സുമേഷ് കൗസ്തുഭം കുറ്റിപ്പുറം. (Street Light fb group)
പന്ത്രണ്ടു വർഷങ്ങൾക്കു മുമ്പ് ,ചെറിയമ്മയുടെ വീട്ടിൽ അതിഥിയായി എത്തിയതായിരുന്നു ഞാൻ. പലപ്പോഴും തിരക്കുകൾ കാരണം പോകാൻ സാധിക്കാറില്ല. അതിനു ചെറിയ പരിഭവം ചെറിയമ്മയ്ക്ക് ഉണ്ട്.
കുറ്റിപ്പുറം സമയം 9:30 ആയിട്ടുണ്ടാകും.(അപ്പോൾ നിങ്ങൾ കരുതും മറ്റുള്ള സ്ഥലങ്ങളിൽ സമയത്തിന് മാറ്റം ഉണ്ടെന്ന്, അങ്ങനെയല്ലാട്ടോ.. ഒരു പഞ്ചിന് പറഞ്ഞതാ)
ഞാൻ പത്രവായനയിലായിരുന്നു. എന്റെ ഓർമ ശരിയാണെങ്കിൽ അന്ന് May 27 ആണെന്ന് തോന്നുന്നു. പത്രത്തിൽ തരുണി മണികൾ പല്ലിളിച്ചിരിക്കുന്ന കുറെ ഫോട്ടോകൾ, പത്താം ക്ലാസ്സിലെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതാണ്. റാങ്കുകാരുടെ നിരയിൽ പെൺകുട്ടികൾ മുന്നിൽ. അതങ്ങനെ തന്നെയാണല്ലോ. പരീക്ഷാപേപ്പർ കിട്ടിയാൽ കാണാപാഠം പഠിച്ചതൊക്കെ ചർദ്ദിക്കുകയല്ലെ ….
എന്നാൽ മെഡിക്കൽ എൻജനീയറിംഗ് എൻട്രൻസ് എക്സാമിൽ ആദ്യ റാങ്കുകൾ ആൺകുട്ടികൾ നേടും. ബുദ്ധികൊണ്ടുള്ള കളിയാണ്.
എന്നു കരുതി പെൺകുട്ടികൾക്ക് ബുദ്ധി ഇല്ലെന്ന് ഞാൻ പറഞ്ഞില്ല.( ഇവിടെ പൊങ്കാല വരാൻ സാധ്യതയുള്ളതുകൊണ്ട് ഇത് ചുമ്മാ തമാശയായി എടുക്കാൻ ഒരു അഭ്യർത്ഥന)
മുഖം എടുക്കാതെയുള്ള എന്റെ പത്രവാർത്ത കണ്ടപ്പോൾ ചെറിയമ്മ വന്ന് പത്രത്തിലേക്ക് തലയിട്ടു നോക്കി.
“കണ്ടില്ലേ… ഒക്കെ ബുദ്ധിയുള്ള പെങ്കുട്ട്യോളാ… ല്ലെ..
“അതെയതെ..
നേരത്തെ പറഞ്ഞ കാര്യം ചെറിയമ്മ അറിഞ്ഞില്ല കേട്ടോ.( പരീക്ഷാ പേപ്പറിലെ ഛർദ്ദിക്കൽ)
പിന്നിൽ നിന്നും ഒരു അമ്മയുടെ കരച്ചിൽ കേട്ട് ഞാൻ പിന്തിരിഞ്ഞു നോക്കി.
” കുട്ട്യേടത്തീ… എല്ലാം പോയി. എല്ലാം പോയി ….
ചെറിയമ്മയുടെ അയൽവാസി നാണി ചേച്ചിയുടെ കരച്ചിൽ
അവർ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് ഞങ്ങൾക്കരികിൽ എത്തി.
ചവിട്ടുപ്പടിയിൽ അവർ ഇരുന്നു.
