കഴിഞ്ഞ വർഷം ഞാൻ മുഖ പുസ്തകത്തിൽ ഇട്ടതാണു താഴേ കാണുന്ന എന്റെ വീട്ടിലെ കൃഷികൾ. ചിലർ പറയും ചില സാധനങ്ങൾ പുറത്ത് കണ്ടാൽ കണ്ണുപെടും അല്ലെങ്കിൽ കണ്ണേറുകൊള്ളും അല്ലെങ്കിൽ കണ്ണു കൊള്ളും എന്നോക്കേ. ഇതിലൊന്നും എനിക്ക് വലിയ വിശ്വാസം ഇല്ലായിരുന്നു. പിന്നെ ചിലരൊക്കേ കണ്ടാൽ അത് പെട്ടന്ന് വടി പോകും എന്നും. അല്ലെങ്കിൽ ഒടിഞ്ഞു പോകും എന്നോക്കേ കേട്ടിട്ടുണ്ട്. പക്ഷേ ഒരെണ്ണമൊക്കേ ആണെങ്കിൽ അങ്ങനെ ഉണങ്ങി പോകാം. എല്ലാം കൂടി ഇല്ലാതാവണമെങ്കിൽ ചിലപ്പോൾ വളരെ വലിയൊരു നഷ്ടം നമുക്ക് സംഭവിക്കാം. കഴിഞ്ഞ വർഷം ഈ ഫോട്ടോകൾ എന്റെ മകൾ എടുത്ത് എനിക്ക് അയച്ചു തന്നു. ഞാൻ അത് എന്റെ വീട്ടിലെ കൃഷികൾ എന്ന് പറഞ്ഞ് മുഖ പുസ്തകത്തിൽ ഇട്ടു. പക്ഷേ ഒരാഴ്ച്ചയ്ക്കകത്ത് എനിക്ക് നാട്ടിൽ പോകേണ്ടി വന്നു. ഞാൻ അവിടെ ചെന്നപ്പോൾ ഈ കൃഷിയിടം ചെത്തി വൃത്തിയാക്കി ഒരു കുഴിയും കുഴിച്ച് തൊണ്ടും ചിരട്ടയും അടുക്കി രാമച്ചവും കർപ്പൂരവും ചന്ദനത്തടിയും ഒക്കേ ഇങ്ങനെ നിർത്തി വച്ചിരിക്കുകയാണു. പക്ഷേ ഞാൻ മനസിൽ പോലും വിചാരിച്ചില്ല ഇത്രയും കൃഷി നഷ്ടപ്പെടാൻ വേണ്ടി എന്റെ അമ്മ. കഷ്ടിച്ച് രണ്ടു വർഷം മാത്രം അഛനുമായി ദാമ്പത്തി ബന്ധം പുലർത്തി അഛൻ മരിച്ച ശേഷം രണ്ട് മക്കൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വച്ച് കഷ്ടപ്പെട്ട് വളർത്തിയ എന്റെ അമ്മ മരിക്കേണ്ടി വരുമെന്ന്.
ഞാൻ പലയിടത്തും കണ്ടിട്ടുണ്ട് ചിലർ മരിക്കുമ്പോഴാണു ചിലർ അവരുടെ ശുഷ്ക്കാന്തി പുറത്തെടുക്കുന്നത്. അടക്കം ചെയ്യാൻ സ്ഥലം നോക്കും അല്ലെങ്കിൽ ദഹിപ്പിക്കുന്നതിനു. ഈ സമയം ആ വീട്ടിലെ പ്രധാനികൾക്ക് ഇത് ശ്രദ്ധിക്കാൻ സമയം കാണില്ല. ആ വെളിയിൽ നിന്ന് വരുന്നവർ പറയും ദാ അടക്കുന്ന സ്ഥലം ഇവിടെയാ. ദാ ഇവിടെയെല്ലാം അങ്ങ് വൃത്തിയാക്ക്. കേൾക്കാത്തപാട് ജോലിക്കാർ വൃത്തിയാക്കൽ തുടങ്ങും. അപ്പോൾ അവിടെ അടക്കം ചെയ്യുന്നതിനു തടസങ്ങൾ ഒന്നുമില്ലാതെ നിൽക്കുന്ന എന്തുണ്ടെങ്കിലും ഇവരെക്കൊണ്ട് വെട്ടിക്കളയിക്കും. ആരെങ്കിലും അവിടെ പറയുകയാണു ഡേയ് അതൊരു ചെറിപ്പഴം പിടിക്കുന്ന ചെടിയാണു അത് വെട്ടിക്കളയണ്ടാ അതവിടെ നിന്നോട്ടേ.
ഉടൻ വരും മറുപടി ഓ അതൊക്കേ തിന്നണ്ട ആളാ പോയത് ഇനി എന്തിനു എന്ന് പറഞ്ഞ് ചവിട്ടി ഒടിച്ചുകളയും. പിന്നീട് ജോലിക്കാർ അതും പുഴുതുകളയും. ഇത് എല്ലായിടത്തും നടക്കുന്നതാണു. ഞാൻ ഒരു തമാശ പറയാം എന്റെ വീടിന്റെ പടിഞ്ഞിറ്റതിന്റെ പടിഞ്ഞിറ്റതിൽ വീഡിയോ പ്രഭേണ്ണൻ (സുഗതേണ്ണൻ) ഭയങ്കര വിശ്വാസിയ. അദ്ദേഹം പറയും ഓ ചിലരൊക്കേ വന്ന് കണ്ടാൽ വാഴക്കുല മാത്രമല്ല വാഴയുടെ മാണം വരെ അടിച്ച് പോകുമെന്ന്. ഈ അടുത്ത കാലത്ത് എന്റെ വീട്ടിൽ ഒരു കൃഷ്ണ പരുന്ത് അടുക്കള ഭാഗത്തായി വന്നിരിക്കുമായിരുന്നു. അങ്ങനെ മോളെനിക്ക് അതിന്റെ ഫോട്ടോ എടുത്ത് അയച്ചു തന്നിട്ട് പറഞ്ഞു. അഛോ മുഖപുസ്തകത്തിൽ ഇടരുത് എന്ന് പറഞ്ഞു ഞാൻ കേട്ടില്ല. അതിന്റെ ഫോട്ടോ മുഖപുസ്തകത്തിൽ ഇട്ടു അതോടെ അതു പിന്നെ വരാതായി.