രശ്മി സജയൻ.
ദേഹവും ദേഹിയും.
………………………… ….
ദേഹമേ നീയിന്നു വേർപെട്ടുപോയോ
വേർപെടാനാവാത്ത മനസ്സുമായി
കാലമേ നീ നിന്റെയാരോഹണത്തെയും
ചേർത്തുനിർത്താതെങ്ങു പോയതെന്തേ
ദേഹിയെപ്പിരിയാൻ മോഹമില്ലെങ്കിലും
ദേഹമേ നീയിന്നു സ്മൃതിയിലായി
ആത്മാവിനീ ഭൂവിൽ ബന്ധമില്ലെന്നാലും
സ്വന്തമായി നിന്നോരു മേനിയെന്തേ
ചെയ്യുന്നു കർമ്മങ്ങളാർക്കു വേണ്ടി
ചെയ്യാതെ പോയൊരാ കർമ്മങ്ങളിൽ
മനസ്സിന്റെ തോന്നലിൽ മരണം വരിച്ചു നീ
പിരിയുന്നതെന്തിന്നാർക്കുവേണ്ടി
കാലമാം കൈകളിൽ കൈവിലങ്ങിട്ടു നീ
ചേതനയറ്റോരു ജഡമായി മാറി
അറിയില്ല നീയെന്നെയറിയാത്തതെന്തെന്നു
ചിന്തിക്കുവാനായി തോന്നിയില്ല
ശ്വാസത്തിനിപ്പുറം ജന്മമെന്നോ
നിശ്വാസത്തിനപ്പുറം ജീവിതമോ
കരകാണാതുഴലുന്ന ജന്മനിയോഗങ്ങൾ
കരയിലായിപ്പിടയുന്ന മത്സ്യമായി
കേഴുന്നു ഞാനിറ്റു ജീവനു വേണ്ടിയും
കേഴാതെ കേഴുന്ന പ്രാണനുമായി
വേർപെട്ടു പോയൊരാ ദേഹവുമായി ഞാൻ
വേർപെടാനാവാത്ത മനസ്സുമായി
കാലമേ നീ നിന്റെയവരോഹണത്തെ
ചേർത്തു നിർത്താനായി വന്നതെന്തേ…
.