Tuesday, November 26, 2024
HomeLiteratureഈയാംപാറ്റകൾ..... (കഥ)

ഈയാംപാറ്റകൾ….. (കഥ)

ഈയാംപാറ്റകൾ..... (കഥ)

സുജാത ശിവൻ. (Street Light fb group)
രാത്രി വളരെ വൈകിയിരുന്നെങ്കിലും ഉറങ്ങാൻ കഴിയാതെ കിടന്നത് ഭാഗ്യായി…
ഓർക്കാപ്പുറത്തു ചാറിയ വേനൽ മഴയറിഞ്ഞു ചാടിയെണീറ്റു.
മുറ്റത്ത്‌ ലൈറ്റിട്ട് ,
തലേദിവസം,തല്ലിഉണങ്ങാൻ മുറ്റത്താകെ വിരിച്ചിരുന്ന ചകിരിയൊക്കെയും വാരിക്കൂട്ടി തിണ്ണയിൽകയറ്റിയപ്പോഴേക്കും നന്നേ തളർന്നിരുന്നു…സഹായത്തിന് ചാരുവിനെ വിളിയ്ക്കണന്നു തോന്നിയില്ല.
പാവം.അവളുറങ്ങട്ടേയെന്ന് വിചാരിച്ച്,നനയാതെ,നന്നായി
പ്ലാസ്റ്റിക് ഷീറ്റുകളിട്ട് ചകിരിയൊക്കെ മൂടി,പതിയെ ഉറക്കത്തിലേക്ക്.
കുഞ്ഞേച്ചീ,കുഞ്ഞേച്ചീ,
വാതിലിലെ തുടരെയുള്ള മുട്ട് കേട്ട് ഞാൻ ഗാഢനിദ്രയിൽനിന്നും മോചിതയായി,ക്ഷീണംകൊണ്ട് എഴുന്നേൽക്കാതെ രണ്ടുമിനിട്ടുകൂടി നീണ്ടു നിവർന്നുകിടന്നുപോയി…
വീണ്ടും വിളി കേൾക്കുന്നു.
പതിയെ എഴുന്നേറ്റ് വാതിൽ തുറന്നു.
അനിയത്തിയാണ്…സാരംഗി….എന്റെ ചാരു.
എന്നേക്കാൾ നാലുവയസ്സിന്‌ ഇളപ്പം…
കയ്യിൽ ഒരു ഷീറ്റുംതലയിണയും ചേർത്തുപിടിച്ചിട്ടുണ്ട്..
ഉം,എന്താ ?
നീ ഉറങ്ങീലേ ഇതുവരേ ?
ഇല്ല,ഉറക്കം വരണില്ല ഏട്ത്തീ,ഉറങ്ങാൻ കിടന്നപ്പോ നന്നായൊന്നുറങ്ങി.കണ്ണ് തുറന്നിട്ട് ഓരോന്നൊക്കെ ആലോചിച്ചിട്ട് ഇപ്പൊ ഉറങ്ങാൻ പറ്റണില്ല .
ഞാൻ ഇവ്ടെ ഏട്ത്തീടെ അടുത്തുകിടന്നോട്ടെ ?
ഉം,വാ,വന്നുകിടന്നോള്.
ഒപ്പം ഞാൻ ഭിത്തിയിലെ ക്ലോക്കിലേയ്ക്ക് നോക്കി.
മണി രണ്ടുകഴിഞ്ഞിരിയ്ക്കുന്നു…
കിടന്നപാടേ അവൾ കണ്ണുകൾ പൂട്ടിക്കഴിഞ്ഞു..അടുത്തിരുന്ന് അവളെ ആകമാനം ശ്രദ്ധിച്ചുനോക്കി…
മുടിയാകെ നരവീണിരിയ്ക്കുന്നു.മുഖംപഴയ ഐശ്വര്യമൊക്കെ പോയി,വല്ലാതെ വരണ്ടുണങ്ങി,
പണ്ടവളുടെ കൊഴുത്ത ശരീരവും,ഭംഗിയുള്ള മുഖവുംകണ്ട് ,പൊതുവെ
മെല്ലിച്ച ശരീരപ്രകൃതിയായ എനിയ്ക്ക് അവളോട് അസൂയയും
ചെറിയ കുശുമ്പും തോന്നിയിട്ടുമുണ്ട്.”പാവം”.
ഓർമ്മകൾ വർഷങ്ങൾക്ക് വളരെയധികം പിറകിലേയ്ക്ക്.
