പി എച്ച് സാബു. (Street Light fb group)
ദാസ് വെറുക്കപ്പെട്ടവനാണ്.ചെറുപ്പത്തിലേ നാട് വിട്ടു പോയവൻ .പഠിക്കാൻ ,താല്പര്യം നഷ്ട്ടപെട്ട് അലസനും തെമ്മാടിയും എന്ന പേര് സമ്പാദിച്ചാണ് അയാൾ നാട് വിട്ടു പോകുന്നത് .ഡിഗ്രിക്ക് പഠിക്കുമ്പോഴേ ..ചില മരംചുറ്റി പ്രേമം .കോളേജിലെ അടിപിടി ഗ്യാങ്ങിൽ അംഗം .അല്പസ്വല്പം കഞ്ചാവും …അനു ബന്ധ സേവയും.കാമുകിയെ …കൂട്ടുകാരോട് പന്തയം വച്ച് ,കോളേജിന്റെ നടുത്തളത്തിൽ വച്ച് പരസ്യചുംബനം നല്കിയവനത്രെ എന്റെ കഥയിലെ കഥാനായകൻ .ദാസ് എന്ന ദാസപ്പൻ.പിന്നീട് എല്ലാത്തിൽ നിന്നും ഒരൊളിച്ചോട്ടം .
പറിച്ചു നടുന്നത് മുബൈയിലേക്ക്. തിരക്കിൻറെ നഗരത്തിൽ ,അനാഥനായി വണ്ടിയിറങ്ങി .അലച്ചിലുകളുടെ …
ശമനത്തിന് ദീർഘകാലമെടുത്തു . കയ്യിലുള്ള പണം തീർന്നപ്പോൾ ,വിശ പ്പുമാറ്റാൻ ,പൈപ്പ് വെള്ളത്തെ ആശ്രയിച്ച ഭൂതകാലം ദാസ് ഇന്നലെപ്പോലെ ഓർക്കുന്നു .പിന്നെ ഒരു വാശി ആയിരുന്നു .ഉറപ്പുള്ള ഒരു തൊഴിൽ സംഘടിപ്പിക്കാനുള്ള നെട്ടോട്ടം .അവസാനം ഒരു ചെറു ശമ്പ ളത്തോടെ ഒരു ഫാക്ടറിയിൽ ജോലിക്ക് കയറി .സഹായിച്ചത് ….മോഹൻജി ആയിരുന്നു .പാലക്കാട് നിന്നും ഇരുപതുകൊല്ലം മുമ്പ് നാട് വിട്ടിറങ്ങി ..മുംബയിൽ സ്വന്തം നിലയിൽ ഒരു വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത മോഹൻദാസ് എന്ന മോഹൻജി .പല ദിവസം തൊഴിൽ തെണ്ടി ആ വാതിലിൽ മുട്ടി .കാണാൻ കഴിഞ്ഞത് മൂന്നാം ദിവസം .അവശതയും നൊമ്പരവുംകേട്ടപ്പോൾ ..മോഹൻജിയിൽ ഉണ്ടായ ഭൂതാനുകമ്പ ..നമ്മുടെ കഥാ നായകന് തുണയായി .തുടക്കം ചെറു വേതനത്തിൽ ….പിന്നെ സ്ഥിതി മെച്ചപ്പെട്ടു .
യൗവനത്തിന്റെ ഭാവപ്പകർച്ച .പിന്നെ ആത്മ പരിശോധന .കുറ്റ ബോധത്തിന്റെ സ്വാഭാവിക വികാസം ..അത് പശ്ചാത്താപത്തിലേക്കു വഴിമാറുമ്പോഴേക്കും വെള്ളിവരകൾ ….അയാളിൽ ചിഹ്നങ്ങൾ തീർത്തു .
പല വട്ടം ..ആഗ്രഹിച്ചു .നാട്ടിലേക്കുള്ള ഒരു മടക്കം .എന്തോ മനസ്സിന്റെ ഒരു ഭാഗം അപ്പോഴേക്കും വിലക്കുമായി രംഗ പ്രവേശം ചെയ്യും .എങ്ങനെ മറ്റുള്ളവരെ ഫേസ് ചെയ്യും .കെട്ട കാലത്തിന്റെ സ്മൃതികൾ ഒരു പ്രേതമായി അയാളെ വേട്ടയാടും . അതോടെ ആഗ്രഹത്തെ തളച്ച് ദാസ് സ്വയം ഒതുങ്ങും.ഇപ്പോൾ നാല്പതു കഴിഞ്ഞു . ഇവിടെയും വഴിത്തിരിവാകുന്നത് മോഹൻജി ആണ് .
