ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലെത്തി നില്‍ക്കെ വാര്‍ഷികാഘോഷങ്ങള്‍ക്കായി ഗംഭീര പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 900 നഗരങ്ങളില്‍ മോഡി ഫെസ്റ്റ് നടത്തുമെന്ന് ടെക്സ്‌റ്റൈല്‍ വകുപ്പ് മന്ത്രി സ്മൃതി ഇറാനി അറിയിച്ചു. ”മേക്കിങ് ഓഫ് ഡെവലപ്ഡ് ഇന്ത്യ ഫെസ്റ്റ്”എന്നതിന്റെ ചുരുക്കെഴുത്താണ് മോഡി ഫെസ്റ്റ്. മോഡി ഭരണത്തിന്റെ അഖിലേന്ത്യാ ആഘോഷമാണ് ബിജെപി ലക്ഷ്യമിടുന്നത്. നരേന്ദ്രമോഡി ഗവണ്മെന്റിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള ആഘോഷങ്ങളാണ് ‘മോഡി’ . അസമിലെ ഗുവാഹത്തിയില്‍ മെയ് 26ന് മോഡി പരിപാടി ഉദ്ഘാടനം ചെയ്യും. ജൂണ്‍ 15 വരെ നീളുന്ന പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.
മോഡി ഗവണ്മെന്റിന്റെ വിവിധ പദ്ധതികളെപ്പറ്റി സാധാരണ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ 900 നഗരങ്ങളിലാണ് പരിപാടി നടക്കുക. മന്‍കി ബാത് പ്രഭാഷണ മാതൃകയില്‍ ജന്‍ കി ബാത് എന്ന പരിപാടിയും സംഘടിപ്പിക്കും. മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ബിജെപി മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും സന്ദര്‍ശിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിഹാറും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കര്‍ണാടകയും ഒഡിഷയും സന്ദര്‍ശിച്ച് കേന്ദ്രത്തിന്റെ പ്രവര്‍ത്തനനേട്ടങ്ങള്‍ വിശദീകരിക്കും. അമിത് ഷാ കേരളം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ഛത്തീസ്ഗഢ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. കേന്ദ്രമന്ത്രിമാരായ സുഷ്മാ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി എന്നിവര്‍ യഥാക്രമം ബോംബെ, ജയ്പൂര്‍, ഡല്‍ഹി, ലക്നൗ, അഹമ്മദാബാദ്, ഭുവനേശ്വര്‍, ഛത്തീസ്ഗഢ്, ചെന്നൈ, റാഞ്ചി എന്നിവിടങ്ങളില്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കും.
ബിജെപി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളെയാണ് പ്രധാനമായും മോഡി ഫെസ്റ്റ് ലക്ഷ്യമിടുന്നത്. യുവാക്കളെയാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ പദ്ധതികളുടെ വിവരണവും വിവിധ മൊബൈല്‍ ആപ്പുകളുടെയും സാങ്കേതിക വിദ്യകളുടെയും പരിചയപ്പെടുത്തലുമാണ് ഫെസ്റ്റില്‍ നടക്കുക.