ചേച്ചീ.. കരയാതെ കാര്യം പറ
ഞാൻ അവർക്ക് അഭിമുഖമായി ഇരുന്നു.
അവർ നെഞ്ച് തല്ലി പൊളിച്ചു കരയുകയാണ്.
“എന്റെ മോൻ ഒരു മാർക്കിനാ പോയത്.. ഞാനിതെങ്ങനെ സഹിക്കും…
അവരുടെ കരച്ചിൽ ഉച്ചസ്ഥായിലായി.
” ഒരു മാർക്കിനോ…ങേ, …. അതെങ്ങനെ? പത്രം നോക്കിയാൽ മാർക്ക് അറിയാൻ പറ്റോ ? ഞാൻ അന്തം വിട്ട് നാണി ചേച്ചിയെ സംശയമന്യെ നോക്കി.
അതെ മോനെ, ഒരൊറ്റ മാർക്കിനാ ന്റെ മോൻ പോയത്
അവർ പിന്നെയും ഓരോന്നും പറഞ്ഞു കൊണ്ടേയിരുന്നു.
ആ നിഷ്കളങ്കമായ വിദ്യാഭ്യാസമില്ലാത്ത അമ്മയുടെ വാക്കുകൾ അപ്പോൾ വിഷമം തോന്നിയെങ്കിലും പിന്നീട് ചിരിയ്ക്കുവാനുള്ള വക തന്നെയായിരുന്നു.
” ഓന്റെ തൊട്ടടുത്തിരിക്കുന്ന രമേഷിന്റെ നമ്പറ് പേപ്പറിലുണ്ട്, ന്റെ മോന്റെ നമ്പർ പേപ്പറിൽ ഇല്ല. ഒരൊറ്റ മർക്കിനാ പോയത്.
യഥാർത്ഥത്തിൽ അവരുടെ മകന്റെ നമ്പർ പത്രത്തിൽ ഇല്ല. അടുത്തിരിക്കുന്ന പയ്യന്റെ നമ്പർ ഉണ്ട്. മകൻ തോറ്റതായി ആ അമ്മയ്ക്ക് ഉൾകൊള്ളാനാകുന്നില്ല
ഒരൊറ്റ മാർക്കിൽ തോറ്റെന്നാ ആ അമ്മ വിശ്വസിക്കുന്നത്, രജിസ്റ്റർ നമ്പർ പ്രകാരം മകന്റെ തൊട്ടടുത്ത നമ്പർ ജയിച്ചതായി പത്രത്തിൽ കണ്ടു. അതാണ് ഒരു നമ്പറിന് മകൻ പോയെന്ന് പറയുന്നത്.
“ഇജജ് വാ കുട്ട്യേ, ഓന്റെ കെടത്തം കണ്ടാല് സയിക്കൂലാ:
അവർ എന്റെ കൈയിൽ മുറുകെ പിടിച്ചു. അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി.
ഞാൻ ചെല്ലുമ്പോൾ, അവരുടെ മകൻ , ചാണകം മെഴുകിയ നിലത്ത് കമിഴ്ന്നു കിടക്കുന്നുണ്ട്. കാൽപെരുമാറ്റം കേട്ടപ്പോൾ അവൻ തല ഉയർത്തി നോക്കി.
എന്നെ കണ്ടപ്പോൾ അവനും അമ്മയുടെ പാത പിന്തുടർന്നു.
” ഒരൊറ്റ മാർക്കിനാ ഏട്ടാ ഞാൻ പോയത്….
