Thursday, November 28, 2024
HomeLiteratureചായക്കട. (അനുഭവ കഥ)

ചായക്കട. (അനുഭവ കഥ)

ചായക്കട. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
എന്റെ ചെറുപ്പ കാലത്തോക്കേ ചായക്കടകൾ (ഹോട്ടൽ അല്ല) നിരവ്‌ പലക ഇട്ടതായിരുന്നു അധികവും അതിൽ അപ്പുറത്തോട്ടും ഇപ്പുറത്തോട്ടും ഓരോ ഓടാമ്പലും ഇട്ട്‌ പൂട്ടും.  അതിൽ ഒരു ചായക്കട മുതലാളി ഇത്തിരി കള്ളൊക്കേ കുടിക്കുന്ന ആളാണു. ഈ ചായക്കട എന്ന് പറഞ്ഞാൽ രാവിലെ കുറച്ച്‌ ചായ അപ്പം പുട്ട്‌ ദോശ അങ്ങനെ കുറച്ച്‌ സാധനങ്ങൾ അതു കഴിഞ്ഞാൽ പിന്നെ വലിയ കച്ചവടം ഒന്നും ഇല്ല. പിന്നെ കുറച്ച്‌ ഗുണ്ട്‌ ഉണ്ടാക്കി വയ്ക്കും ചായയും കാണും. ഈ ഗുണ്ട്‌ രാവിലെ ചൂടോട്‌ കൂടി വാങ്ങി കഴിച്ചാൽ നല്ല രുചിയാണു. പക്ഷേ വൈകിട്ട്‌ പോയി വാങ്ങി കഴിച്ചാൽ നൂലുവലിയും. അപ്പോൾ നമ്മൾ പറയും അണ്ണാ ഇത്‌ നൂലുവലിയുന്നല്ലോ? ഉടൻ മറുപടി വരും —-നീ രാവിലെ ഇത്‌ ഉണ്ടാക്കിയപ്പോൾ എവിടെ പോയിരുന്നു? രാവിലെ ഉണ്ടാക്കിയ സാധനം വൈകിട്ട്‌ വന്ന് കഴിച്ചിട്ട്‌ പറയുന്നു നൂലുവലിയുന്നെന്നു. മര്യാദയ്ക്ക്‌ കഴിച്ചിട്ട്‌ എഴുന്നേറ്റ്‌ പൊയ്ക്കൊളണം. അതാണു. വൈകുന്നേരങ്ങളിൽ മിക്കവാറും മുതലാളി ഒറ്റയ്ക്ക്‌ കാണു.

ഒരു ദിവസം ഇദ്ദേഹം കള്ളുകുടിച്ചത്‌ ഇത്തിരി കൂടി പോയി. അതും രാവിലെ. ഈ കള്ള്‌ എന്ന് പറയുന്ന സാധനം ഉള്ളിൽ കിടന്നപ്പോൾ ഇദ്ദേഹത്തിനു എന്ത്‌ വേണം എന്ന് അറിയാൻ വയ്യ. ഇദ്ദേഹം അതു വഴി വന്ന പ്രമുഖനായ ഒരാളിനെ പത്ത്‌ ചീത്തയങ്ങ്‌ വിളിച്ചു. അദ്ദേഹം തിരിച്ച്‌ ചോദിച്ചപ്പോൾ അടിക്കാനായി ചെല്ലുകയും ചെയ്തു. അടിച്ചില്ല. അങ്ങനെ പ്രശ്നം എല്ലാം തീർന്നെങ്കിലും. വൈകുന്നേരം ഏഴര മണിക്കുള്ള തിരുവനന്തപുരം കൊല്ലം പാസ്സഞ്ജർ ട്രെയിനിൽ ആ പ്രമുഖനായ ആളുടെ മകൻ വന്നിറങ്ങിയതും ആരോ ചെന്ന് പറഞ്ഞു കൊടുത്തു. നിങ്ങളുടെ അഛനെ ഇന്നയാൾ ചീത്ത വിളിക്കുകയും അടിയ്ക്കാൻ ചെല്ലുകയും ചെയ്തു എന്ന്.