അച്ഛനുമമ്മയ്ക്കും തങ്ങൾ മൂന്നുപെൺകുട്ടികൾ…ചെറുപ്പത്തിലേ അച്ഛന്റെ ആകസ്മിക മരണം…
മൂന്നുമക്കളേയും ചേർത്തുപിടിച്ച് കയർ പിരിച്ചും,ഓല മെടഞ്ഞും,കൂവ കുത്തിപിഴിഞ്ഞ് കൂവപ്പൊടി വിറ്റും,എന്ന് വേണ്ട കണ്ണിൽക്കണ്ട ജോലികൾ മുഴുവൻ ചെയ്തും,വിശ്രമമെന്തെന്നറിയാതെ,അവരെ വളർത്തിയെടുത്ത് ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞപ്പോഴേയ്ക്ക് മൂത്ത സഹോദരിയുടെ കല്യാണം,
അക്കച്ചിയുടെ ഇഷ്ടമറിഞ്ഞുതന്നെ അയൽപക്കക്കാരനായ യുവാവിന്,
ആ കുടുംബത്തിന്റെ ആവശ്യപ്രകാരം നടത്തിക്കൊടുക്കുമ്പോൾ അമ്മയും ഒപ്പം തങ്ങളും ആശ്വാസത്തിന്റെ, ഒപ്പം ഒരാൺതുണ വീടിനു സ്വന്തമാകുന്നതിന്റെ പുഞ്ചിരി പൊഴിച്ചു.
ഇപ്പൊ തങ്ങൾക്കും ഒരേട്ടനായി.
ഇനീപ്പോ തങ്ങൾ രണ്ടാളുടെയും കാര്യങ്ങൾ ഏട്ടന്റെ മേൽനോട്ടത്തിൽ ഭംഗിയായി നടത്തിത്തരും എന്ന സ്വപ്‌നങ്ങൾ പാഴ്ക്കനവുകളാവുന്നത് അവിശ്വസനീയതയോടെ നോക്കി നിൽക്കേണ്ടിവന്നു…
അക്കച്ചിയും ഏട്ടന്റെ വീട്ടുകാരുമായി ഒരിയ്ക്കലും പൊരുത്തപ്പെട്ട് പോയതേയില്ല…ആദ്യത്തെ കുറച്ചുവർഷങ്ങൾക്കകം,വീട്ടുകാരുമായി തല്ലിപ്പിരിഞ്ഞ്,മൂന്നുകുട്ടികളുമായി അവർ വീട്ടിലേയ്ക്ക് ചേക്കേറി..
അപ്പോഴും മറ്റൊരു വീട് ശരിയാവുമ്പോൾ അവർ മാറുമെന്നും,എന്റെ വിവാഹം നടത്തുമെന്നും ഒക്കെ പറയുന്നത് സന്തോഷത്തോടെ,അതിലേറെ വിവാഹജീവിതത്തോടുള്ള കൊതിയോടെയും മോഹങ്ങളോടെയുംതങ്ങൾ രണ്ടാളും അമ്മയും സന്തോഷത്തോടെ സമ്മതിച്ചു…
ദിവസങ്ങൾ,ആഴ്ചകൾ,മാസങ്ങൾ,വർഷങ്ങൾ,ഒക്കെയും ധൃതിയിൽ കടന്നുപോയി…
പഠിച്ച്,നല്ലൊരു ജോലി നേടണമെന്ന് ആഗ്രഹിച്ചിരുന്ന സാരംഗിയുടെ പഠനം പ്രീഡിഗ്രിയിൽ നിലച്ചിരുന്നു..അത്ര പഠിച്ചാൽ മതി ഏട്ടന്റെ കർശനനിർദ്ദേശമായിരുന്നു…
ഏട്ടനല്ലേ ,,സ്നേഹത്തോടെ അനുസരിച്ചു..ശേഷം അവളെ തയ്യൽക്ലാസ്സിൽ വിട്ടിരുന്നു..പക്ഷേ ഒരു സ്നേഹബന്ധത്തിൽ അവൾ പെട്ടുവെന്നറിഞ്ഞപ്പോൾ,ആ നാൽക്കവലയിട്ടുതന്നെ,ആ യുവാവിനെ മർദ്ദിച്ച് ഉത്തരവാദിത്വമുള്ള ഒരേട്ടനായി അയാൾ നാട്ടുകാർക്ക് മുന്നിൽ ഞെളിഞ്ഞുനിന്നു..