ദാസ് ….ഇനിയൊരു യാത്രയാവാം ….അവധി പ്രശ്നമല്ല .പോയ് വരൂ —പൊടുന്നനെ ഒരു ദിവസം മോഹൻജിയുടെ വാക്കുകൾ .
മോഹൻജി …ഞാൻ…ആരെക്കാണാൻ ….എന്ന് മൊഴിയും മുമ്പ് ..അടുത്ത വാക്കുകളുമായി മോഹൻജി .
.ഞാൻ ടിക്കറ്റ് ഏർപ്പാടാക്കിയിട്ടുണ്ട് .ഒഴികഴിവു വേണ്ടാ ..പോയെ പറ്റൂ .ഏറെ വൈകി ..ഇനിയും
ന്യായം പറയണ്ട .
മോഹൻജി ..ഇതിനു മുമ്പ് എത്രയോ വട്ടം ഉപദേശിച്ചു .നാട്ടിൽ പോയ് വരാൻ … അപ്പോഴെല്ലാം ..പലതും പറഞ്ഞു ..ഒഴിവായി .ഇത്തവണ പെട്ടിരിക്കുന്നു .ഇനി ..രക്ഷയില്ല .
ലോഹിയുടെ അരയന്നങ്ങളുടെ വീട് മനസ്സിലേക്ക് വന്നു .മുംബയിൽ വച്ചാണ് പടം കണ്ടത് .മമ്മൂട്ടിയുടേയും ഭാര്യയുടെയും മക്കളുടെയും നാട്ടിലേക്കുള്ള മടക്കം .നൊസ്റ്റാൾജിക് ഫീൽ പകർത്തിയ ,ആ വരികൾ
ഇടയ്ക്കിടെ മൂളാറുണ്ട് ദാസ് .ഇപ്പോൾ വീണ്ടും മനസ്സിലേക്ക് വരുന്ന വരികൾ ..
കൊന്നപ്പൂ പൂക്കുന്ന നാട്ടിൽ
പൊന്നാര്യൻ കൊയ്യുന്നോരെന്റെ നാട്ടിൽ
വളർമാവിൻ കൊമ്പത്തെ കുഞ്ഞു കൂട്ടിൽ
വളർമാവിൻ കൊമ്പത്തെ കുഞ്ഞു കൂട്ടിൽ
ഹരിനാമം ചൊല്ലുന്നോരമ്മയുണ്ടേ
അമ്മയുണ്ടേ…
‘അമ്മയെ …ഒരു വട്ടം പോലും വിളിച്ചിട്ടില്ല .കത്തയച്ചിട്ടില്ല .’അമ്മ ഉണ്ടോ ഇപ്പോൾ .ഹരി നാമം ചൊല്ലാൻ ..തന്റെയമ്മയുണ്ടോ ?ഇങ്ങനെയൊരു മകൻ ….ഏതൊരമ്മക്കും അപമാനം …ഉണ്ടെങ്കിൽ തന്നെ ..കാണുമ്പോഴേ ആട്ടിയിറക്കണം തന്നെ ….ചിന്തകൾ സഞ്ചാരവേഗം കൂട്ടി ദാസിനെ കീഴ്പ്പെടുത്താൻ തുടങ്ങി എപ്പോഴോ …പൊഴിഞ്ഞ കണ്ണുനീർ ധാരയായി മാറി .നെഞ്ചിനു ഭാരം കൂടുന്നു ….തൊണ്ട വരളുന്നു …ദാസ് തൊണ്ടയിൽ കൈതടവി….അയാൾ വിവശനായി.
..അച്ഛൻ ..ശകാരിക്കുമ്പോൾ…അമ്മയുടെ സാരി മറച്ച് …അഭയം തേടിയിരുന്ന ബാല്യം .എപ്പോഴും’അമ്മ രക്ഷക്കെത്തിയിരുന്നു .അച്ഛന്റെ ….ശകാരങ്ങളെ …അമ്മയെ പരിചയാക്കി …വിജയിച്ച ചപലത …ദാസ്
ഓർത്തെടുത്തു .ഒച്ചയെടുക്കുമെങ്കിലും ..തല്ലാറില്ലായിരുന്നു അച്ഛൻ .എപ്പോഴെങ്കിലും വടിയൊടിച്ചാൽ ….കൊച്ചിനെ തല്ലാൻ പാടില്ലെന്ന്
ആക്രോശിക്കുന്ന ‘അമ്മ ….അച്ഛന്റെ അകാല മരണം .അതോടെ ആകെ തകർന്ന ‘അമ്മ .ആ അമ്മയെ ….ഉപേക്ഷിച്ച ഒളിച്ചോട്ടം .
