മിലാല്‍ കൊല്ലം.
പഴയ ഒരു കഥയുണ്ട്. അഛൻ മരിക്കുന്നതിനു മുൻപ് മകനോട് പറയുന്നത്. മോനേ അയൽ വീട്ടിൽ ഒരു ഊണുണ്ട് അത് കളയരുത്. അതുപോലെ ഒരു കഥയാണു ഇതും. ഞാൻ അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട് ഞങ്ങളുടെ വീട്ടിൽ കയറു പിരിപ്പ് ഉണ്ടായിരുന്നു എന്ന്. അമ്മയുടെ അഛൻ മരിച്ചതിനു ശേഷം അതെല്ലാം നിർത്തി എന്നും. അമ്മയുടെ കൊച്ചിലെ മയ്യനാട് ജംഗ്ഷനിൽ ഉള്ള പണയിൽ വീട്ടിൽ കയറുപിരിക്കാൻ പോയിട്ടുണ്ട് പിന്നെ മയ്യനാട് ഹൈസ്കൂളിനു തെക്കുവശം പെൻസിലുമുതലാളിയുടെ വീട്ടിലും കയറു പിരിക്കാൻ പോയിട്ടുണ്ടെന്ന്. പക്ഷേ മോഹൻലാൽ പറയുന്ന കണക്ക് ഇതൊരു കോംബിറ്റേഷൻ ഐറ്റം അല്ലാഞ്ഞത് കൊണ്ട് ഗപ്പോന്നും കിട്ടിയില്ല സൂക്ഷിച്ച് വയ്ക്കുവാൻ.
വർഷങ്ങൾ പലതു കഴിഞ്ഞു. കയറുതേപ്പുകാർക്കും കയറുപിരിപ്പുകാർക്കും പെൻഷൻ കിട്ടാൻ പോകുന്നു. എല്ലാവരും അപേക്ഷകൾ അതാത് കയർ സംഘങ്ങളിൽ എത്തിയ്ക്കുക.
അങ്ങനെ വീട്ടിൽ നിന്ന് അമ്മയും മൂത്ത മാമന്റെ ഭാര്യ മാമിയും കൂടി ഒരുങ്ങി കേട്ടി പോയി. അവിടെ ചെന്നപ്പോഴല്ലെ കാര്യം അറിയുന്നത്. കയർ പിരിപ്പ് അറിയാം അല്ലെങ്കിൽ ചെയ്തിട്ടുണ്ട് എന്ന തെളിവ് വേണം. ഇവരുടെ പേരോന്നും സംഘത്തിലെ കടലാസുകളിൽ ഇല്ല. സംഘം താന്നീമുക്കിൽ ആണു അതുകൊണ്ട് അവിടെ ഇരുന്ന സാർ പറഞ്ഞു രണ്ടു പേരും വന്ന വഴിയേ കിഴക്കോട്ട് വച്ച് പിടിച്ചോളാൻ. ഇവർ വിടുന്ന പ്രശ്നം ഇല്ല. ഇവർ പറഞ്ഞു. സാറോരു കാര്യം ചെയ്യ്. രണ്ട് തേങ്ങയുടെ തൊണ്ട് താ. ഞങ്ങൾ തൊണ്ട് തല്ലി ചകിരി പിന്നി കയറുപിരിച്ചു തരാം എന്നിട്ട് സാറു ഞങ്ങൾക്ക് പെൻഷൻ അനുവദിച്ചാൽ മതി. അങ്ങനെ നാത്തൂനും നാത്തൂനും കൂടി പെൻഷൻ പേപ്പറിൽ ചാപ്പാ അടിപ്പിച്ചിട്ടേ തിരിച്ചു പോരുന്നുള്ളു. അങ്ങനെ പെൻഷൻ കിട്ടിത്തുടങ്ങി. സന്തോഷമായി പൊയ്ക്കൊണ്ടിരിക്കുമ്പോൾ ദാ പെട്ടന്ന് പെൻഷൻ നിർത്തലാക്കി. ഇവരെ പോലെ ഒരുപാട് പേർക്ക് പെൻഷൻ നിർത്തലാക്കി. ഇവർ രണ്ടുപേരും കൂടി പലരേയും പോയി കണ്ടു. പഞ്ജായത്ത് പ്രസ്സിഡന്റെ ഞങ്ങളുടെ വാർഡ് മെമ്പർ അങ്ങനെ തുടങ്ങി അന്നത്തേ കൊല്ലം എം പി -യേ വരെ കണ്ടു നോക്കി. നോ രക്ഷ. പഞ്ജായത്തു പ്രസ്സിഡന്റെൂം വാർഡ് മെമ്പറും പറഞ്ഞത് മകൻ ഗൾഫിൽ അല്ലെ പിന്നെന്തിനാ പെൻഷൻ?
