ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: തെന്നിന്ത്യയിലെ പ്രമുഖ നടി ഓടുന്ന കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തിലെ പുതിയ സംഭവ വികാസങ്ങളില്‍ നിലപാടറിയിച്ച് അമ്മ പ്രസിഡന്റും നടനും എംപിയുമായ ഇന്നസെന്റ്. നിലവിലെ വിവാദം അമ്മ യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. കോടതിയിലിരിക്കുന്ന വിഷയം ചര്‍ച്ച ചെയ്തിട്ടു കാര്യമില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നന്നായി നടക്കുന്നുണ്ട്. സിനിമയില്‍ ക്രിമിനലുകള്‍ ഉള്ളതായി അറിയില്ല. നടിയുടെ പേരു പറഞ്ഞു പരസ്യപ്രതികരണം നടത്തിയവര്‍ക്കെതിരെ പറയാനില്ല. കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും അവര്‍ക്കൊപ്പം നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവവമുണ്ടായപ്പോള്‍ തന്നെ ഞാന്‍ മുഖ്യമന്ത്രിയേയും പൊലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റയേയും വിളിച്ചിരുന്നു. അന്ന് ബെഹ്റ പറഞ്ഞത്, ‘ഇന്നസെന്റ് ഒരു കാര്യമുണ്ട് ആവശ്യമില്ലാത്ത കാര്യങ്ങളൊന്നും പറഞ്ഞിതു ചെയ്യരുത്. ഭംഗിയായിട്ട് കേസ് അതിന്റെ വഴിക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. അത്യാവശ്യമാണെങ്കില്‍ മാത്രമേ ചാനലില്‍ വരെ വന്നുപറയേണ്ട കാര്യമുള്ളൂ’.
ആ കേസ് മര്യാദയ്ക്കു നടക്കുന്നതുകൊണ്ടാണല്ലോ ഒന്നിലേറെ പ്രതികളെ പിടിച്ച് അകത്തിട്ടിരിക്കുന്നത്. അന്വേഷണം ഭംഗിയായി നടക്കുന്നുണ്ട്. ആരൊക്കെയാണ് പ്രതികളെന്നും ഗൂഢാലോചനയുണ്ടോയെന്നും തീരുമാനിക്കേണ്ടത് കോടതിയും പൊലീസുമാണ്. അന്വേഷണം നടക്കട്ടെ. കുറ്റം ചെയ്തത് ആരായാലും പിടിക്കപ്പെടണം. താന്‍ കുറ്റം ചെയ്തവരുടെ കൂടെ നില്‍ക്കുന്ന ഒരാളല്ല. സംഭവത്തിനു പിന്നില്‍ ഗൂഢശ്രമം ഉണ്ടോയെന്നു കണ്ടത്തേണ്ടത് പൊലീസാണെന്നും ഇന്നസെന്റ് പറഞ്ഞു.