിന്നൊരു
തീനാളമെറിഞ്ഞീ മധുര കത്തിക്കണം
പുത്രിയെ, പത്നിയെ, അമ്മയെയറിയാത്ത
കാട്ടാള മനസ്സുകൾ തീയെടുക്കണം
ദേഹിയകന്നൊരീ നശ്വര ദേഹത്തെ
ഉപകാരസ്മരണയായഗ്നിക്ക് നൽകണം
നാളെയെൻ ചാരത്തിൽ നിന്നും
പുതുഗാഥകളെഴുതപ്പെടുമ്പൊഴും
ക്ഷേത്രാങ്കണങ്ങളിലെനിക്കായ് തിളയ്ക്കും
പൊങ്കാലക്കലങ്ങളിലൊരായിരം
നാരീനിശ്വാസങ്ങൾ വീണുടയുമ്പൊഴും
ധൂമപാളികൾ തീർത്ത കാർമേഘച്ചുരുളിൽ
വിതുമ്പുന്ന മാരിയായെന്നാത്മാവ് പിടയും
കണ്ണീർക്കണങ്ങളായീ ഭൂമി തൻ മാറിൽ
പെയ്തൊടുങ്ങുമ്പൊഴും ചിലമ്പുമെൻ
മനസ്സിന്റെ, നോവിന്റെ ഹിന്ദോളമാരറിഞ്ഞു?