എന്നിട്ടും രാജു അവളെ കൂട്ടിക്കൊണ്ടുപോവാൻ ആവതുശ്രമിച്ചിരുന്നു…അപ്പോഴും അവൾ വാശി പിടിച്ചു..ഏടത്തിയുടെ കല്യാണം കഴിയാതെ അവൾ ഇറങ്ങിവരില്ലെന്ന് ശഠിച്ചുനിന്നു..അനിയത്തി അങ്ങനെ ഇഷ്ടപ്പെട്ട ആൾക്കൊപ്പം ഇറങ്ങിപ്പോയാൽ ചേച്ചിയ്ക്കൊരു നല്ല ബന്ധം കിട്ടില്ലെന്നും,കുടുംബത്തിന് ദുഷ്പ്പേരാവും എന്ന്തന്നെ ആ പാവം വിശ്വസിച്ചു…
വർഷങ്ങൾ മുന്നോട്ട്,
എനിയ്ക്ക് മുപ്പത്തേഴ്‌ വയസ്സ്,ആയപ്പോഴേയ്ക്കും,
ഇടയ്ക്കെപ്പോഴൊക്കെയോ നാട്ടുകാരെ ബോധ്യപ്പെടുത്താനെന്നോണം ചേട്ടൻ ഏതെങ്കിലും രണ്ടാം കെട്ടുകാരെയോ,അച്ഛനേക്കാൾ പ്രായമുള്ളവരേയോ,സംസാരശേഷിയും,കേഴ്വിശക്തിയും ഇല്ലാത്തവരേയും മറ്റും അനിയത്തിമാർക്കായി കണ്ടെത്തിക്കൊണ്ടുവന്നു..
ശേഷം വിവാഹം നടക്കുമെന്നായാൽ സ്ത്രീധനം കൊടുക്കാനുള്ള ശേഷിയില്ലെന്ന സ്ഥിരം പല്ലവിയിൽ ഒക്കെയും മുടക്കിവിട്ടുകൊണ്ടിരുന്നു..
കാലം ആർക്കുവേണ്ടിയും കാത്തുനിന്നില്ല…
എന്റെ കല്യാണംകഴിയാതെ,ചാരു ഇറങ്ങിച്ചെല്ലില്ലെന്ന് വാശിപിടിച്ചതിനാൽ രാജു മറ്റൊരു വിവാഹംകഴിച്ചു…
അയാൾക്ക് അതിൽ രണ്ടു കുട്ടികളായി…
ഏടത്തിയുടെ കുട്ടികളും വിവാഹപ്രായമെത്തിയപ്പോൾ,എത്രയും പെട്ടെന്ന് ഏതാണ്ട് പത്തൊമ്പത്,ഇരുപത് വയസ്സിൽ അവരെ വിവാഹം കഴിച്ചയക്കാൻ ഏട്ടനും ഏടത്തിയും മറന്നില്ല…
അവർ അനിയത്തിമാരല്ലല്ലോ ?
മക്കളല്ലേ അല്ലേ ?
അതിന് രണ്ട് കറവപ്പശുക്കൾ രാവെളുക്കുവോളം,ചകിരിത്തൊണ്ട് തല്ലി,പകലന്തിയോളം റാഡ് കറക്കി പിരിച്ചെടുത്ത് വിറ്റ കയറിന്റെ കാശ് മുതൽക്കൂട്ടായി..
ഒപ്പം ബാങ്കുലോൺ കൂടിയെടുത്ത് അവരുടെ എല്ലാക്കാര്യങ്ങളും, മറ്റൊരു വീട് സ്വന്തമായ് വാങ്ങുന്നതും മക്കളെ കെട്ടിയ്ക്കുന്നതുൾപ്പെടെ ഭംഗിയായി നടത്തി..
പിന്നെ ഏതാണ്ട്,കറവ നിലയ്ക്കാറായ കന്നുകുട്ടികൾക്കുതുല്യം,ഒറ്റപ്പെടുത്തി,സ്വന്തം വീട്ടിലേയ്ക്ക്‌…
“എന്നുവച്ച്,ഇപ്പൊ ഞങ്ങൾ രണ്ടാളും ഒറ്റയ്ക്കല്ല കേട്ടോ”,
രാത്രി അന്തിക്കൂട്ടിന് അക്കച്ചീടെ മോൻ വരും.
കാരണമെന്താന്നാണോ ?
