ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: മുംബൈയില്‍ നിന്നും ഗോവയിലേക്കുള്ള ആദ്യ യാത്രയില്‍ തന്നെ തേജസ് എക്സ്പ്രസിലെ ഹെഡ്ഫോണുകള്‍ മോഷ്ടിച്ച യാത്രക്കാര്‍ സീറ്റിന് പിന്നിലുള്ള എല്‍.സി.ഡി സ്ക്രീന്‍ കേടാക്കുകയും ചെയ്തു. ട്രെയിന്‍ വൃത്തികേടാക്കിയുമാണ് ആദ്യ യാത്രയിലെ യാത്രക്കാര്‍ ട്രെയിന്‍ വിട്ടത്. ഉന്നത നിലവാരമുള്ള ഹെഡ് ഫോണുകള്‍ ആദ്യ യാത്രയക്ക് ശേഷം ട്രെയിനില്‍ നിന്ന് മോഷണം പോയതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. എല്‍ഇഡി സ്ക്രീനുകള്‍ പലതും പോറല്‍ വീണ നിലയിലുമാണ്. ഛത്രപതി ശിവജി ടെര്‍മിനലില്‍ നിന്നും തിങ്കളാഴ്ചയാണ് തേജസ് എക്സ്പ്രസ് യാത്ര ആരംഭിച്ചത്. 200 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാവുന്ന തേജസ് എക്സ്പ്രസില്‍ മറ്റൊരു ട്രെയിനിലുമില്ലാത്ത ആഢംബര സംവിധാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
ഓരോ സീറ്റിന് പിറകിലും വിമാനത്തിലുള്ളതു പോലുള്ള എല്‍.സി.ഡി സ്ക്രീന്‍ സൗകര്യമാണ് ഇതില്‍ എടുത്ത് പറയേണ്ട പ്രധാന കാര്യം. ഓട്ടോമാറ്റിക് ഡോറുകള്‍, വൈഫൈ സൗകര്യം, കാപ്പിയും ചായയുമുണ്ടാക്കാന്‍ പ്രത്യേകം വെന്‍ഡിംഗ് മെഷീനുകള്‍, പ്രശസ്ത പാചക വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഭക്ഷണ ശാല, എന്നിവയും തേജസിന്റെ പ്രത്യേകതകളാണ്. എന്നാല്‍ ട്രെയിന്‍ കൃത്യമായി ശുചിയാക്കുന്നില്ലെന്ന് ഒരു യാത്രക്കാരന്‍ പരാതിപ്പെട്ടു. ശുചിമുറികള്‍ പലതും വൃത്തിയാക്കുന്നില്ല. ഉദ്ഘാടന യാത്രയിലെ ഭക്ഷണം നിലവാരമില്ലാത്തതായിരുന്നുവെന്നും അയാള്‍ പരാതിപ്പെട്ടു.