ജോണ്‍സണ്‍ ചെറിയാന്‍.
ആലപ്പുഴ: കാലവർഷം ശക്തമായതോടെ ജില്ലയിൽ പനി ബാധിതരുടെ എണ്ണം വർധിക്കുന്നു.ഇത് കണക്കിലെടുത്ത് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക പനിവാർഡുകളും ആരംഭിച്ചു. സ്ത്രീകൾ പുരുഷൻമാർ, ഗർഭിണികൾ, കുട്ടികൾ എന്നിവർക്കായി 4 വിഭാഗങ്ങളിലായി 30 കിടക്കകളോട് കൂടിയാണ് പ്രത്യേക വാർഡ് സജ്ജീകരിച്ചിരിക്കുന്നത്. ആവശ്യത്തിന് മരുന്നുകളും കൊതുക് വലകളും ഈ വാർഡുകളിൽ ലഭ്യമായിട്ടുണ്ടെന്ന് സൂപ്രണ്ട് ഡോ: ആർ വി രാംലാൽ പറഞ്ഞു.
വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി നിയോഗിച്ച ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് വാർഡുകൾ ആശുപത്രി പരിസരം ശുചീകരിക്കുന്നുണ്ട്. പനി ബാധിതരെ ചികിൽസിക്കാൻആവശ്യത്തിന് ഡോക്ടർമാരേയും നിയോഗിച്ചിട്ടുണ്ട്. കൊല്ലം, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ നിന്നും ആലപ്പുഴ ജില്ലയുടെ തെക്ക് കിഴക്കൻ പ്രദേശങ്ങളിൽ നിന്നുമാണ് പനിക്ക് ചികിൽസ തേടി മെഡിക്കൽ കോളജ് ആശുപത്രിയിൽ കൂടുതൽ പേരും എത്തുന്നത്.
പനി ബാധിച്ച ഗർഭിണികളെ പ്രത്യേകo നിരീക്ഷിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഡെങ്കിപ്പനി ബാധിച്ച 8 പേരെയും എച്ച് വൺ എൻ വൺ ബാധിച്ച ഒരാളെയും ആശുപത്രിയിൽ എത്തിച്ചു. തമിഴ്നാട്ടിൽ നിന്നെത്തിയ ഒരാൾക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്.