ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ സോഷ്യൽ മീഡിയയായ വാട്‌സ് ആപ്പിലൂടെ ‘പപ്പു’ എന്ന് അഭിസംബോധന ചെയ്‌ത കോൺഗ്രസ് നേതാവിനെ പാർട്ടി സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്‌തു. പാർട്ടിയുടെ മീററ്റ് ജില്ലാ പ്രസിഡന്റ് വിനയ് പ്രധാൻ ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ചെന്നാരോപിച്ച് ശിക്ഷാ നടപടി നേരിട്ടത്.
മധ്യപ്രദേശിലെ കർഷകരുടെ പ്രതിഷേധത്തിൽ ഇടപെട്ട രാഹുലിന്റെ പ്രവർത്തനത്തെ പുകഴ്‌ത്തവെയാണ് വിനയ് പ്രധാൻ പപ്പുവെന്ന പദം ഉപയോഗിച്ചത്. എന്നാൽ പ്രധാൻ ആരോപണം നിഷേധിച്ചു. പ്രചരിക്കുന്ന സ്ക്രീൻഷോട്ടുകൾ ഫോട്ടോഷോപ്പ് ചെയ്‌തവയാണെന്നും തന്നോടു വിശദീകരണം ചോദിക്കാതെയാണ് പാർട്ടി, നടപടി എടുത്തതെന്നും ഇയാൾ പറഞ്ഞു. താൻ വളരെയധികം ബഹുമാനിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധിയെന്നും അദ്ദേഹത്തെ ഒരിക്കലും ഇത്തരം ഭാഷ ഉപയോഗിച്ച് താൻ അധിക്ഷേപിക്കില്ലെന്നും പ്രധാൻ പറഞ്ഞു. രാഹുലിനെ നേരിട്ടു കണ്ട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തുമെന്നും വിനയ് പ്രധാൻ കൂട്ടിചേർത്തു.