നെടുവീർപ്പുകൾ ..ദാസിനെ വലയം ചെയ്തു …അയാൾക്ക് ശ്വാസം മുട്ടി .
…………….
നെടുമ്പാശ്ശേരിയിലെ …ലാൻഡിംഗ് സമയം എപ്പോഴോ പിഴച്ചു .അപ്രതീക്ഷിത …സാങ്കേതിക തകരാറുകൾ …..സമയ സൂചികയെ ,
മാറ്റി മറക്കുന്നു .ഇപ്പോൾ …അറുപത്തഞ്ചു കഴിഞ്ഞിരിക്കണം അമ്മക്ക് .
മൂന്നു ജോഡി ….സെറ്റുമുണ്ട്…മോഹൻജി വാങ്ങി വച്ചിരിക്കുന്നു .തനിക്കു
കുറച്ചു വസ്ത്രങ്ങൾ .കൂട്ടുകാർക്കു നല്കാൻ …സിഗരറ്റും …..ചില
വാസനതൈലങ്ങളും…മോഹൻജിയുടെ കരുതലുകൾ …തന്നിലെ അലസൻ …ഇതൊന്നും ശ്രദ്ധിക്കില്ലെന്ന് കണ്ടറിഞ്ഞ് ഇട പെടുന്ന മോഹൻജി .ഈ
സ്നേഹത്തിനു താൻ കടപ്പെട്ടിരിക്കുന്നു .
————————
കരിയിലകൾ ….പാകിയ മുറ്റം .മാറാല മൂടിയ വീടിനകം .നിശബ്ദതയെ ഭേദിക്കുന്ന കാൽപ്പെരുമാറ്റം വിതച്ച് ദാസ് ..നട കയറി .പ്രാവുകൾ .ഒച്ചവെച്ച് ..പറന്നകലുമ്പോൾ…അയാൾ പാതി തുറന്ന വാതിൽ വകഞ്ഞു മാറ്റി …അകത്തേക്ക് കടന്നു .വെളിച്ചം വറ്റിയ മൂലയിൽ ..ഒരു ചെറു റാന്തൽ .അതിന്റെ ….മിന്നലാട്ടങ്ങളിൽ …അയാൾക്കിപ്പോൾ അമ്മയെ കാണാം .ഇല്ല ..’അമ്മ …മരിച്ചിട്ടില്ല .പുതച്ചു മൂടി ..മുഖം മാത്രം പാതി …കാണിച്ചു
തന്റെ ‘അമ്മ കിടക്കുന്നു .ദാസിൽ ..ഒരാശ്വാസം പിറവികൊള്ളുകയാണ് .
അത് അകത്തളങ്ങളിൽ നിന്നും …അയാളിലേക്കരിച്ചിറങ്ങി .അയാൾ …ആ
പാദങ്ങളിൽ പിടിമുറുക്കി .ഒലിച്ചിറങ്ങുന്ന …നീർതുള്ളികൾക്ക്..പതിവിലേറെ ..ചൂടുണ്ടെന്നു അയാളറിഞ്ഞു .ഇപ്പോൾ
….അവ അമ്മയുടെ പാദങ്ങളെ നനയിച്ചിരിക്കുന്നു ….അയാളുടേത് …ഒരേങ്ങലടിയായ്..രൂപാന്തരം പ്രാപിച്ചിരിക്കുന്നു .അയാൾ തളരുന്നു …
———————————————————
ഒരു തലോടലിന്റെ മൃദുസ്പർശത്തിൽ ദാസ് ലയിക്കുകയാണ്.തളർന്ന
അമ്മക്ക് ഊർജ്ജം വച്ചിരിക്കുന്നു .മുടിയിഴകളിൽ കൈകൾ പായിച്ച് ..ആ കൈകൾ തന്നെ വലയം ചെയ്യുന്നു .നെറുകയിൽ തെരു തെരെ ചുംബനവർഷം.വാത്സല്യവും സ്നേഹവും ഒരു പെരുമഴയായി പെയ്തിറങ്ങുമ്പോൾ ,താങ്ങാനാവാത്ത ഹൃദയ ഭാരത്തിലേക്കു പ്രവേശിക്കുകയാണ് ദാസ് .