ഇത്‌ കേട്ടപാതി കേൾക്കാത്ത പാതി ഇദ്ദേഹം (മകൻ) ഏതാണ്ട്‌ ഒരു മീറ്റർ നീളമുള്ള ഒരു മുള വടിയുമെടുത്തു കൊണ്ട്‌ വീട്ടിൽ നിന്ന് പുറത്ത്‌ ചാടി ചായക്കടയിലോട്ട്‌ ചെന്നു. അപ്പോൾ ചായക്കടക്കാരൻ മണ്ണണ്ണ വിളക്കിന്റെ വെളിച്ചത്തിരുന്നു നാളത്തേ ദോശയ്ക്കുള്ള സാംബാറിനു അരിഞ്ഞു കൊണ്ടിരിക്കുകയാണു. ഇദ്ദേഹം ഓടി കടയ്ക്കകത്തോട്ട്‌ കയറിയിട്ട്‌ നീ എന്റെ അഛനെ ചീത്ത വിളിച്ചോ? അടിക്കാൻ ചെന്നോ? എന്തിനു? ഈ ചോദിച്ചത്‌ മാത്രമേ ഓർമ്മയുള്ളു. പെട്ടന്ന് ചായക്കടക്കാരൻ മണ്ണണ്ണ വിളക്ക്‌ ഊതി അങ്ങ്‌ അണച്ചു. എല്ലായിടവും കുറ്റാക്കുറ്റിരുട്ട്‌. എന്നാൽ ഈ കടയ്ക്ക്‌ അകത്ത്‌ വെട്ടുകത്തി കോടാലി മറ്റ്‌ മാരകായുധങ്ങൾ എല്ലാം എവിടിരിപ്പുണ്ടന്ന് അദ്ദേഹത്തിനെ അറിയു.

അതുകൊണ്ട്‌ ഏത്‌ നിമിഷവും ഒരു വെട്ട്‌ നടക്കും. അതുകൊണ്ട്‌ ചായക്കടക്കാരൻ അടുക്കാതിരിക്കാൻ മറ്റേയാൾ കയ്യിലിരുന്ന വടി കടയ്ക്കകത്ത്‌ നിന്ന് കറക്കാൻ തുടങ്ങി. കടയ്ക്കകത്താണെങ്കിൽ ഓരോ മൂലയിലും ഓരോ പാട്ട കെട്ടിയിട്ടിട്ടുണ്ട്‌ ഇദ്ദേഹം കറങ്ങി നിന്ന് വടി വീശുമ്പോൾ വടി ചെന്ന് പാട്ടയിൽ കൊണ്ടിട്ട്‌ പഠോ പഠോ എന്ന ശബ്ദം ഇത്‌ കേട്ടിട്ട്‌ ആൾക്കാരെല്ലാം ഓടിക്കൂടി. എന്താണെന്ന് അറിഞ്ഞില്ല. അങ്ങനെ വെട്ടവുമായി എല്ലാവരും വന്നപ്പോൾ ഇദ്ദേഹം കറങ്ങി നിന്ന് വടി വീശുകയാണു. അത്‌ നിർത്തിച്ചിട്ട്‌ കാര്യം തിരക്കിയപ്പോൾ ചായക്കടക്കാരൻ അടുക്കാതിരിക്കാൻ ആണേന്നു പറഞ്ഞു.
ഈ ബഹളം എല്ലാം ഇവിടെ നടന്നു കൊണ്ടിരുന്നപ്പോൾ ഒരാൾ സൈക്കളിൽ അവിടെ വന്നു അയാൾ കാര്യം അറിഞ്ഞപ്പോൾ പറയുകയാണു നമ്മുടെ കക്ഷി ആലുമ്മൂട്ടിൽ ഷാപ്പിൽ ഇരിക്കുന്നെന്നു. ഇവിടെ ഒരാൾ അടുക്കാതിരിക്കാൻ കറങ്ങി നിന്ന് അടിയ്ക്കുന്നു. മറ്റേയാൾ മണ്ണണ്ണ വിളക്ക്‌ ഊതി അണച്ചിട്ട്‌ ജീവനും കൊണ്ട്‌ അടുത്ത ഷാപ്പ്‌ പിടിച്ചു.

RELATED ARTICLES

Most Popular

Recent Comments