സ്റ്റീഫന്‍ ചെട്ടിക്കന്‍.
ഉഴവൂര്‍: ഉഴവൂര്‍ ഫുട്‌ബോള്‍ ക്ലബ് ഇദം പ്രദമായി അണിയിച്ചൊരുക്കുന്ന അണ്ടര്‍ 19 ഫുട്‌ബോള്‍ മേള 2017 മെയ് 29 മുതല്‍ ജൂണ്‍ 4 വരെ ഉഴവൂര്‍ ഒ.എല്‍.എല്‍. ഹയര്‍സെക്കന്ററി മൈതാനിയില്‍ നടക്കും. സീനിയര്‍ ടീമുകള്‍ക്കായുള്ള അഖില കേരളാ ടൂര്‍ണ്ണമെന്റിനൊപ്പമാണ് 20 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അണ്ടര്‍ 19 ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റും സംഘടിപ്പിച്ചിരിക്കുന്നത്. വളര്‍ന്നു വരുന്ന ഫുട്‌ബോള്‍ പ്രതിഭകള്‍ക്കും തങ്ങളുടെ പ്രകടന മികവ് കാഴ്ച്ചവെയ്ക്കുന്നതിനുള്ള വേദി ഒരുക്കുക എന്ന ഉദ്യേശ്യത്തോടെയാണ് ഈ വര്‍ഷം മുതല്‍ അണ്ടര്‍ – 19 ടൂര്‍ണ്ണമെന്റു കൂടി സംഘടിപ്പിച്ചിരിക്കുന്നത്. പങ്കെടുക്കുന്ന ടീമുകളിലുള്ളവര്‍ പ്രായം തെളിയിക്കുന്നതിനായി ആധാര്‍ കാര്‍ഡിന്റെ കോപ്പി കൂടി കൊണ്ടുവരേണ്ടതാണ്. 1998 ജനുവരി 1 ആണ് ടീമില്‍ ഉള്‍പെടുന്നതിനുള്ള പ്രായപരിധി.
ഒന്നാം സമ്മാനം ലഭിക്കുന്ന ടീമിന് സി.പി.ഐ. ഉഴവൂര്‍ ലോക്കല്‍ കമ്മറ്റിയുടെ മുന്‍ സെക്രട്ടറിയും പാലാ മണ്ഡലം കമ്മറ്റിയംഗവുമായിരുന്ന ഉഴവൂരിലെ പ്രമുഖ പൊതു പ്രവര്‍ത്തകനായിരുന്ന സ. സി.ആര്‍. നാരായണന്റെ ഓര്‍മ്മയ്ക്കായി കുടുംബാംഗങ്ങള്‍ ഏര്‍പെടുത്തിയിരിക്കുന്ന ഓവറോള്‍ ട്രോഫിയും, 7001 രൂപാ ക്യാഷവാര്‍ഡും നല്‍കും. രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് കല്‍ക്കത്തായിലെ ആര്‍.എം.ആര്‍.എല്‍. ഹോസ്പിറ്റലിലുണ്ടായ തീപിടുത്തത്തില്‍ തന്റെ ചുമതലയിലുണ്ടായിരുന്ന മുഴുവന്‍ രോഗികളേയും രക്ഷപെടുത്തുന്നതിനിടയില്‍ വീരമൃത്യൂ വരിച്ച രമ്യാ രാജപ്പന്റെ ഓര്‍മ്മയ്ക്കായി യു.എഫ്.സി. ഏര്‍പെടുത്തിയിരിക്കുന്ന എവറോളിംഗ് ട്രോഫിയും, സജി ചിരട്ടോലിക്കല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 3001 രൂപയും സമ്മാനമായി ലഭിക്കും.
സീനിയര്‍ ടൂര്‍ണ്ണമെന്റില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് കുര്യന്‍ കൈമാരിയേല്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും, 25001 രൂപ ക്യാഷവാര്‍ഡും നല്‍കും, രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് സജി പള്ളിക്കുന്നേല്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 15001 രൂപ ക്യാഷവാര്‍ഡും നല്‍കും. ദിവസവും വൈകിട്ട് 4 മുതല്‍ 9 വരെ ഇരുവിഭാഗത്തിലേയുമായി 5 മത്‌സരങ്ങള്‍ നടത്തപെടും.