സ്മിത ശേഖർ. (Street Light fb group)
സ്നേഹം തളിരിട്ട
പൂമരച്ചോട്ടിലെ
കരിന്തിരിയാളുന്ന
മൺചിരാതാണു ഞാൻ
നന്മയും തിന്മയും
കൂട്ടി കിഴിക്കുമ്പോൾ
തിന്മ തൻ ശിഷ്ടം
ബാക്കിയാക്കുന്നു ഞാൻ
സ്നേഹിച്ച പെണ്ണിന്റെ
ഉടുചേലത്തുമ്പിനാൽ
നാണം മറച്ചു ഞാൻ
നിന്നിടുമ്പോൾ
ജീവന്റെ പാതിയാം
സഖിയുടെ നെറ്റിയിൽ
ചാർത്തിയ സിന്ദൂരം
കൊഞ്ഞനം കുത്തിനോവിച്ചിടുന്നു
ഞാനാണു നാഥൻ
കുടുംബനാഥൻ
കെട്ടിയ പെണ്ണിനെ
പോറ്റാത്ത പോഴൻ
സ്വത്വം തിരഞ്ഞു
നടന്ന ഞാനെപ്പോഴോ
സ്വത്വം വെടിഞ്ഞവനെന്നറിഞ്ഞു
അഭിമാനമെന്നെവിട്ടൊഴിഞ്ഞു
കദനം പൂത്തൊരു
മനോവൃക്ഷച്ചില്ലയിൽ
കൂടൊരുക്കുന്നുണ്ടൊരു
ബലിക്കാക്ക
കാക്കയെ ഊട്ടി
വിളിക്കുവാൻ
നേരമായെന്നോതുന്നു
ഇന്നെന്റെ കാലം
കാകനെ കൈകൊട്ടി
വിളിക്കുവാനായൊരു
ഉണ്ണിയെ തന്നില്ല
ഞങ്ങൾക്കായ് ദൈവം
ഉണ്ണുന്ന വറ്റിലെ
പങ്കേറ്റു വാങ്ങുവാൻ
എത്തുന്ന കാകനെ
ആട്ടിയോടിക്കുന്ന
നിൻ കൈകൾക്കാവുമോ
പ്രിയതോഴിയേ…
കൈകൊട്ടി വിളിച്ചിപ്പോൾ
കാകനെ ഊട്ടുവാൻ
പിരിയുവാൻ വയ്യെന്റെ
പ്രണയമേ ,എങ്കിലും
ജീവിതം മടുത്തൊരു
പടു കവിയാണു ഞാൻ
നിൻ തിരുനെറ്റിയിൽ
ജ്വലിക്കുന്ന സൂര്യനെ
കാർകൊണ്ടലാൽ മൂടി
ഞാൻ ഇരുളിൽ മറയട്ടേ
മാപ്പു ചോദിക്കുന്നില്ല സഖി
പണ്ടേ ഞാനൊരു ഭീരുവല്ലേ
ഈ ഭീരുവിനെ നീ മറന്നു കൊൾക
ഈ കവിയെ നീ വെറുത്തിടുക
ദൈവം മരിച്ചെന്ന് ചൊല്ലി
ആർത്ത് ചിരിച്ചവൻ
കടവും കടപ്പാടും ദൈവത്തിനേകി
യാത്രയാവുന്നു