ജോണ്‍സണ്‍ ചെറിയാന്‍.
ആറന്മുള: ദേശീയ മൊത്ത വിലസൂചികയില്‍ ഭക്ഷ്യവിഭവങ്ങളുടെ കൂട്ടത്തില്‍ ചക്കയും ഇടം നേടി. കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യവ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വ്യവസായപ്രോത്സാഹന വകുപ്പിലെ സാമ്പത്തിക ഉപദേശക ഓഫീസാണ് പുതുക്കിയ മൊത്ത വിലസൂചിക പ്രസിദ്ധപ്പെടുത്തുന്നത്.
സൂചികയുടെ അടിസ്ഥാന വര്‍ഷം അടുത്തിടെ പരിഷ് കരിച്ച് 2011 – 2012 വര്‍ഷം അടിസ്ഥാന വര്‍ഷമായി പ്രഖ്യാപിച്ചിരുന്നു. അടിസ്ഥാന വര്‍ഷത്തിലെ മാറ്റത്തോടൊപ്പം സൂചികയില്‍ പുതുതായി 199 ഇനങ്ങള്‍ പുതുതായി ചേര്‍ക്കുകയും ചെയ് തു. ഇപ്പോള്‍ 697 ഇനങ്ങളാണ് മൊത്ത വിലസൂചികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ ഭക്ഷ്യവിഭവങ്ങളുടെ പട്ടികയിലാണ് ചക്ക ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സര്‍ക്കാരിന്റെയും മറ്റ് സാമ്പത്തിക നിര്‍ണ്ണയ സമിതികളുടെയും സാമ്പത്തിക സൂചികകള്‍ നിര്‍ണ്ണയിക്കുന്നതില്‍ മൊത്തവിലസൂചികയ് ക്ക് വലിയ പങ്കാണുള്ളത്. ചുരുക്കത്തില്‍ ചക്ക ദേശീയ ഭക്ഷ്യ വിഭവമായി മാറിയെന്ന് പറഞ്ഞാലും തെറ്റില്ല. 2015 ലും ഇക്കഴിഞ്ഞ ഏപ്രിലിലും ആറന്മുളയില്‍, ആറന്മുള പൈതൃക ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ചക്ക മഹോത്സവം നടത്തി ചക്കയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.
ആറന്മുള സമരസമിതിയുടെ നേതാവുകൂടിയായ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വിവിധ മന്ത്രാലയങ്ങളില്‍ ചക്കയെ ഭക്ഷ്യവിഭവം എന്ന നിലയില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നിവേദനങ്ങളുടെ ഫലമായാണ് ചക്ക ദേശീയ മൊത്ത വിലസൂചികയില്‍ ഇടം നേടിയതെന്ന് ആറന്മുള ചക്ക മഹോത്സവം ചെയര്‍മാന്‍ അജയകുമാര്‍ വല്യുഴത്തില്‍ പറഞ്ഞു.
ആറന്മുളയില്‍ ചക്കയുടെ ഭക്ഷ്യഗവേഷണ കേന്ദ്രം ആരംഭിക്കുന്നതിനുള്ള അപേക്ഷയും കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്