അങ്ങനെ ഒരു ദിവസം ആരോ അമ്മയോടും മാമിയോടും പറഞ്ഞു കൊടുത്തു നിങ്ങൾ മഡയേ പോയി കണ്ടു നോക്കു നടക്കുമെങ്കിൽ നടക്കും. കേട്ടപാതി കേൾക്കാത്ത പാതി രണ്ടുപേർക്കും സുഖം ഇല്ലെങ്കിലും ഒരുങ്ങിപിടിച്ച് മയ്യനാട് ആലുമ്മൂട്ടിലുള്ള മഡയുടെ വീട്ടിലെക്കു തിരിച്ചു അവിടെ ചെന്നപ്പോൾ മഡ ഇല്ല. പിന്നെ എന്ത് ചെയ്യാൻ അവിടെ വീട്ടുപേരോക്കേ പറഞ്ഞ് കൊടുത്തിട്ട് തിരിച്ചു പോന്നു. ഇവർ വീട്ടിൽ വന്ന് അര മണിക്കൂർ കഴിഞ്ഞപ്പോൾ മഡ ഒരു സൈക്കളിൽ ഇഞ്ഞ് വീട്ടിൽ വന്നു. രണ്ടു പേരും കൂടി കാര്യം പറഞ്ഞു. മഡ പറഞ്ഞു നിങ്ങൾ വിഷമിക്കണ്ട നാള രാവിലെ ആരെയെങ്കിലും ഒരാളിനെ.. (നിങ്ങൾ രണ്ടു പേരും പോകണ്ടാ) ആലപ്പുഴ പറഞ്ഞു വിടണം. കോട്ടൺ മില്ലിൽ രാത്രി ജോലിക്ക് പോയ മാമന്റെ മകൻ ബാബു അണ്ണൻ ജോലിയും കഴിഞ്ഞ് നേരേ ആലപ്പുഴ വിട്ടു. അവിടെ ചെന്നപ്പോൾ ആയിരക്കണക്കിനു ആളുകളാണു അവിടെ കൂടി കിടക്കുന്നത്.
പക്ഷേ അവിടെ ആദ്യം പേരുവിളിച്ചത് സരസ്സമ്മ എന്നും സാവിത്രി എന്നുമാണു. അതാണു മഡ.
ഞങ്ങൾ കൊല്ലക്കാർക്ക് രണ്ട് ഷാനവാസ്ഖന്മാരാണു ഉള്ളത് ഒന്ന് ശ്രീ എ ഷാനവാസ്ഖൻ രണ്ട് ശ്രീ ഇ ഷാനവാസ്ഖൻ ഇതിൽ ശ്രീ ഇ ഷാനവസ്ഖന്റെ അനുജനാണു ശ്രീ ഷാജാസ് പുഷ്പമഡ. ഇദ്ദേഹം ശ്രീമതി കേ ആർ ഗൗരി അമ്മ പക്ഷം ആയിരുന്നു. ഗൗരിയമ്മ ജേ എസ് എസ് രൂപികരിച്ചപ്പോൾ ഇദ്ദേഹവും ജേ എസ് എസിലേക്ക് പോയി. ഗൗരിയമ്മ കയർ മന്ത്രിയായിരുന്ന സമയത്താണു ഈ സംഭവം നടക്കുന്നത്.
അന്നു മുതൽ അമ്മയും മാമിയും പറയുമായിരുന്നു ഞങ്ങൾ ഇനി വോട്ട് ചെയ്യുമെങ്കിൽ അത് മഡക്ക് മാത്രമേ ചെയ്യു. അല്ല മഡ വന്നിട്ട് ഇന്നയാളിനു വോട്ട് ചെയ്യാൻ പറഞ്ഞാലും ആ പറയുന്നവർക്കേ ചെയ്യു. ഇതു മാത്രമല്ല പിന്നീട് ശ്രീ മഡ ഞങ്ങളുടെ വാർഡിൽ പഞ്ജായത്ത് ഇലക്ഷനു മൽസരിച്ചു വൻ പൂരിപക്ഷത്തിൽ വിജയിച്ചു. ഒരു പ്രത്യക സ്വഭാവം ആയിരുന്നു. സ്വന്തം വാർഡിൽ വഴി വിളക്ക് കത്തുന്നില്ലെങ്കിൽ പഞ്ജായത്തിൽ ബൾബില്ല എന്നോ പഞ്ജായത്തിൽ പൈസ ഇല്ല എന്നോ പറയില്ലായിരുന്നു സ്വന്തം കയ്യിൽ നിന്ന് പൈസ എടുത്ത് ബൾബ് വാങ്ങി വഴി വിളക്കുകൾ കത്തിയ്ക്കുമായിരുന്നു. പക്ഷേ എന്തു ചെയ്യാം അദ്ദേഹത്തിനു ഒരു അപകടം പറ്റി പിന്നെ കിടപ്പായി എന്റെ അമ്മയ്ക്കും മാമിക്കുമൊക്കേ വല്ലാത്ത വിഷമം ആയിരുന്നു.
അന്നുതൊട്ട് അമ്മ പറയുമായിരുന്നു മഡയേ മറക്കരുത്. എന്ന് വച്ചാൽ നമ്മുടെ ജീവിത കാലത്ത് നമുക്ക് ആരെല്ലാം നല്ലത് ചെയ്തു അവരെ ഒന്നും നമ്മൾ ജീവിച്ചിരിക്കുന്ന കാലത്തോളം മറക്കാൻ പാടില്ല.
ഒരു വോട്ടുപോലും നല്ലത് ചെയ്യുന്നവർക്ക് കൊടുക്കുക.