കുഞ്ഞമ്മമാർ ചോരവറ്റുന്ന, ഉള്ള ശരീരംകൊണ്ട് ഇനിയും അദ്ധ്വാനിച്ച്,
പോകാൻ മറ്റൊരിടമില്ലാത്തതിനാൽ, ഉള്ള കിടപ്പാടംപോകാതെ,ബാങ്ക് തവണകളടച്ച്‌,വീട്
വീണ്ടെടുക്കുമെന്ന് പണ്ടേ ബുദ്ധിമാന്മാരായ അവർക്കറിയാം…
അപ്പോ,അവസാനകാലത്ത് കുഞ്ഞമ്മമാരെ അല്ലലില്ലാതെ നോക്കിയ വകയിൽ മറ്റെവിടേയ്ക്കും പോകാതെ ഈ കിടപ്പാടവും സ്വന്തമാക്കാം…
ഞാനിത്രയും പറഞ്ഞപ്പോ ഒരു കുറ്റംപറച്ചിൽ മാത്രമായി നിങ്ങൾക്ക് തോന്നിയോ ?
എങ്കിൽ അല്ലാട്ടോ,
ആർക്കുവേണ്ടിയെന്നോ,എന്തിനുവേണ്ടിയെന്നോ,അറിയാതെ,ഒരു തെറ്റും ചെയ്യാതെ അന്യരല്ല,,,ഞങ്ങളുടെ ആത്മബന്ധങ്ങൾ തന്നെ ഞങ്ങളെ ഹോമിച്ചുകളഞ്ഞതിന്റെ സങ്കടം പറഞ്ഞതാണ്.
ആ,പിന്നെ ഒരു സന്തോഷവർത്തമാനം കൂടെയുണ്ട്,ട്ടോ.
ഭൂമിയിലേയ്ക്ക് പെണ്ണായ്പറഞ്ഞു വിട്ടതിന്റെ ഫലമായി ദൈവം വരദാനമായിതന്ന,ഞങ്ങളിലെ പെണ്ണെന്ന അർത്ഥവും നിലച്ചിരിയ്ക്കുന്നു.
ഏതാണ്ട് മൂന്നാല് മാസങ്ങളായി ചാരുവിൽനിന്നും!
അവളുടേയും ഗർഭപാത്രത്തിലെ നീരുറവ വറ്റിയിരിയ്ക്കുന്നു.
ഒരു കുഞ്ഞുജീവനെ,ഒരു പഞ്ഞിക്കിടക്കയിലെന്നപോലെ,നനച്ച് പൊതിഞ്ഞുസൂക്ഷിച്ച്,ജന്മംകൊടുത്ത് പരിപാലിയ്ക്കാനാവാതെ,പാഴ്ജന്മങ്ങൾ,ഞങ്ങളീ “ഈയാംപാറ്റകൾ”ചിറകടിച്ചു ചിറകടിച്ച്…
പക്ഷേ,ഉള്ളിൽ കുന്നോളം സങ്കടം ചുമക്കുമ്പോഴും,
ഞങ്ങൾ ആത്മഹത്യ ചെയ്യില്ലാട്ടോ,
അത് ഞങ്ങൾ പരസ്പരം കൈമാറിയ വാക്കാണ്…
ആളുകളുടെ സഹതാപനോട്ടം
താങ്ങാനാവാതെ,ഞാനൊന്ന് ആത്മഹത്യയ്ക്ക് തുനിഞ്ഞിരുന്നു.അന്നെന്റെ ചാരു ഒരുപാട് കരഞ്ഞു.അവളെ തനിച്ചുവിട്ട് പോവരുതെന്ന്,
ശരിയാണ്,എനിയ്ക്ക് വേണ്ടി പാവം അവളുടെ ജീവിതവും ഇല്ലാതാക്കിയവളാണ്..ആത്മഹത്യ ചെയ്യാനും ആ പാവത്തിന് ധൈര്യമില്ല.അത് പണ്ടും അവളങ്ങനെതന്നെ ആയിരുന്നല്ലോ ?

ഇനി,പറ്റുന്നതുവരെ ഞങ്ങളൊന്നിച്ചു പറക്കും ..ബാക്കി അന്നല്ലേ ?
വരട്ടേ,നോക്കാം,
അതുവരേ,ഞങ്ങളീ വിളക്കാകുന്ന വീടിനും,മുറ്റത്തും,ചിറകടിച്ച്,എരിതീയിൽപ്പെട്ടുപോകാതെ,വളരെ സൂക്ഷിച്ചു പറന്നേ പറ്റൂ,
കാരണം,ഞങ്ങളുടെ ഈ തളർന്ന ചിറകുകൾകൂടി,സൂക്ഷമില്ലാതെ നഷ്ടപ്പെടുത്തിയാൽ,ആരും ആശ്രയമില്ലാതെ,ഞങ്ങളീ ഈയാംപാറ്റകൾ,ഈ കൊച്ചുവീടിനുള്ളിൽ ഇഴഞ്ഞുനീങ്ങേണ്ടി വരില്ലേ ?
RELATED ARTICLES

Most Popular

Recent Comments