ജോണ്‍സണ്‍ ചെറിയാന്‍.
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരെ വിജയിച്ച ടീം ഇന്ത്യക്ക് മാര്‍ക്കിട്ട് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി. പത്തില്‍ ആറു മാര്‍ക്കാണ് കൊഹ്‌ലി ടീമിന് നല്‍കിയിരിക്കുന്നത്. ഫീല്‍ഡിങ് അത്ര പോരെന്നാണ് ക്യാപ്റ്റന്റെ വിലയിരുത്തല്‍. ഇതിന് ടീമംഗങ്ങളെ വിമര്‍ശിക്കാനും നായകന്‍ മടിച്ചില്ലന്നാണ് റിപ്പോര്‍ട്ട്. നിര്‍ണായകമായ പല പന്തുകളും വിട്ട് കളഞ്ഞതും, റണ്‍ ഔട്ടുകള്‍ പാഴാക്കിയതുമാണ് കൊഹ്‌ലിയെ ദേഷ്യം പിടിപ്പിച്ചത്. പാക് താരം അസ്ഹര്‍ അലിയെ രണ്ടു തവണയാണ് ഇന്ത്യന്‍ താരങ്ങള്‍ വിട്ടുകളഞ്ഞത്. ഹാര്‍ദിക് പാണ്ഡ്യയും ഭുവനേശ്വര്‍ കുമാറുമാണ് അസ്ഹറിനെ വിട്ടുകളഞ്ഞത്. മത്സരത്തില്‍ പാകിസ്താന്റെ ടോപ്പ് സ്‌കോററായിരുന്നു അസ്ഹര്‍.
ബൗളിങ്ങിലും ബാറ്റിങിലും ടീം ഇന്ത്യ മികച്ച പ്രകടനമാണ് കാഴചവെയ്ക്കുന്നതെന്നും ഇതില്‍ പത്തില്‍ ഒന്‍പത് മാര്‍ക്ക് നല്‍കുമെന്നും എന്നാല്‍ ഫീല്‍ഡിങ്ങില്‍ ഇപ്പോഴും തങ്ങള്‍ ആറില്‍ തന്നെയാണ് നില്‍ക്കുന്നതെന്നും വിരാട് കൊഹ്‌ലി പറഞ്ഞു. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് യുവരാജ് സിങിനെ പ്രശംസിക്കാനും താരം മറന്നില്ല.
ഇടക്കിടെ മഴ രസംകൊല്ലിയായെത്തിയെങ്കിലും മത്സരത്തില്‍ പാകിസ്താനെ 124 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48 ഓവറില്‍ 319 റണ്‍സാണ് നേടിയത്. എന്നാല്‍ നാലു തവണ വില്ലനായെത്തിയ മഴ മൂലം പാകിസ്താന്റെ ലക്ഷ്യം 41 ഓവറില്‍ 289 റണ്‍സായി നിശ്ചയിക്കുകയായിരുന്നു.