ജോണ്‍സണ്‍ ചെറിയാന്‍.
കശ്മീര്‍: നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു.
ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഒരാളെ സൈന്യം പരിക്കുകളോടെ പിടികൂടുകയും ചെയ്തു.
കശ്മീരിലെ പൂഞ്ച് ജില്ലയിലായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. അതിര്‍ത്തിയില്‍ പതിവ് പട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്കു നേര്‍ക്കാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.
നേരത്തെ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. കാകപോറയിലും പുല്‍വാമയിലുമുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്കറെ ത്വയ്ബ ഭീകരരാണ് കൊല്ലപ്പെട്ടത്. ഭീകരരുടെ കൈയില്‍ നിന്നും രണ്ടു റൈഫിളും കണ്ടെത്തി. ബുധനാഴ്ച രാത്രിയില്‍ തുടങ്ങിയ ഏറ്റുമുട്ടല്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അവസാനിച്ചത്.
അതിര്‍ത്തി മേഖലയിലെ വിവിധയിടങ്ങളില്‍ കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായ സംശയത്തെ തുടര്‍ന്ന് സുരക്ഷാസേന തെരച്ചില്‍ നടത്തുകയാണ്. ബുധനാഴ്ച രാവിലെ ബാരമുള്ള ജില്ലയിലെ സോപോറില്‍ ഏറ്റമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.