വളരെ സീരിയസായാ അവൻ പറഞ്ഞത്
എന്താ ബാബേട്ടാ നീയും ലോക തോൽവിയോ.. മനസ്സിൽ ഞാൻ പറഞ്ഞിട്ടുണ്ടാകും
“ഓൻ പരീക്ഷയ്ക്ക് പോകുമ്പോഴും പുസ്തകം നോക്കി ഇരിക്കാറുള്ളതാ. അത്ര പഠിപ്പാ ,ഒരു മാർക്കിന് ഓരെന്തിനാ ഓനെ തോപ്പിച്ചത്,
ഞാൻ കഞ്ഞിടെ വെള്ളം കുടിച്ചാലും , ഓന് വെള്ളം ഊറ്റി വറ്റ് കൊടുക്കും. അങ്ങനെ പഠിപ്പിച്ചതാ, എന്നിട്ടും ഒറ്റ മാർക്കിന് ഓൻ പോയീലേ…
അവരുടെ സങ്കടം ഒരാൾക്കും കണ്ടു നിൽക്കാൻ കഴിയില്ല.
അവരെ സമാധാനിപ്പിച്ച് ചെറിയമ്മയുടെ വീട്ടിലെത്തിയപ്പോൾ ,ചെറിയമ്മയുടെ മോൻ എന്നോട് പറഞ്ഞു.
” മലയാളം തന്നെ നേരെ ചൊവ്വെ എഴുതാനും വായിക്കാനും അറിയാത്തോനാ. ആ പയ്യൻ. ക്ലാസ്സിൽ പോകാതെ കുറ്റിപ്പുറം മീന തിയേറ്ററിൽ നൂൺഷോ കാണുകയാണ് പ്രധാന പരിപാടി. പുസ്തകത്തിൽ നാനയുടെ നടു പേജ് നോക്കി ഇരിപ്പാ ഏതു സമയവും. അങ്ങനെയുള്ളവന് റാങ്ക് കിട്ടോ …
അവന്റെ സംസാരം കേട്ടപ്പോൾ എനിക്ക് ചിരി വന്നു.
“അതല്ല ഉത്തമാ….
ഹരിശ്രീ അശോകൻ ഡയലോഗ് പോലെ … ഞാൻ തുടർന്നു.
അവൻ നൂൺഷോ കാണാൻ പോകുന്നത് ഇത്ര കൃത്യമായി നീ എങ്ങനെ കാണുന്നു.
അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കി. ആരും ഇല്ലെന്ന് ഉറപ്പായപ്പോൾ അവൻ പറഞ്ഞു.
ചിലപ്പോൾ ഞാനും പോകാറുണ്ട്. ടിക്കറ്റെടുക്കാൻ നിൽക്കുമ്പോൾ കണ്ടതാ … ഹ ഹ
ങേ … അമ്പട വീരാ … നീ ആള് കൊള്ളാമല്ലോ…
അപ്പോഴയ്ക്കും ചായയുമായി ചെറിയമ്മ എത്തി.
എന്തായാലും എത്ര മോശം മകനായാലും പഠിയ്ക്കാത്തവനായാലും ഏതൊരു അമ്മയ്ക്കും മകൻ നല്ലവനായി തോന്നും, പരീക്ഷയിൽ ജയിക്കുമെന്ന് തോന്നും.
അത് സ്വാഭാവികം.
അത് നേരാ നീ പറഞ്ഞത്. ചെറിയമ്മ ശരി വെച്ചു
മകനെ നോക്കിയിട്ട് അവർ ഇങ്ങനെ പറഞ്ഞു.
ഇവനെ പറ്റിയും എനിക്കും എന്തെല്ലാ പ്രതീക്ഷകളായിരുന്നു. ഹും, നിക്ക്ണ നില്പ് കണ്ടാ..
അവനെ നോക്കി ഞാനും ചിരിച്ചു.
…… ….
ഈയിടെ അവനെ കണ്ടപ്പോൾ പഴയ കാര്യങ്ങൾ ഞാൻ ഓർമ്മിപ്പിച്ചു,
ഞങ്ങൾ അതും പറഞ്ഞു കുറെ ചിരിച്ചു.
ആ ചിരിയിൽ പങ്കുകൊള്ളാൻ അവന്റെ ഭാര്യയും ഒരു വയസ്സുള്ള മോനും ഉണ്ടായിരന്നു