ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നിരൂപകനും നടനുമായ കമാല്‍ റാഷിദ് ഖാന്‍. ചാന്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്‍റെ ഫൈനലില്‍ പാക്കിസ്ഥാനോട് തോറ്റത്തിന് തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ ടീമിനും കോഹ്ലിക്കും എതിരെ കെആര്‍കെ രംഗത്തെത്തിയത്. “പാക്കിസ്ഥാന് മുന്പില്‍ 130 കോടി ഇന്ത്യക്കാരുടെ അഭിമാനം അടിയറവ് വെച്ച കോഹ്ലിയെ ക്രിക്കറ്റില്‍ നിന്ന് ആജീവനാന്തം വിലക്കണം. കോഹ്ലിയെ ജയിലില്‍ അടയ്ക്കണം”-കെആര്‍കെ ട്വീറ്റ് ചെയ്തു. എന്നാല്‍ കോഹ്ലിയെ വിമര്‍ശിച്ച കമാല്‍ ഖാന് ചുട്ട മറുപടിയുമായി പാക് ആരാധകര്‍ രംഗത്തെത്തി. കോഹ്ലി ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ ആണെന്നും തോല്‍വി മത്സരത്തിന്‍റെ ഭാഗമാണെന്നും പാക്കിസ്ഥാനില്‍ നിന്നുള്ള ആരാധകര്‍ കുറിച്ചു. കോഹ്ലി ഇന്ത്യയുടെ അഭിമാനമാണെന്നും ഒറ്റ തോല്‍വി കൊണ്ട് അദ്ദേഹത്തെ എഴുതിത്തള്ളാനാകില്ലെന്നും പാക് ആരാധകര്‍ ട്വീറ്ററില്‍ മറുപടി കൊടുത്തു.
മുഹമ്മദ് ആമീറിന്‍റെ പന്തില്‍ പോയിന്‍റില്‍ ക്യാച്ച് നല്‍കിയാണ് കോഹ്ലി പുറത്തായത്. കോഹ്ലിയുടെ പുറത്താകലിനെയും കെആര്‍കെ വിമര്‍ശിച്ചു. “”കോഹ്ലി, താങ്കളുടെ ക്യാച്ച് പാക് താരങ്ങള്‍ കൈവിട്ടിരുന്നു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ താങ്കള്‍ വീണ്ടും അനായാസ ക്യാച്ച് നല്‍കി. ഇത് ഒത്തുകളിയാണെന്ന് ആണ്”- കെആര്‍കെ വിമര്‍ശിച്ചു. ഇന്ത്യന്‍ ടീം ഒത്തുകളിച്ചുവെന്നും കുറച്ചെങ്കിലും നാണമുണ്ടെങ്കില്‍ കോഹ്ലി, യുവരാജ്, ധോണി അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ വിരമിക്കണമെന്നും കമാല്‍ ഖാന്‍ പറഞ്ഞു.