ഒരു വിശുദ്ധ ലാളനക്കു വിധേയനാവുകയാണ് അയാൾ .ആട്ടിയിറക്കിയില്ല .
ചീത്ത പറഞ്ഞില്ല . അതൊക്കെ കേട്ടിരുന്നെങ്കിൽ ,തെല്ലെങ്കിലും ആശ്വാസമായേനെ ..ഇവിടെ …ഈ സ്നേഹ സാഗരത്തിൽ അയാൾ ..നിശ്ശബ്ദനായി .അയാൾ അമ്മയെ നെഞ്ചോട് ചേർത്തു .വീണ്ടും …വീണ്ടും …
കൊഴിഞ്ഞു വീഴുന്ന ദിവസങ്ങൾ ….ആഴ്ചകളും മാസങ്ങളുമായി വികസിച്ചു .ഇരുപതു വർഷത്തെ ഒച്ച നിലച്ച ആ പഴയ തറവാടിന് ജീവൻ വച്ചിരിക്കുന്നു .തുളസിത്തറക്കു ജീവൻ വന്നു .മുടങ്ങിയ സന്ധ്യാനാമങ്ങൾ മടങ്ങി വന്നിരിക്കുന്നു .ഒരു കൊച്ചു കുട്ടിയെപ്പോലെ
അമ്മക്ക് ചുറ്റും കൂടി ദാസ് തന്റെ നഷ്ട ദിനങ്ങളെ തിരിച്ചു പിടിച്ചു .പാട്ടു പെട്ടിക്കു ജീവൻ വയ്‌പിച്ചപ്പോൾ ,ഒഴുകി വരുന്ന പാട്ടുകൾ …ദാസിലെ
മൂളിപ്പാട്ടുകാരനെ പൊടി തട്ടിയെടുക്കും .അയാൾ സന്തുഷ്ടിയുടെ …
ആനന്ദ ത്തിന്റെ ദിനരാത്രങ്ങളിൽ സ്വയം ലയിച്ചു ..
—————–
അലമാരയിൽ പഴയ സാധനങ്ങൾ പരതുമ്പോൾ ,ഒരു പഴയ ബ്ളാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ,ദാസ് കണ്ടെടുത്തു .അമ്മയോടും അച്ഛനോടും ഒപ്പമുള്ള ഒന്ന് .അൽപ സ്വല്പം മാഞ്ഞു തുടങ്ങിയിരിക്കുന്നു .
അച്ഛന്റെ ഫോട്ടോകൾ ഒന്നും തന്നെ വീട്ടിലില്ല .വേഗം ഫോട്ടോയുമായി ..
അയാൾ അമ്മക്കരികിലേക്ക് നടന്നു .
ഫോൺ എത്രനേരമായ് …അടിക്കുന്നു .ഇവന്റെ ചെവി കേൾക്കില്ലേ? അമ്മയുടെ ശകാരം .
മോഹൻജിയാണ് …..
ദാസ് …നീ .മുംബൈ ..മറന്നോ ?എന്ന് വരും ?
ഈ പോയ ദിനങ്ങളിൽ ..താൻ മോഹൻജിയെ പോലും വിളിച്ചില്ലെന്നു ദാസ് ഓർത്തു…താൻ ഒരു മര്യാദകെട്ടവൻ എന്ന് സ്വയം പറഞ്ഞു ദാസ് .
മോഹൻജി …..
ഇല്ല ….വരുന്നില്ല ഞാൻ ….ഇവിടം വിട്ട് എങ്ങോട്ടും……
അകത്തുനിന്നും തന്റെ പ്രിയ ഗാനം വീണ്ടും ഒഴുകിവരുന്നു…
കൊന്നപ്പൂ പൂക്കുന്ന നാട്ടിൽ
പൊന്നാര്യൻ കൊയ്യുന്നോരെന്റെ നാട്ടിൽ
വളർമാവിൻ കൊമ്പത്തെ കുഞ്ഞു കൂട്ടിൽ
വളർമാവിൻ കൊമ്പത്തെ കുഞ്ഞു കൂട്ടിൽ
ഹരിനാമം ചൊല്ലുന്നോരമ്മയുണ്ടേ
അമ്മയുണ്ടേ…
ദാസ് അകത്തേക്ക് നടന്നു …..